കരുനാഗപ്പള്ളി: ഭാരതത്തിന്റെ ആദർശങ്ങളാണ് സേവനവും ത്യാഗവുമെന്ന് ആർഎസ്എസ് ദക്ഷിണ ക്ഷേത്ര സംഘചാലക് ഡോ. ആർ. വന്നിയരാജൻ. ഭാരതം നിലനിന്നതും മുന്നോട്ടുപോയതും ഈ ആദർശങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു. അമൃതപുരി ആയുർവേദ കോളജിൽ വിവേകാനന്ദ ജയന്തി യുവസംഗമത്തിൽ സംസാരിക്കുകയായിരുന്നു വന്നിയരാജൻ.
അതിഥി ദേവോ ഭവ: ആചാര്യ ദേവോ ഭവ: എന്നീ ആർഷമന്ത്രങ്ങളോടൊപ്പം വിവേകാനന്ദസ്വാമികൾ ദരിദ്ര ദേവോ ഭവ: എന്ന് കൂട്ടിച്ചേർത്തു.സേവനത്തിനായി സമർപ്പിച്ചതായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. അദ്ദേഹത്തിന്റെ എഴുത്തുക്കളുടെയും പ്രസംഗങ്ങളുടെയുമെല്ലാം കേന്ദ്ര ബിന്ദു സേവനം ആയിരുന്നു. ആരുടെ ഹൃദയമാണോ മറ്റുള്ളവർക്ക് വേണ്ടി വേദനിക്കുന്നത് അവരാണ് മഹാത്മാക്കൾ, അങ്ങനെയല്ലാത്തവരെ ഞാൻ ദുരാത്മാവ് എന്നു വിളിക്കുമെന്ന് സ്വാമിജി പറഞ്ഞു. 1897 ൽ യുവാക്കളോട് അദ്ദേഹം പറഞ്ഞത് നമ്മുടെ ഭാരതം അമൃതഭാരതമാണ്, അത് ലോകരാജ്യങ്ങൾക്ക് വഴികാട്ടുകയാണെന്നാണ്. ആയിരം വർഷം അടിമത്തത്തിലാണ്ടിട്ടും മൂല്യങ്ങളിൽ നമ്മൾ അടിയുറച്ചു നിന്നു. അത് നമ്മുടെ യുവാക്കളിലും നിറഞ്ഞു നിൽക്കുന്നു. വരുന്ന 50 വർഷത്തേക്ക് ഭാരതമാതാവിനെ മാത്രം പൂജിക്കു എന്നാണ് അദ്ദേഹം അന്ന് ആഹ്വാനം ചെയ്തത്, വന്നിയരാജൻ ഓർമ്മിപ്പിച്ചു.
ഭാരതമാതാവിനെ പൂജിക്കുക എന്നൽ ഒരു നേരത്തെ ഭക്ഷണം ഇല്ലാത്തവരും മാറിയുടുക്കാൻ ഉടുതുണിയില്ലാത്തവരും അന്തിയുറങ്ങാൻ വീടില്ലാത്തവരുമായ ദരിദ്രരെ സേവിക്കുക എന്നതാണ്. അതാണ് നാരായണ സേവ. അതുതന്നെയാണ് രാഷ്ട്രസേവയും, അദ്ദേഹം പറഞ്ഞു.
യുവാക്കൾക്ക് മാതൃകയായി അദ്ധ്യാപകർ മാറണമെന്ന് ക്ഷേത്ര സംഘചാലക് പറഞ്ഞു. അമ്മ കുഞ്ഞിനെയെന്ന പോലെ അദ്ധ്യാപകർ വിദ്യാർത്ഥികളെ പരിപാലിക്കണം. പോസ്റ്റുമാൻ കത്തുനൽകി പോകുന്നപോലെ ക്ലാസ്സെടുത്തു പോകുന്നതല്ല അദ്ധ്യാപനം. വാക്കിൽ മാത്രമല്ല, ജീവിതത്തിലും മാതൃകയായി മാറാൻ അദ്ധ്യാപകർക്കാകണമെന്ന് അദ്ദേഹം പറഞ്ഞു.
അമൃത ആയുർവേദ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. പ്രിയ അധ്യക്ഷത വഹിച്ചു. പഞ്ചകർമ്മ വിഭാഗം മേധാവി ഡോ. പരമേശ്വരൻ നമ്പൂതിരി സന്നിഹിതനായിരുന്നു.


















Discussion about this post