ഭുജ് (ഗുജറാത്ത് ): രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ കാര്യകാരി മണ്ഡൽ ബൈഠക് 5 മുതൽ 7 വരെ ഭുജിൽ ചേരും. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ മാർഗദർശനം നല്കും . സംഘപ്രവർത്തനത്തിന്റെ സൗകര്യത്തിനായി രൂപീകരിച്ചിട്ടുള്ള 45 പ്രാന്തങ്ങളിൽ നിന്നായി 381 പ്രതിനിധികൾ പങ്കെടുക്കും. സഹ സർകാര്യവാഹുമാർ , കാര്യ വിഭാഗുകളുടെ പ്രമുഖന്മാർ, ക്ഷേത്രീയ , പ്രാന്തീയ സംഘചാലകന്മാർ, പ്രചാരകന്മാർ, കാര്യവാഹുമാർ, നിശ്ചയിച്ച വിവിധ ക്ഷേത്ര സംഘടനകളുടെ സംഘടനാ കാര്യദർശി മാർ എന്നിവരാണ് മൂന്ന് ദിവസത്തെ ബൈഠക്കിൽ പങ്കെടുക്കുന്നത്.
സർസംഘചാലക് ഡോ. മോഹൻ ഭാഗവത് വിജയദശമി ദിനത്തിൽ നാഗ്പൂരിൽ ചെയ്ത പ്രഭാഷണത്തിന്റെ പ്രധാന ബിന്ദുക്കൾ ബൈഠക്കിൽ ചർച്ച ചെയ്യുമെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആർ എസ് എസ് പരിശീലന ശിബിരങ്ങളായ സംഘ ശിക്ഷാ വർഗുകളുടെ പാഠ്യപദ്ധതി മാറ്റം സംബന്ധിച്ച വിശദമായ ചർച്ചയും തീരുമാനവും കാര്യകാരി മണ്ഡലിലുണ്ടാകും. 2024 മുതലുള്ള സംഘ ശിക്ഷാ വർഗുകളിൽ പുതിയ പാഠ്യക്രമമാകും ഉണ്ടാവുക. 2025 സംഘത്തിന്റെ ശതാബ്ദിയാണ്. ആ സമയത്ത് എത്തിച്ചേരേണ്ട ശാഖാ വികാസ ലക്ഷ്യത്തിന്റെ പൂർത്തീകരണം സംബന്ധിച്ചും ചർച്ച ചെയ്യും , അദ്ദേഹം പറഞ്ഞു.
ജനുവരി 22 ന് അയോധ്യയിൽ ഭഗവാൻ ശ്രീരാമന്റെ പ്രാണ പ്രതിഷ്ഠ നടക്കുന്നു. ഈ അവസരത്തിൽ ദേശമാകെ ക്ഷേത്രങ്ങളിലും വീടുകളിലുമൊക്കെ ജനങ്ങൾ ഉത്സവാന്തരീക്ഷം സൃഷ്ടിക്കും. ഈ പരിപാടികളിൽ ആർ എസ് എസ് പ്രവർത്തകരുടെ പങ്കാളിത്തം സംബന്ധിച്ചും ചർച്ച ചെയ്യും , അദ്ദേഹം പറഞ്ഞു.
സമാജ പരിവർത്തനത്തെ മുൻ നിർത്തി സംഘം മുന്നോട്ടുവയ്ക്കുന്ന സാമാജിക സമരസത, പരിസ്ഥിതി അനുകൂല ജീവിത ശൈലി, മൂല്യങ്ങളിലുറച്ച കുടുംബ വ്യവസ്ഥ, സ്വദേശി സ്വാവലംബനം, പൗരബോധം തുടങ്ങിയ പ്രവർത്തനങ്ങളും ചർച്ച ചെയ്യുമെന്ന് സുനിൽ ആംബേക്കർ പറഞ്ഞു. സൗരാഷ്ട്ര പ്രാന്ത കാര്യവാഹ് മഹേഷ് ഭായ് ഓഝയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Discussion about this post