ലഹരി ഉപയോഗം ഇന്നത്തെ കാലത്ത് മാത്രമല്ല സമൂഹിക വിപത്തായി വന്നിട്ടുള്ളത്. പണ്ട് സ്‌കൂളിലോ കോളജിലോ പഠിച്ചിരുന്ന കാലത്ത് ചില പ്രത്യേക സ്വഭാവം ഉള്ളവരെ കാണുമ്പോള്‍ വീട്ടുകാരും സുഹൃത്തുക്കളും പറയും അവന്‍ കഞ്ചാവാണെന്ന്. അവരുമായി ഇടപഴകാതിരിക്കുക എന്നതാണ് അപ്പോള്‍ നമ്മള്‍ ചെയ്യുന്ന കാര്യം. അവര്‍ കഞ്ചാവുപയോഗിച്ച് സ്വയം നശിക്കുന്നുവേന്നേയുള്ളൂ. സാമൂഹ്യവിപത്താണോ എന്ന് ചോദിച്ചാല്‍ ആണ്. ഒരു വ്യക്തി നശിക്കുകയാണ്. അപ്പോള്‍ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. മറ്റുള്ളവരുടെ സ്വസ്ഥ ജീവിതത്തെ അതൊരിക്കലും ബാധിക്കുന്നുണ്ടായിരുന്നില്ല എന്നതൊരു വസ്തുതയാണ്. ഇന്ന് അങ്ങനെയല്ല. സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരേയും നശിപ്പിക്കുന്ന വിധത്തില്‍ ലഹരി ഉപയോഗം സമൂഹത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് കാരണം കുടുംബത്തിന്റെ ശിഥിലീകരണം ആണോ എന്ന് ചോദിച്ചാല്‍ അതിനും വലിയൊരു പങ്കുണ്ട്. കൂട്ടുകുടുംബം ആയിരുന്ന സമയത്ത് അല്ലെങ്കില്‍ കുടുംബത്തില്‍ അംഗങ്ങള്‍ കൂടുതലുണ്ടായിരുന്ന സമയത്ത്, അച്ഛനും അമ്മയ്ക്കും സമയം ഇല്ലെങ്കില്‍ പോലും രണ്ടോ മൂന്ന് വയസ്സ് വ്യത്യാസം ഉള്ള സഹോദരങ്ങള്‍ അവരുടേതായ ഉത്തരവാദിത്തം എടുത്തിരുന്നു. ഇളയ സഹോദരങ്ങളുടെ കാര്യങ്ങള്‍ നോക്കിയിരുന്നു. ഇന്ന് അങ്ങനെയല്ല. പണ്ട് സ്‌കൂളില്‍ നിന്ന് വന്ന ശേഷം അവര്‍ക്ക് കളിക്കാന്‍ കുറച്ച് സമയം കിട്ടുമായിരുന്നു. വൈകുന്നേരം കുളിച്ചു വന്ന് നാമം ജപിക്കുക, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക, സ്‌കൂളിലെ കാര്യങ്ങള്‍ സംസാരിക്കുക, പഠിക്കുക, പിന്നീട് ഉറങ്ങുക ഇതൊരു ജീവിത രീതിയായിരുന്നു. അതെല്ലാം സംസ്‌കാരത്തിന്റെ, പാരമ്പര്യത്തിന്റെ, തനിമയുടെ ഭാഗമായിരുന്നു. ഇന്ന് ഇത് പറയുന്നത് പോലും പ്രശ്‌നമാണ്.
ആര്‍എസ്എസ് സര്‍സംഘചാലക് ചെറുകോല്‍പ്പുഴയില്‍ വച്ച് വീടുകളില്‍ ആഴ്ചയിലൊരിക്കലെങ്കിലും ഒരുമിച്ചിരുന്ന് ഭക്ഷണം പാകം ചെയ്ത്, ഒന്നിച്ച് പ്രാര്‍ത്ഥിച്ച്, ഒന്നിച്ച് ഭക്ഷണം കഴിച്ച്, പ്രാദേശിക വസ്ത്രം ധരിച്ച് ഒന്നുചേരണം എന്ന് പറഞ്ഞപ്പോള്‍ അത് പ്രാദേശിക വാദം അടിച്ചേല്‍പ്പിക്കാനാണെന്ന് പറഞ്ഞ് അടുപ്പ് കൂട്ടി ചര്‍ച്ച നടുന്ന സ്ഥലമാണിത്. ഏത് കാര്യത്തേനയും വിമര്‍ശിക്കുന്ന ഒരു ആള്‍ക്കൂട്ടമിവിടെയുണ്ട്.
പണ്ട് തെറ്റായ മാര്‍ഗ്ഗത്തിലേക്ക് പോകാതെ നോക്കുന്നതിനുള്ള ഒരു സംവിധാനം നമുക്കുണ്ടായിരുന്നു. അത് അമ്മൂമ്മ, അപ്പൂപ്പന്‍ തുടങ്ങിയ നിരീക്ഷണ ക്യാമറകളായിരിക്കും. ചിലപ്പോള്‍ അയല്‍പക്കത്തെ ചേച്ചിയായിരിക്കാം. ഇന്ന് ഈ ബന്ധങ്ങളെല്ലാം ചുരുങ്ങി. ഇന്ന് ന്യൂക്ലിയര്‍ കുടുംബങ്ങളും സൂപ്പര്‍ ന്യൂക്ലിയസ് കുടുംബങ്ങളുമായി. അയല്‍പക്കത്തുള്ളവരുമായി വലിയ അടുപ്പമില്ലാതായി. ഇതൊക്കെക്കൊണ്ട് കുട്ടികളില്‍ അന്തര്‍മുഖത്വം കൂടാനുള്ള സാധ്യതയുണ്ട്. അമിത ഭാരമാണ് പല കുട്ടികള്‍ക്കും സിലബസിന്റെ ഭാഗമായി അവരുടെ പാഠ്യ പദ്ധതിയിലുള്ളത്. ഈ സമ്മര്‍ദ്ദമെന്നത് ഒരു വാസ്തവമാണ്. സൈക്കോളജിസ്റ്റുകളുടെ മുന്നില്‍ വരുന്ന കുട്ടികള്‍ പലപ്പോഴും ആവശ്യപ്പെടുന്നത് അവരുടെ സ്‌കൂളുകളില്‍ ഒരു സ്ഥിരം കൗണ്‍സലിങ് സിസ്റ്റം ഉണ്ടാകണമെന്നാണ്. കുട്ടികള്‍ക്ക് അവര്‍ക്ക് താങ്ങാനാവാത്ത സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ട്. അതില്‍ നിന്നൊക്കെ ക്ഷപെടാന്‍ കുട്ടികള്‍ ശ്രമിക്കും. അങ്ങനെയുള്ള കുട്ടികളെ വളരെ വേഗം ചൂഷണം ചെയ്യാന്‍ സാധിക്കും. കുടുംബത്തിന്റെ ശിഥിലീകരണം കുട്ടികളെ ഒരു പരിധിവരെ ബാധിക്കുന്നുണ്ട്. രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ക്കൊപ്പം എത്ര സമയം ചിലവഴിക്കാന്‍ സാധിക്കുന്നുണ്ട്, അവര്‍ മുറിയടച്ചിരുന്ന് എന്താണ് ചെയ്യുന്നത്?, ്അവരുടെ ഏറ്റവും അടുത്ത 10 സുഹൃത്തുക്കള്‍ ആരാണ്? ഇതൊന്നും അറിയുന്നില്ലെങ്കില്‍ അതിനര്‍ത്ഥം അവര്‍ നല്ല രക്ഷിതാവ് അല്ലെന്നാണ്. ഏത് വിഷയവും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം കുട്ടിക്ക് നല്‍കുന്നുണ്ടോ എന്നതും ഒരു വസ്തുതയാണ്.
കുട്ടികളുടെ ഇടയില്‍ ലഹരി ഉപയോഗം, അതിക്രമം എന്നിവ വര്‍ധിക്കുന്നതിന് സിനിമ സ്വാധീനിക്കുന്നു എന്ന അഭിപ്രായത്തോട് വ്യക്തിപരമായി യോജിക്കുന്നില്ല. സിനിമ എന്നത് ഒരു സര്‍ഗ്ഗാത്മക ഇടമാണ്. നമ്മള്‍ പണം മുടക്കി സിനിമ കാണുന്നത് അതില്‍ കാണിക്കുന്ന എന്റര്‍ടെയിന്‍മെന്റ് എന്താണോ അത് കാണാമെന്ന വ്യവസ്ഥയോടെയാണ്. സിനിമ കണ്ടിട്ട് വേണ്ട ഒരാള്‍ക്ക് സമൂഹത്തില്‍ ഒരു കുറ്റകൃത്യം ചെയ്യാന്‍. നമ്മുടെ നാട്ടില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്ന സംഭവം ഉണ്ടായത് സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടല്ല. വിഷ കഷായം കൊടുത്ത് ആളെ കൊല്ലുന്നത് സിനിമ കണ്ടിട്ടല്ല. 51 വെട്ടുവെട്ടി ആളെ കൊന്നത് സിനിമയില്‍ നിന്ന് പ്രചോദനം ഉണ്ടായിട്ടല്ല. ഇതെല്ലാം പിന്നീട് സിനിമയില്‍ വന്നതാണ്. അത് ആദ്യം ഉണ്ടായത് സമൂഹത്തിലാണ്. സിനിമ എന്നത് സമൂഹത്തിന്റെ പ്രതിഫലനമാണ്. സിനിമ കണ്ടിട്ട് ആരെ എങ്കിലും കൊല്ലണം എന്ന് ചിന്തിക്കുന്നവരില്ല. അങ്ങനെ ചിന്തിക്കുന്ന ഒരാള്‍ക്ക് സിനിമയുടെ ആവശ്യവുമില്ല. സിനിമയെ ഇവിടെ കുറ്റം പറയുന്നത് ഭരണവര്‍ഗ്ഗമാണ്. മുഖ്യമന്ത്രിയടക്കം സിനിമയെ കുറ്റം പറയുന്നു. സിനിമയാണ് ഇവിടെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം എന്ന് പറഞ്ഞാല്‍ ,ഭരണാധികാരി തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് കൈ കഴുകി മാറി നില്‍ക്കുന്നുവെന്ന് അര്‍ത്ഥം. ഇവിടെ എക്‌സൈസ് ഉണ്ട്, പോലീസ് ഉണ്ട്, മറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനമുണ്ട്. ഇതിനെയെല്ലാം സജ്ജമാക്കുന്ന രീതിയിലുള്ള നിയമനിര്‍മാണമുണ്ട്. ഇവിടെ ലഹരി വേണ്ടുന്നവര്‍ക്ക് അത് ആവോളം കിട്ടുന്നുണ്ട്. അതിന്റെ കണ്ണികള്‍ പൂര്‍ത്തികരിക്കുന്നതിനും മുകളിലേക്ക് അന്വേഷിച്ച് ചെല്ലുന്നതിനും അധികാരികള്‍ ശ്രമിക്കുന്നില്ല. അല്ലെങ്കില്‍ മറ്റൊരു സ്വാധീനം അവിടെയുണ്ട്. ഈ ചോദ്യം ഭരണകര്‍ത്താക്കളുടെ അടുത്തേക്ക് വരുമ്പോള്‍ അതിന്റെ കാരണം സിനിമയാണെന്ന വരുത്തിത്തീര്‍ക്കുന്നു. സിനിമ കണ്ടാല്‍ പോസിറ്റീവ് പ്രതിഫലനങ്ങളും ഉണ്ടാകണം. അതുണ്ടാകുന്നില്ല.
ഇവിടെ നമുക്കൊരു ഭരണ സംവിധാനം ഉണ്ട്. ആ സംവിധാനം ഇവിടെ ചെയ്യുന്ന പ്രവൃത്തി ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ആനുപാതികം അല്ല. അവിടെയാണ് പ്രശ്‌നം. നമ്മുടെ നാട്ടില്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ ലഹരി വിരുദ്ധ പ്രതിരോധം എന്നത് ബോധവത്കരണമാണ്. പണ്ടു മുതലേ ബോധവത്കരിക്കുകയാണ്. ആ കാലം കഴിഞ്ഞു. ഇന്ന് നമ്മുടെ നാട്ടില്‍ ഒരു തലമുറയില്‍ ഉണ്ടായിരുന്ന ലഹരി അടുത്ത തലമുറയിലേക്ക് വരുമ്പോഴേക്കും സാമാന്യവത്കരിക്കുന്ന സ്ഥിതിയായി. ഇനി വേണ്ടത് ഉചിതമായ നടപടികളാണ്. ക്രിയാത്മകമായി എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഇവിടുത്തെ ഭരണ സംവിധാനങ്ങള്‍. നമ്മുടെ നാട്ടുകാര്‍ ഇതില്‍ അസ്വസ്ഥരാണ്. സര്‍ക്കാരിനെക്കൊണ്ട് കൊള്ളില്ലാത്തതുകൊണ്ടാണ് നാട്ടുകാര്‍ക്ക് ലഹരി വില്‍ക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന് ഫ്‌ളക്‌സ് വയ്‌ക്കേണ്ടി വരുന്നത്. മറുഭാഗം പ്രോഗ്രസീവ് ആകുന്നതിന് അനുസരിച്ച് നിയമ സംവിധാനങ്ങളും ചിന്തിക്കണം. ലഹരി ഉപയോഗവും ട്രാഫിക് നിയമലംഘനങ്ങളും നിയന്ത്രിക്കണമെങ്കില്‍ സര്‍ക്കാരിന്റെ ക്യാമറ വേണ്ട. ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നാട്ടുകാര്‍ക്ക് ഇത്ര രൂപ കിട്ടും എന്ന് പറഞ്ഞാല്‍ പല സാമൂഹിക പ്രശ്‌നങ്ങളും തീരും.
കുട്ടികളിലേക്ക് നല്ല ശീലങ്ങള്‍ കൊണ്ടുവരുന്നതില്‍ കുടുംബത്തിനും അദ്ധ്യാപകര്‍ക്കും നല്ല പങ്കുണ്ട്. എന്തിനും ഏതിനും സര്‍ക്കാരിനെ കുറ്റം പറയേണ്ടതില്ല. കുട്ടികള്‍ വഴി പിഴച്ചുപോകുന്നതില്‍ സമൂഹത്തിനും സര്‍ക്കാരിനും പങ്കുണ്ടായേക്കാം. അതുകൊണ്ട് രക്ഷിതാക്കളുടെ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല. കുട്ടികളുടെ ഊര്‍ജ്ജത്തെ അവര്‍ക്ക് അഭിരുചിയുള്ള മേഖലകളിലേക്ക് വഴി തിരിച്ചുവിടാന്‍ സാധിക്കണം. കുട്ടികളെ നേര്‍വഴിക്ക് നടത്തുന്നതില്‍ ആത്മീയതയ്ക്കും വലിയ പങ്കുണ്ട്. ബോധത്തെ കെടുത്തുന്നതാണ് ലഹരിയെങ്കില്‍ ബോധത്തെ ഉണര്‍ത്തുന്നതാണ് ആത്മീയത.
Discussion about this post