പാലക്കാട്: കൊച്ചി- ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായുള്ള പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട് സിറ്റിക്കായുള്ള ആദ്യ ഗഡു ഈമാസം ലഭിച്ചേക്കും.
സ്മാര്‍ട് സിറ്റിക്കായി ഏറ്റെടുത്ത സ്ഥലം ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് സിഇഒയും മാനേജിങ് ഡയറക്ടറുമായ രജത് സാനിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം സന്ദര്‍ശിച്ചു. പുതുശേരി സെന്‍ട്രല്‍, പുതുശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നീ മൂന്നിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. കേന്ദ്ര വ്യവസായ മന്ത്രാലയം സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുമായി സംഘം ചര്‍ച്ച നടത്തിയശേഷമായിരിക്കും പദ്ധതിക്കുള്ള കേന്ദ്രവിഹിതം അനുവദിക്കുക.
പുതുശേരി സെന്‍ട്രല്‍ വില്ലേജില്‍ 1137 ഏക്കറും, വെസ്റ്റ് വില്ലേജില്‍ 240 ഏക്കറും, കണ്ണമ്പ്ര വില്ലേജില്‍ 313 ഏക്കറുമാണ് പദ്ധതിക്കായി ഏറ്റെടുത്തത്. 3806 കോടി രൂപ ചെലവില്‍ 1710 ഏക്കറിലാണ് വ്യവസായ സ്മാര്‍ട് സിറ്റി ഒരുങ്ങുക. 8729കോടിയുടെ നിക്ഷേപമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.പദ്ധതിക്കായി സംസ്ഥാനം നടത്തിയ ഒരുക്കങ്ങളും സ്വീകരിച്ച നടപടികളും കേന്ദ്രസംഘത്തിനു മുന്നില്‍ കിന്‍ഫ്ര പ്രതിനിധികള്‍ അവതരിപ്പിച്ചു. വ്യവസായ വികസനത്തിന് ഇവിടെ സാധ്യതകളേറെയാണെന്നും കേന്ദ്രസംഘം വിലയിരുത്തി.
സംസ്ഥാനം തയാറാക്കിയ ഡിപിആറില്‍ ഉള്‍പ്പെടെ സംഘം സംതൃപ്തി രേഖപ്പെടുത്തിയതായും ആദ്യഗഡു തുക ഈ മാസം തന്നെ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. കേന്ദ്രത്തില്‍നിന്ന് തുക അനുവദിക്കുന്ന മുറയ്‌ക്ക് അതിന് ആനുപാതികമായിട്ടായിരിക്കും ഇതിനായി രൂപീകരിച്ച പ്രത്യേകോദ്ദേശ്യ സ്ഥാപനമായ കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് (കെഐസിഡിസി) സംസ്ഥാനം ഭൂമി കൈമാറുക.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ്, കിന്‍ഫ്ര ജനറല്‍ മാനേജര്‍ ടി.ബി. അമ്പിളി, പാലക്കാട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് മാനേജര്‍ വി. മുരളീകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര സംഘത്തെ അനുഗമിച്ചു.
Discussion about this post