കൊച്ചി: ബംഗ്ലാദേശിലെ ഹിന്ദുക്കളടങ്ങുന്ന ന്യൂനപക്ഷത്തെ സംരക്ഷിക്കണമെന്നും അവിടെ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതെന്നും ശിവഗിരി മഠത്തിലെ ആചാര്യന്‍ ശിവസ്വരൂപാനന്ദ സ്വാമികള്‍. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ എറണാകുളം ഹൈക്കോര്‍ട്ട് ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നടന്ന പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശില്‍ നിന്നുള്ള വാര്‍ത്തകളെല്ലാം ഏറെ വേദനിപ്പിക്കുന്നതാണ്. എക്കാലത്തും എല്ലാ ജാതി മതസ്ഥരെയും തങ്ങളുടെ മടിത്തട്ടിലേക്ക് സ്വാഗതം ചെയ്തിട്ടുള്ളവരാണ് ഹൈന്ദവര്‍. മതപരിവര്‍ത്തനത്തിനോ അതുപോലെ മനുഷ്യഹത്യക്കോ വേണ്ടി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സന്ദേശവുമായി ഒരു സ്ഥലത്തേക്ക് ഹൈന്ദവര്‍ യാത്ര ചെയ്തിട്ടില്ല. ബംഗ്ലാദേശില്‍ ഹൈന്ദവര്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്നും ശിവസ്വരൂപാനന്ദ സ്വാമികള്‍ പറഞ്ഞു.
അത്യന്തം വേദനയോടെയാണ് ഈ സമ്മേളനത്തിന് എത്തിയിരിക്കുന്നതെന്ന് പ്രതിഷേധ ജ്വാലയില്‍ മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു പറഞ്ഞു. സമ്പൂര്‍ണ്ണ ഇസ്ലാം രാഷ്ട്രത്തിനാണ് ബംഗ്ലാദേശില്‍ ശ്രമം നടക്കുന്നത്. അവിടെ വിഷയമുണ്ടാക്കുന്ന ജമാത്തെ ഇസ്ലാമിയുടെ പേര് പറയാന്‍ പോലും വോട്ടുബാങ്ക് ഭയന്ന് സിപിഎമ്മും കോണ്‍ഗ്രസും തയ്യാറാകുന്നില്ല, ഇരുവര്‍ക്കും ഭയമാണെന്നും ആര്‍.വി. ബാബു പറഞ്ഞു.
എറണാകുളം ബംഗ്ലാദേശ് മത ന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതി നടത്തിയ യോഗത്തില്‍ ശബരിമല കര്‍മ്മസമിതി ജന. കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ അധ്യക്ഷനായി. കാസ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്റര്‍, എറണാകുളം കരയോഗം ജന. സെക്രട്ടറി പി. രാമചന്ദ്രന്‍, സണ്‍ ഇന്ത്യ ജില്ലാ പ്രസിഡന്റ് എം.പി. ജെയ്‌സണ്‍, ബ്രാഹ്‌മസഭ സംസ്ഥാന വൈസ് പ്രസിഡന്റ് അനന്തസുബ്രഹ്‌മണ്യം, കുടുംബി ഫെഡറേഷന്‍ സംസ്ഥാന ജന. സെക്രട്ടറി എസ്. സുധീര്‍, ആര്‍എസ്എസ് ജില്ലാ സംഘചാലക് അഡ്വ. പി. വിജയകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ എസ്. ഷൈജു, ബിഎംഎസ് ജില്ലാ ജന. സെക്രട്ടറി ധനീഷ് നീറിക്കോട്, ബിജെപി ജില്ലാ ട്രഷറര്‍ ശ്രീക്കുട്ടന്‍ തുണ്ടത്തില്‍, വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറി അബിനു സുരേഷ് എന്നിവര്‍ സംസാരിച്ച് വിഷയത്തില്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിച്ചു.
എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സംവിധാകന്‍ മേജര്‍ രവി ഉദ്ഘാടനം ചെയ്തു. ഇത്തരമൊരു പ്രതിഷേധം വേറിട്ടതാണെന്നും ഇതിനായി മുന്നിട്ടിറങ്ങിയ എല്ലാവര്‍ക്കും അദ്ദേഹം അഭിവാദ്യങ്ങളും ആശംസകളും അറിയിച്ചു. നൂറ് കണക്കിന് പേര്‍ പങ്കെടുത്ത പ്രകടനം ഹൈക്കോടതി ജങ്ഷനില്‍ എത്തിയശേഷമാണ് യോഗം ആരംഭിച്ചത്.
Discussion about this post