ആലുവ: രാജ്യത്തെ കോർണിയ ബാധിത അന്ധത തുടച്ചുനീക്കാൻ നേത്രദാനത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ആലുവ ശിവരാത്രി മണപ്പുറത്ത് സക്ഷമയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘നമോ നേത്ര 2026’ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മൊത്തം അന്ധതയുടെ 25 മുതൽ 30 ശതമാനം വരെ കോർണിയയുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോർണിയ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ഭൂരിഭാഗം അന്ധതയും ചികിത്സിച്ചു ഭേദമാക്കാം. എന്നാൽ നിലവിൽ രാജ്യത്ത് പ്രതിവർഷം ഒരു ലക്ഷം കോർണിയ ട്രാൻസ്‌പ്ലാന്റേഷനുകൾ ആവശ്യമാണെങ്കിലും ഏകദേശം 50,000 എണ്ണം മാത്രമാണ് നടക്കുന്നത്. ഈ വലിയ കുറവ് പരിഹരിക്കാൻ ‘സക്ഷമ’ പോലുള്ള സന്നദ്ധ പ്രസ്ഥാനങ്ങളുടെ സഹായത്തോടെയുള്ള നേത്രദാന പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സക്ഷമ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.സി. മുരളീധരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി ജസ്റ്റിസ് മുരളി പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. അമൃത ഹോസ്പിറ്റൽ കോർണിയ വിഭാഗം മേധാവി ഡോ. അനിൽ രാധാകൃഷ്ണൻ, ആലുവ മുൻസിപ്പാലിറ്റി കൗൺസിലർ രജനി ശ്രീകാന്ത്, ക്യാമ്പ് കോഡിനേറ്റർ എം.ഡി. ജയൻ, സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുന്ദരം തുടങ്ങിയവർ സംസാരിച്ചു.
സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ് പി.പി. രാജേന്ദ്രൻ സ്വാഗതവും ആലുവ താലൂക്ക് പ്രസിഡന്റ് ബിനീഷാ പി. നായർ നന്ദിയും രേഖപ്പെടുത്തി.
ശിവരാത്രി മണപ്പുറത്ത് ഇന്നും നാളെയുമായി നടക്കുന്ന ക്യാമ്പിന് അമൃത ഹോസ്പിറ്റലിലെ നേത്രരോഗ വിദഗ്ധരുടെ സംഘമാണ് നേതൃത്വം നൽകുന്നത്. ക്യാമ്പിനോടനുബന്ധിച്ചുള്ള ഉപകരണ വിതരണത്തിന് സക്ഷമ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എസ്. പ്രദീപ്, ജില്ലാ സെക്രട്ടറി എം.ബി. സുധീർ, മേഖല സെക്രട്ടറി റ്റി.ബി. ഹരി, ജില്ലാ ഭാരവാഹികളായ ഹരി എടത്തല, സന്തോഷ് കാലടി, സിന്ധു കെ.സി., ദീപാ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.














Discussion about this post