കൊച്ചി: പരിവർത്തനം സംഭവിക്കേണ്ടത് ആദ്യം ആശയ രൂപത്തിലാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. ആശയത്തിൽ ജനങ്ങൾക്ക് സ്പഷ്ടത വരുമ്പോളാണ് മാറ്റം സാധ്യമാകുന്നത്. ജനങ്ങളുടെ കാഴ്ചപ്പാടിൽ പരിവർത്തനം വരുമ്പോളാണ് മാറ്റങ്ങൾ തുടങ്ങുന്നതെന്നും പിന്നീടാണ് മഹത്തായ പരിവർത്തനങ്ങൾ സമൂഹത്തിൽ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം എറണാകുളം ജില്ലാ സമിതി ഓഫീസ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്ര താല്പര്യത്തെ ഹനിക്കുന്ന തലത്തിലുള്ള ധാരാളം ആഖ്യാനങ്ങൾ ഉണ്ടായികൊണ്ടിരിക്കുകയാണ്, ലോകതലത്തിൽ തന്നെ ഒരു ആശയ സംഘർഷം നടക്കുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക , സൈനിക ശക്തിയായി മാറി. തൊട്ടടുത്ത് നിൽക്കുന്ന ചൈനയാണ് ഇനി മുന്നോട്ടു പോകുന്നതെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. ഏകാധിപത്യത്തിലാണ് ചൈനയിൽ എല്ലാ കാര്യങ്ങളും നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാളെ ജനങ്ങൾക്ക് അല്പം സ്വാതന്ത്ര്യം കിട്ടിയാൽ ചൈന ഒരു രാജ്യമായിപോലും നിലനിൽക്കുമോയെന്ന് സംശയമാണ്. അത്രമാത്രം ആളുകൾ അവിടെ അസ്വസ്ഥരാണ്. ഭാരതമാണ് ഉയരത്തിലേക്ക് കുതിക്കുന്ന രാജ്യം. ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിൽ നമ്മൾ 75 വർഷം യാത്ര ചെയ്തവരാണ്. ഭാരതം സാമ്പത്തിക വളർച്ചയിൽ 5ാം സ്ഥാനത്ത് എത്തിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതത്തിന്റെ വളർച്ചയിൽ അസ്വസ്ഥരായി പലരും ലോകത്തുണ്ട്. മറ്റുളവരെക്കുറിച്ച് ചിന്തിക്കുന്നതും മറ്റുള്ളവരെ പരിഗണിക്കുന്നതുമാണ് ധർമം. മറ്റുള്ളവരെന്ന് പറയുമ്പോൾ അത് അയല്പക്കമാകാം ഗ്രാമത്തിലെ ആളുകളാകാം സംസ്ഥാനമാകാം രാഷ്ട്രമാകാം ലോകമാകാം, ലോകത്തിന്റെ ക്ഷേമത്തെ ചിന്തിച്ചു കൊണ്ടാരാണോ പ്രവർത്തിക്കുന്നത് അതാണ് ധർമമെന്ന് ആർ. സഞ്ജയൻ പറഞ്ഞു.
പുല്ലേപ്പടി കൃഷ്ണസ്വാമി റോഡിലെ ബീറ്റ പ്ലാസയിലാണ് ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചത്. ചടങ്ങിൽ ആർ എസ് എസ് ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദർശനൻ, വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് സി.എം ജോയ്, സെക്രട്ടറി പി എസ് അരവിന്ദാക്ഷൻ നായർ തുടങ്ങി വിവിധ സ്ഥാനീയ സമിതി ഭാരവാഹികൾ എന്നിവർ സന്നിഹിതരായി.
Discussion about this post