മാനന്തവാടി: വിവിധ ഗോത്ര സംഘടനകളുടെ നേതൃത്വത്തില്‍ ഗോത്രപര്‍വ്വം ഗോത്ര കലാസംഗമത്തിന് മാനന്തവാടി വള്ളിയൂര്‍ക്കാവ് ഉത്സവനഗരിയില്‍ തുടക്കം. രണ്ടുദിവസത്തെ കലാസംഗമത്തില്‍ വിവിധ സംസ്ഥനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരാണ് പങ്കെടുക്കുന്നത്.
ഇന്നലെ കാസര്‍കോട് മാവിലന്‍ ഗോത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ മംഗലംകളി, കണ്ണൂരില്‍ നിന്നുള്ള കുറിച്ച്യ ഗോത്രവിഭാഗത്തിന്റെ കോല്‍ക്കളി, വയനാട് പണിയ ഗോത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന വട്ടക്കളി, കമ്പളനാട്ടി, അടിയ വിഭാഗത്തിന്റെ ഗദ്ദിക എന്നിവ നടന്നു. 84 കലാകാരന്‍മാരാണ് ഇന്നലെ വേദിയിലെത്തിയത്. ഇന്ന് കര്‍ണ്ണാടക ചാമരാജ നഗര്‍, തമിഴ്‌നാട്, അരുണാചല്‍പ്രദേശ്, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഗോത്രവിഭാഗങ്ങളുടെ കലാരൂപങ്ങളും അരങ്ങേറും. ഉത്സവനഗരിയിലെ ട്രേഡ് സെന്റര്‍ സ്റ്റേജിലും ഉത്സവ സ്റ്റേജിലുമായാണ് പരിപാടികള്‍ നടക്കുന്നത്.
ഗോത്രപര്‍വ്വം ഗോത്രകലാ സംഗമത്തില്‍ കാണികളെ അത്ഭുതപ്പെടുത്തിയ കോല്‍ക്കളി പ്രകടനവുമായി കണ്ണൂര്‍ നരിക്കോട് മലയില്‍ നിന്നുള്ള ഗോത്രസംഘം. ഗുരു കുമാരന്റെ നേതൃത്വത്തിലുള്ള 14 അംഗ ടീമാണ് ഗോത്രകലാവേദിയില്‍ എത്തിയത്. നരിക്കോട് നിന്നുള്ള കുറിച്ച്യവിഭാഗത്തിലുള്ള ഇവര്‍ പ്രയാഗ്‌രാജില്‍ കുംഭമേളയിലും കോല്‍ക്കളി അവതരിപ്പിച്ചിരുന്നു. വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഇവര്‍ കുംഭമേളയില്‍ പരിപാടി അവതരിപ്പിച്ചത്. കുമാരന്‍, രാജന്‍, രാഘവന്‍, കമല, പുഷ്പ, സനിത, മിനി, സൂര്യ, ഷൈലജ, ദേവി, സുധ, ഗീത, രാധ, ബീന എന്നിവരായിരുന്നു ടീം അംഗങ്ങള്‍.
Discussion about this post