തിരുവനന്തപുരം: പ്രതികൂല സാഹചര്യത്തിലും സംഘപ്രസ്ഥാനത്തിന് കേരളത്തില്‍ അടിത്തറ പാകിയ ശില്പികളിലൊരാളാണ് ആര്‍. ഹരിയെന്ന് ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിച്ച അനുസ്മരണ സഭയില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി പറഞ്ഞു. ശ്രേഷ്ഠാത്മാവ് ശരീരരൂപം പ്രാപിച്ചാലെന്ന പോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അറിവ്, ചിന്ത, വ്യക്തിത്വം, എഴുത്തുകള്‍ എല്ലാം സമാജത്തിന് വേണ്ടി മാറ്റിവെച്ചു. ജ്ഞാനത്തിന്റെ തലക്കനം ഇല്ലാത്ത, ഭക്തികൊണ്ട് അന്ധനാകാത്ത, കര്‍മ്മത്തില്‍ അഹങ്കരിക്കാത്ത യോഗിയായിരുന്നു അദ്ദേഹം. സംഘകാര്യത്തില്‍ ഒത്തുതീര്‍പ്പുകളില്ലാത്ത പ്രചാരകനും ഏത് നിര്‍ദേശവും എതിര്‍പ്പില്ലാതെ ഏറ്റെടുത്തു വിജയിപ്പിച്ച സംഘാടകനുമാണ് ആര്‍. ഹരിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അധ്യക്ഷനായി. സംഘവും രാഷ്ട്രവും ശ്വാസനിശ്വാസങ്ങളില്‍ നിറച്ച കര്‍മ്മയോഗിയായിരുന്നു ആര്‍. ഹരിയെന്ന് സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി. ജയമണി വായിച്ച അനുസ്മരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി സ്വപ്രഭാനന്ദ, കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, എസ്ബിഐ മുന്‍ ചീഫ് ജനറല്‍ മാനേജര്‍ എസ്. ആദികേശവന്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍, അക്കാദമിക് ഡീന്‍ ഡോ.കെ.എന്‍. മധുസൂദനന്‍ പിള്ള, വിചാര കേന്ദ്രം സെക്രട്ടറി രാജന്‍പിള്ള, പ്രൊഫ. ദീപ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post