പുത്തൂര്‍: ‘സംഘ സംഘമൊരേ ജപം, ഹൃദയത്തുടിപ്പുകളാകണം…..’ മൂന്നര പതിറ്റാണ്ടിന്റെ സംഘജീവിതം, അവസാനിമിഷവും ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കവെ, പൂര്‍ണഗണവേഷത്തില്‍ വിടപറഞ്ഞ ആര്‍എസ്എസ് പുത്തൂര്‍ ഖണ്ഡ് പ്രൗഢ പ്രമുഖ് കുളക്കട കിഴക്ക് വാഴപ്പള്ളില്‍ പടിഞ്ഞാറ്റതില്‍ ടി.ആര്‍. ഹരികുമാറിന് (47) നാടിന്റെ അന്ത്യാഞ്ജലി.
തുരുത്തിലമ്പല ശാഖാ സ്വയംസേവകനായാണ് സമാജ സേവകനാവുന്നത്. ശാഖാ ഗഡനായക്, ശിക്ഷക്, മുഖ്യശിക്ഷക്, ശാഖാ കാര്യവാഹ്, കുളക്കട മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, സഹകാര്യവാഹ്, ബൗദ്ധിക് പ്രമുഖ് തുടങ്ങിയ ചുമതലകളില്‍ സജീവമായിരുന്നു. ഇപ്പോള്‍ പുത്തൂര്‍ ഖണ്ഡ് പ്രൗഢ പ്രമുഖ് ചുമതലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. വിജയദശമി മഹോത്സവ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഹരികുമാര്‍ പഥസഞ്ചലനത്തിലും പൂര്‍ണസമയം പങ്കെടുത്തിരുന്നു.
ഇതിനു ശേഷം കുടിവെള്ള വിതരണത്തിനിടെ കുഴഞ്ഞു വീണ ഹരികുമാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്ന് ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച വിലാപയാത്രയില്‍ വിവിധ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
തുടര്‍ന്ന് ഭൗതികദേഹം കുടുംബവീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി അഡ്വ. വയയ്‌ക്കല്‍ സോമന്‍, ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം വി. മുരളീധരന്‍, വിഭാഗ് ശാരീരിക് പ്രമുഖ് പി. അനില്‍കുമാര്‍ തുടങ്ങി രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഭാര്യ: ലതിക. മകള്‍: ദേവിക.
അനുസ്മരണ സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്ത സഹപ്രൗഢ പ്രമുഖ് ആര്‍. ബാഹുലേയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആര്‍. രശ്മി, ബ്ലോക്ക് പഞ്ചായത്തംഗം എ. അജി, വാര്‍ഡ് മെമ്പര്‍ എ. ഹരികൃഷ്ണന്‍, സിപിഐ ജില്ലാ സെക്രട്ടറിയേറ്റംഗം ടി. സുനില്‍കുമാര്‍, യുഡിഎഫ് കുളക്കട പഞ്ചായത്ത് കണ്‍വീനര്‍ പുവറ്റൂര്‍ സുരേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് നെല്ലിവിള വര്‍ഗീസ്, ആര്‍എസ്എസ് പുത്തൂര്‍ ഖണ്ഡ് കാര്യവാഹ് വിഷ്ണു, വിഭാഗ് കാര്യകാരി അംഗം ആര്‍. ബാബുകുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post