കോഴിക്കോട്: രാഷ്‌ട്രബോധമുള്ള മലയാളികള്‍ നെഞ്ചോടു ചേര്‍ത്തു വയ്‌ക്കുന്ന നിലപാടിന്റെ പേരാണ് ജന്മഭൂമിയെന്ന് പി ടി ഉഷ. ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഒരു പൗരാണിക രാഷ്‌ട്രത്തിന്റെ യശസുയര്‍ത്തി ദേശീയ പൈതൃകത്തില്‍ അടിയുറച്ചു നിന്ന് സ്വാഭിമാനത്തോടെ അതിന്റെ വൈഭവം സാക്ഷാല്‍ക്കരിക്കുന്നതിന് ജന്മഭൂമി അനവരതം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ദേശസ്‌നേഹികള്‍ക്ക് അഭിമാനമാണ്. ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷം ഉദ്ഘാടനചടങ്ങില്‍ ഉഷ പറഞ്ഞു.
ദേശീയതയില്‍ അടിസ്ഥാനപ്പെടുത്തിയ രാഷ്‌ട്ര പുനര്‍നിര്‍മിതിയുടെ അക്ഷരാര്‍പ്പണം ആയ പത്രമാണ് ജന്മഭൂമി. ഭാരതത്തിന്റെ ഭരണഘടനയുടെ കൈകാലുകള്‍ ബന്ധിച്ചുകൊണ്ട് പൗരാവകാശങ്ങളെ അപ്രസക്തമാക്കിയ അതി ഭയങ്കര കാലത്തു ഭരണകൂട ഭീകരതയെ ധൈര്യത്തിന്റെയും അടിപതറാത്ത മാധ്യമ ധര്‍മത്തിന്റെയും രാഷ്‌ട്രബോധത്തിന്റെയും നിലപാടുകളില്‍ ഉറച്ചുനിന്നു കൊണ്ട് വാക്കുകള്‍ സധൈര്യം അച്ചുനിരത്തി നേരിട്ട ധൈര്യത്തിന്റെ പേരുകൂടിയാണ് ജന്മഭൂമി. പിറന്ന വീണത് കാരാഗ്രഹത്തില്‍ ആണെന്ന ശ്രീകൃഷ്ണ ജനനം പോലെ തന്നെ ജന്മഭൂമിയുടെ പിറവിയും അക്ഷരങ്ങള്‍ക്ക് വിലങ്ങുവെച്ച അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പ് ആയിരുന്നു. ഈ സാഹചര്യത്തിലും അക്ഷര വിലക്കിനെ വെല്ലുവിളിച്ച് ദേശീയ ആദര്‍ശത്തിന്റെ , ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി ജന്മഭൂമി പ്രവര്‍ത്തിച്ചു.
ദേശവിരുദ്ധ ശക്തികളുടെയും ഭീകരവാദികളെ പിന്തുണക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും എല്ലാം പ്രചരിപ്പിച്ചിരുന്ന നുണപ്രചരണങ്ങളെ വ്യാജവാര്‍ത്തകളെ എല്ലാം തുറന്നുകാട്ടി സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും പക്ഷത്തുനിന്ന് കാലമത്രയും പൊരുതിയതിന്റെ ചരിത്രമാണ് ജന്മഭൂമിക്കുള്ളത്.
ഭാരതം പുതിയ ഉയരങ്ങളിലേക്ക് നടന്നടുക്കുന്ന ഒരു ഘട്ടത്തിലാണ് ജന്മഭൂമിയുടെ സുവര്‍ണ ജയന്തി ആഘോഷങ്ങള്‍. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്ക് രാജ്യം നടന്നടുക്കുമ്പോള്‍ ജന്മഭൂമി കൂടുതല്‍ കടമകള്‍ നിര്‍വഹിക്കേണ്ടതുണ്ട്. പുതിയ തലമുറക്ക് മുമ്പില്‍ വേണ്ടപോലെ ഉയര്‍ത്തിക്കാട്ടാത്ത ആയിരക്കണക്കിന് വര്‍ഷത്തെ പ്രൗഢോജ്ജ്വലമായ പൗരാണിക ഭാരതത്തിന്റെ ചരിത്രം , വ്യത്യസ്ത മേഖലകളില്‍ നമുക്കുണ്ടായിരിക്കുന്ന പുരോഗതി, ഇടക്കാലത്ത് കയറിവന്ന അധിനിവേശ ശക്തികള്‍ തുടച്ചു നീക്കാന്‍ ശ്രമിച്ച ഭാരത രാഷ്‌ട്രത്തിന്റെ ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പൗരുഷത്തിന്റെയും എല്ലാമുള്ള കൃത്യമായ ചരിത്രം.ഇവയെല്ലാം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരാന്‍ അതില്‍ അഭിമാനിക്കുന്ന ഒരു പുതിയ ഭാരതീയ സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഇതിനെല്ലാം ജന്മഭൂമിയുടെ പ്രവര്‍ത്തനങ്ങളിലൂടെ കഴിയണം- സംഘാടക സമിതി അധ്യക്ഷകൂടിയായ ഉഷ പറഞ്ഞു.
Discussion about this post