പരപ്പനങ്ങാടി (മലപ്പുറം): ലഡാക്കില്‍ സൈനിക വാഹനാപകടത്തില്‍ മരണമടഞ്ഞ സൈനികന്‍ മുഹമ്മദ് ഷൈജലിന് വിട നല്‍കി ജന്മനാട്. ഇന്നലെ രാവിലെ 10.10നാണ് എയര്‍ഇന്ത്യ വിമാനത്തില്‍ ഷൈജലിന്റെ ഭൗതികശരീരം കരിപ്പൂരിലെത്തിച്ചത്. വിമാനത്താവളത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍എമാരായ പി. അബ്ദുള്‍ ഹമീദ്, കെ.പി.എ. മജീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ലാ കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദ്ദേഹം ഏറ്റുവാങ്ങി. ദല്‍ഹിയില്‍ നിന്ന് മൃതദേഹത്തെ സുബൈദാര്‍ പി.എച്ച്. മുഹമ്മദ് റഫി അനുഗമിച്ചു. 122 ടിഎ മദ്രാസ് ബറ്റാലിയനാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ എത്തിയിരുന്നത്.
മലപ്പുറം ജില്ലാ സൈനിക സംഘടനയുടെ നേതൃത്വത്തില്‍ വിലാപയാത്രയായാണ് ഭൗതികശരീരം പരപ്പനങ്ങാടിയിലെത്തിച്ചത്. തുടര്‍ന്ന് തിരൂരങ്ങാടി പിഎസ്എംഒ കോളേജിലും സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനത്തിന് വെച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ബിജെപിക്ക് വേണ്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് രവി തേലത്ത് പുഷ്പചക്രം അര്‍പ്പിച്ചു.
എസ്എന്‍എം സ്‌കൂളില്‍ നടന്ന ചടങ്ങുകള്‍ക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. വൈകിട്ട് നാലിന് പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്തെ അങ്ങാടി മുഹയദീന്‍ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ പൂര്‍ണ ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു.
പരപ്പനങ്ങാടി അയ്യപ്പന്‍കാവ് കെപിഎച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മല്‍ പുതിയകത്ത് സുഹറയുടെയും മകനായ മുഹമ്മദ് ഷൈജല്‍ 20 വര്‍ഷം മുമ്പാണ് സൈന്യത്തില്‍ ചേര്‍ന്നത്. നീണ്ടകാലം ഗുജറാത്തിലെ ക്യാമ്പില്‍ ഹവില്‍ദാറായിരുന്ന ഷൈജല്‍ കശ്മീരിലെ ക്യാമ്പിലേക്ക് സ്ഥലം മാറിപ്പോകുന്നതിനിടെയാണ് അപകടമുണ്ടായത്. 26 സൈനികരുമായി പര്‍ഥാപുര്‍ സൈനിക ക്യാമ്പിലേക്ക് പോകുകയായിരുന്ന വാഹനം നദിയിലേക്ക് മറിയുകയായിരുന്നു. ഭാര്യ: റഹ്മത്ത്. മക്കള്‍: ഫാത്തിമ സന്‍ഹ, തന്‍സില്‍, ഫാത്തിമ മഹസ.
Discussion about this post