ശബരിമല: സന്നിധാനത്തെ ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ഉപയോഗിക്കുന്ന പാല്‍ സന്നിധാനത്തെ ഗോശാലയില്‍ നിന്ന്. വെച്ചൂരും ജഴ്‌സിയുമടക്കം വിവിധ ഇനങ്ങളിലുള്ള 25 പശുക്കളാണ് ഗോശാലയിലുള്ളത്. പശ്ചിമബംഗാള്‍ സ്വദേശി ആനന്ദ് സാമന്തോ ആണ് ഒന്‍പതുവര്‍ഷമായി ഗോശാലയുടെ പരിപാലകന്‍. പുലര്‍ച്ചെ ഒന്നരയോടെ ഗോശാല ഉണരും. രണ്ടു മണിക്ക് ആചാര, വഴിപാടുകള്‍ക്കുള്ള പാല്‍ സന്നിധാനത്ത് എത്തിക്കുമെന്നും ആനന്ദ് പറഞ്ഞു.
ഉച്ചകഴിഞ്ഞ് രണ്ടിനും പാല്‍ സന്നിധാനത്ത് എത്തിക്കും. പശുക്കളില്‍ അഞ്ചെണ്ണം വെച്ചൂര്‍ ഇനത്തിലുള്ളതും ബാക്കി ജഴ്‌സി, എച്ച്.എഫ്. ഇനത്തിലുള്ളതുമാണ്. ഇവയെല്ലാം ഭക്തര്‍ ശബരീശന് സമര്‍പ്പിച്ചതാണ്. പശുക്കളെ കൂടാതെ ഭക്തര്‍ സമര്‍പ്പിച്ച 18 കോഴികളും ഒരു ആടും ഗോശാലയിലുണ്ട്. വൃത്തിയോടും ശ്രദ്ധയോടുമാണ് പശുക്കളെ പരിപാലിക്കുന്നത്. ഫാനും ലൈറ്റുമടക്കം ഇവയ്‌ക്ക് എല്ലാ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
അതേസമയം പമ്പയിലും സന്നിധാനത്തും നിലയ്‌ക്കലിലുമായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അന്നദാനമണ്ഡപങ്ങളിലൂടെ ഇതുവരെ അന്നമൂട്ടിയത് 3.52 ലക്ഷം പേര്‍ക്ക്. സന്നിധാനത്ത് 2.60 ലക്ഷം തീര്‍ഥാടകര്‍ക്കും നിലയ്‌ക്കലില്‍ 30,000 പേര്‍ക്കും പമ്പയില്‍ 62,000 പേര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കി.
അന്നദാനമണ്ഡപങ്ങളിലൂടെ ദിവസം മൂന്നുനേരമാണ് ഭക്ഷണം നല്‍കുന്നത്. രാവിലെ 6.30 മുതല്‍ 11 വരെയാണ് പ്രഭാതഭക്ഷണം. 11.45 മുതല്‍ ഉച്ചകഴിഞ്ഞ് നാലുവരെയാണ് ഉച്ചഭക്ഷണ സമയം. വൈകിട്ട് 6.30 മുതല്‍ അര്‍ധരാത്രി വരെ രാത്രിഭക്ഷണം സമയം. ഭക്ഷണം പാകം ചെയ്യുന്നതിന് ആധുനിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നു. 200 പേരാണ് സന്നിധാനത്ത് അന്നദാനമണ്ഡപത്തില്‍ ജോലിയിലുള്ളത്. പമ്പയില്‍ 130 പേര്‍ക്കും സന്നിധാനത്ത് 1000 പേര്‍ക്കും നിലയ്‌ക്കലില്‍ 100 പേര്‍ക്കും ഒരേസമയമിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.
Discussion about this post