അല്‍ഖോബാര്‍(സൗദി): എഎഫ്‌സി അണ്ടര്‍ 17 ഏഷ്യന്‍കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാമത് വിജയം. അല്‍ഖോബാറിലെ പ്രിന്‍സ് സൗദ് ബിന്‍ ജലാവി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മ്യാന്‍മറിനെ 4-1ന് തകര്‍ത്താണ് ഇന്ത്യന്‍ കുതിപ്പ്. ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ഇന്ത്യയുടെ നാല് ഗോളുകളും പിറന്നത്. ക്യാപ്റ്റന്‍ വന്‍ലാല്‍പെക ഗൈറ്റ്, മുന്നേറ്റനിരക്കാരന്‍ തങ്ലാല്‍സൂന്‍ ഗാംഗ്തെ എന്നിവര്‍ നേടിയ ഇരട്ടഗോളുകളുടെ ബലത്തില്‍ ആധികാരികമായിരുന്നു വിജയം.
അലസമായി ആരംഭിച്ച മത്സരത്തില്‍ ആവേശം പിറന്നത് 21-ാം മിനിട്ടില്‍ മ്യാന്‍മറിന്‍റെ പെനാല്‍റ്റി ഏരിയയില്‍ കൊറൂ സിങ് ലക്ഷ്യത്തിലേക്ക് ആദ്യ ഷോട്ട് പായിച്ചതോടെയാണ്. ആറ് മിനിട്ടുകള്‍ക്കകം ഒന്നാമത്തെ ഗോള്‍ പിറന്നു. ലോങ് റേഞ്ചില്‍ നിന്ന് ഗൈറ്റ് തൊടുത്ത ഫ്രീ കിക്ക് ഗോള്‍കീപ്പറെ മറികടന്ന് വല കുലുക്കി. അടുത്ത 12 മിനിറ്റില്‍ മിന്നല്‍പ്പിണറുകള്‍ പോലെ ഇന്ത്യന്‍ താരങ്ങള്‍ മ്യാന്‍മറിന്‍റെ ഏരിയയില്‍ വിനാശം വിതച്ചു.
32-ാം മിനിറ്റില്‍ പെനാല്‍റ്റി ഏരിയയില്‍ ലാല്‍പെഖ്ലുവയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി വലയിലെത്തിച്ച് ഗാംഗ്തെ ലീഡുയര്‍ത്തി(2-0). രണ്ട് മിനിറ്റിനുള്ളില്‍ അടുത്ത ഗോള്‍. മ്യാന്‍മര്‍ ഗോള്‍കീപ്പറുടെ പാസ് പിടിച്ചെടുത്ത ഇന്ത്യന്‍ നായകന്‍റെ ഫിനിഷിങ് (3-0). 44-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് ഗാംഗ്‌തെയുടെ ഇടംകാലനടി ഇന്ത്യന്‍ പട്ടിക പൂര്‍ത്തിയാക്കി(4-0).
രണ്ടാം പകുതിയിലും ഇന്ത്യന്‍ ആക്രമണത്തിന്‍റെ കുത്തൊഴുക്കായിരുന്നു. ഒഴുക്കിനെതിരായിരുന്നു മ്യാന്‍മറിന്‍റെ ഏക ഗോള്‍ പിറന്നത്. തൂ വായ് യാന്‍റെ ഷോട്ട് ആശ്വാസ ഗോള്‍ അവര്‍ക്ക് നേടിക്കൊടുത്തു. ഇന്ന് ഇന്ത്യ ആതിഥേയരായ സൗദി അറേബ്യയെ നേരിടും.
Discussion about this post