തിരുവനന്തപുരം: മുനമ്പം ഉയര്‍ത്തുന്ന വെല്ലുവിളി ഏറെ ഉത്കണ്ഠയുളവാക്കുന്നതാണെന്ന് പ്രമുഖ നിരൂപകനും എഴുത്തുകാരനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍. അറുനൂറ്റിപ്പത്തോളം കുടുംബങ്ങളെ അവര്‍ വസിക്കുന്ന കടലോര ഗ്രാമത്തില്‍ നിന്നു കുടിയിറക്കുകയാണ്. ആ ഹതഭാഗ്യരുടെ കണ്ണീരും പ്രതിഷേധവും അവഗണിക്കാനാകില്ല. രാജ്യത്ത് നിയമങ്ങളുണ്ടാക്കുന്നത് ഭരണകൂടങ്ങളും അവ പരിരക്ഷിക്കേണ്ടത് കോടതികളുമാണ്. കോടതികള്‍ക്കും സര്‍ക്കാരിനും അതീതമായി മറ്റൊരു സ്ഥാപനത്തിനും പ്രവര്‍ത്തിക്കാനാകില്ല.
എന്തു ബോര്‍ഡായാലും അങ്ങനെ ചെയ്യാനനുവദിക്കുന്നത് ജനാധിപത്യവിരുദ്ധവും കടുത്ത അനീതിയുമാണ്, അദ്ദേഹം ജന്മഭൂമിയോടു പറഞ്ഞു.
ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുനമ്പത്തെ സാധാരണക്കാരുടെ പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കോടതിക്കു മുകളില്‍ മറ്റൊരു കോടതിയാകുന്ന ഒരു സംവിധാനത്തെയും അംഗീകരിക്കാനാകില്ല. ആ തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണം. ജനകീയ സംവിധാനത്തെ ചോദ്യം ചെയ്യാതെ സ്‌നേഹാന്തരീക്ഷമുണ്ടാക്കാനും അതുവഴി ജനജീവിതം സന്തോഷകരവും സമാധാന പൂര്‍ണവുമാക്കാനും ഭരണകൂടം ശ്രദ്ധിക്കണം. ഭയപ്പെടുത്തി ജനാധിപത്യത്തിനതീതമായി കാര്യങ്ങള്‍ നടത്താമെന്നു വിചാരിക്കുന്നത് ശരിയല്ല. ഇത്തരക്കാര്‍ക്കു മുന്നറിയിപ്പാകണം മുനമ്പത്തെ നിയമ ഭരണ നടപടികള്‍. മുനമ്പത്തെ പാവപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു, ഡോ. ജോര്‍ജ് ഓണക്കൂര്‍ തുടര്‍ന്നു.
Discussion about this post