പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മാറ്റി. കൽപ്പാത്തി രഥോത്സവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തിയതി മാറ്റിയത്. ഈ മാസം 20 നാണ് പാലക്കാട് തെരഞ്ഞെടുപ്പ് നടക്കുക. നേരത്തെ ഈ മാസം 13 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. അതേസമയം വോട്ടെണ്ണൽ തിയതിയിൽ മാറ്റമില്ല. 23 ന് തന്നെ വോട്ടെണ്ണൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 14 മണ്ഡലങ്ങളിലെ തെരെഞ്ഞെടുപ്പ് തീയതിയും മാറ്റിയിട്ടുണ്ട്. വിവിധ സാമൂഹ്യ, സാംസ്കാരിക, മതപരമായ സാഹചര്യങ്ങൾ പരിഗണിച്ചാണ് തീയതി മാറ്റിക്കൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ വിവിധ രാഷ്‌ട്രീയ പാർട്ടികൾ കൽപ്പാത്തി രഥോത്സവത്തിന്റെ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. പാലക്കാട്ടിലെ പ്രധാന ആഘോഷപരിപാടികളിൽ ഒന്നാണ് കൽപ്പാത്തി രഥോത്സവം. അന്നേ ദിവസം പ്രാദേശിക അവധിയാണ്. ഈ ദിനത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് തീയതി മാറ്റിയത്.
Discussion about this post