ന്യൂദല്‍ഹി: തനിമയെക്കുറിച്ചുള്ള തിരിച്ചറിവാണ് മുന്നേറ്റത്തിന് അടിസ്ഥാനമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്മോഹന് വൈദ്യ. ആരാണ് നമ്മള് എന്ന പേരില്‍ അമേരിക്കന്‍ രാഷ്ട്രീയക്കാരനും എഴുത്തുകാരനുമായ സാമുവല്‍ ഹണ്ടിംഗ്ടണിന്റെ ഒരു പുസ്തകമുണ്ട്. ഒരു രാഷ്ട്രമെന്ന നിലയില്‍ ആരാണ് നമ്മള് എന്ന ബോധ്യപ്പെടുംവരെ രാജ്യത്തിന്റെ മുന്‍ഗണനകളും ദിശയും നിര്‍ണയിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ സമാപിച്ച ശബ്ദോത്സവത്തില് സംസാരിക്കുകയായിരുന്നു ഡോ. മന്മോഹന് വൈദ്യ.
നമ്മള് ആരാണെന്ന അന്വേഷണം അനിവാര്യമാണെന്ന് രവീന്ദ്രനാഥ ടാഗോര്‍ ‘സ്വദേശി സമാജ്’ എന്ന പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ട്. ലോകത്ത് രണ്ട് പേരുകളുള്ള ഒരു രാജ്യവുമില്ല. എന്നാലിപ്പോഴും നമ്മള് ഇന്ത്യയാണോ അതോ ഭാരതമാണോ എന്ന് ചര്‍ച്ച ചെയ്യുന്നു. ബ്രഹ്മദേശം എന്നൊരു രാജ്യമുണ്ടായിരുന്നു. അത് പിന്നീട് ബര്മ്മയായി. ഇപ്പോള്‍ മ്യാന്മര് എന്ന് അറിയപ്പെടുന്നു. തനിമയുടെ ബോധ്യമുണ്ടാകും വരെ വിദേശനയം, പ്രതിരോധ നയം, വിദ്യാഭ്യാസ നയം, സാമ്പത്തിക നയം എന്നിവ സ്വന്തം ആശയങ്ങളാല്‍ നയിക്കപ്പെടുകയില്ല, ഡോ. മന്മോഹന് പറഞ്ഞു.
ഭാരതം രാഷ്ട്രീയ അടിമത്തത്തില്‍ നിന്ന് സ്വാതന്ത്രമായി. എന്നാല്‍ മാനസികമായ വിധേയത്വം തുടര്‍ന്നു. പാശ്ചാത്യരെ അനുകരിക്കുന്നതായിരുന്നു പലര്‍ക്കും പുരോഗമനം. 2014 ലെ ഭാരതത്തില്‍ ഭരണമാറ്റം ഉണ്ടായപ്പോള്‍ ഇംഗ്ലണ്ടിലെ ‘ദി ഗാര്ഡിയന്’ എഡിറ്റോറിയലില്‍ എഴുതിയത് 2014 മെയ് 18, ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടുപോയ ദിവസമായി ചരിത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തുമെന്നാണ്, അദ്ദേഹം പറഞ്ഞു. സ്വയംസേവകരിലൂടെ സമൂഹത്തെ ശാക്തീകരിക്കുകയും ഉണര്‍ത്തുകയും ചെയ്യുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്ന് സമാപനപരിപാടിയില്‍ സംസാരിച്ച ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ പറഞ്ഞു.















Discussion about this post