കത്വ(ജമ്മുകശ്മീര്‍): ലോകത്തിന് സുരക്ഷയുടെയും സമാധാനത്തിന്റെയും പാത ഭാരതത്തിലൂടെ മാത്രമേ ലഭിക്കൂ എന്നാണ് സമകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സോഷ്യലിസവും മുതലാളിത്തവുമെല്ലാം പരാജയപ്പെട്ടു. സന്തോഷവും സുഖവും നല്കുമെന്ന് പ്രഖ്യാപിച്ച ഇസങ്ങളെല്ലാം കൂടുതല്‍ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്. ഉക്രൈനിലും ഇസ്രായേലിലും എല്ലായിടത്തും യുദ്ധങ്ങളും സംഘര്‍ഷങ്ങളുമാണ്. ലോകത്തിന് മുഴുവന്‍ സമാധാനം ആഗ്രഹിക്കുന്ന ദര്‍ശനം ഭാരതത്തിന്റേത് മാത്രമാണെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. കത്വ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ കത്വ, സാംബ ജില്ലകളിലെ സ്വയംസേവകരുടെ സാംഘിക്കിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന് ആവശ്യമുള്ളതെല്ലാം നല്കാന്‍ കഴിയുന്ന സ്വര്‍ണപ്പക്ഷിയായി വീണ്ടും ഈ രാഷ്ട്രം മാറുകയാണ്. ഇസങ്ങള്‍ മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെയുള്ള ഉപാധികള്‍ സൃഷ്ടിച്ച ആശയക്കുഴപ്പത്തില്‍ നിന്ന് ശരിയായ പാതയിലേക്ക് ലോകത്തെ നയിക്കാന്‍ ഭാരതീയ കുടുംബ സംസ്‌കതിക്ക് സാധിക്കും. സാമ്പത്തിക കേന്ദ്രിതമായി മാത്രം ചിന്തിച്ചിരുന്ന രാജ്യങ്ങളെ ജി 20യിലൂടെ മാനവികതയുടെ ദര്‍ശനത്തിലേക്ക് ഭാരതം നയിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സന്തോഷം ഉള്ളില്‍ തെരയുക എന്ന പൂര്‍വികരുടെ ദര്‍ശനമാണ് ഭാരതത്തെ നയിച്ചത്. സത്യവും വിശുദ്ധിയും അനുകമ്പയും മുറുകെപ്പിടിച്ച് സമാജത്തിന് വേണ്ടി ജീവിക്കുന്നതിലാണ് സന്തോഷം കുടിയിരിക്കുന്നത്. തിന്മകള്‍ക്ക് പിന്നാലെ പിന്നാലെ പായരുത്, ശരീരവും മനസും ബുദ്ധിയും ശുദ്ധമായിരിക്കണം. ഇതെല്ലാം ശീലിക്കുന്നതിന്റെ പാഠങ്ങളാണ് സനാതന ധര്‍മ്മം മുന്നോട്ടുവയ്ക്കുന്നത്. സനാതനധര്‍മ്മം നമ്മുടെ സംസ്‌കാരമാണ്. അത് പ്രപഞ്ചത്തെയാകെ സംരക്ഷിക്കുകയും സമൃദ്ധിയിലേക്ക് നയിക്കുകയും ചെയ്യുന്ന ജീവിതമൂല്യങ്ങളാണ്. സനാതന ധര്‍മ്മത്തിന്റെ ഉത്ഥാനം തന്നെയാണ് ഭാരതത്തിന്റെ ഉത്ഥാനം, സര്‍സംഘചാലക് പറഞ്ഞു.
ധര്‍മ്മമാണ് എല്ലാവരേയും കൂട്ടിയിണക്കുന്നത്. ധര്‍മ്മമാണ് നമ്മുടെ ജീവിതത്തെ സന്തുലിതമാക്കുന്നത്. എല്ലാ ഭാരതീയ വിശ്വാസങ്ങളും ധര്‍മ്മത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭാരതമാതാവിന്റെ മക്കളെന്ന നിലയില്‍ നാമെല്ലാം സഹോദരങ്ങളാണെന്നതാണ് അതിന്റെ ദര്‍ശനം. അതില്‍ ജാതിവിവേചനങ്ങളുടെ പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.ലോകത്തിന് ആവശ്യമുള്ളത് നല്‍കാന്‍ കരുത്തുള്ള സമാജത്തെ സൃഷ്ടിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. അച്ചടക്കത്തിലൂടെ വ്യക്തികളില്‍ സദ്ഗുണങ്ങള്‍ വളര്‍ത്തുകയും സ്വയം സജ്ജരാകാന്‍ സമാജത്തെ പ്രാപ്തരാക്കുകയുമാണ് സംഘം ചെയ്യുന്നത്, മോഹന്‍ഭാഗവത് ചൂണ്ടിക്കാട്ടി.
ക്ഷേത്രസംഘചാലക് സീതാറാം, പ്രാന്ത സംഘചാലക് ഡോ. ഗൗതം മൈംഗി, കത്വ വിഭാഗ് സംഘചാലക് വിദ്യാ രത്തന്‍ എന്നിവര്‍ പങ്കെടുത്തു.സാംഘിക്കിന് ശേഷം കത്വ രാാധാകൃഷ്ണ ക്ഷേത്രത്തില്‍ സര്‍സംഘചാലക് ദര്‍ശനം നടത്തി. ജഖബര്‍ ഗ്രാമത്തില്‍ ഭാരതമാതാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തതിന് ശേഷം ഗ്രാമീണരുമായി അദ്ദേഹം സംവദിച്ചു. രാവിലെ ജമ്മുവിലെ ബഹു കോട്ടയില്‍ കാളി മാതാ ക്ഷേത്രദര്‍ശനം നടത്തിയ സര്‍സംഘചാലക് ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
Discussion about this post