ദോഹ: ഇറാൻ തോറ്റു… ഗോളാർത്തി പിടിച്ച ഇംഗ്ലീഷ് പടയ്ക്ക് മുന്നിൽ അവർ നിലം പരിശായിപ്പോയി…. ബുക്കയോ സാക്കയുടെ , ജൂഡ് ബില്ലിങ്ഹാമിന്റെ , റഹിം സ്റ്റർലിങ്ങിന്‍റെ , മാർക്കസ് റാഷ് ഫോർഡിന്‍റെ , ഗ്രീലിഷിന്‍റെ എണ്ണം പറഞ്ഞ ഗോളുകൾക്കു മുന്നിൽ ഉത്തരമില്ലാതെ അവർ പകച്ചു നിന്നു. മലവെള്ളപ്പാച്ചിൽ പോലെ ഇരച്ചെത്തിയ ഇംഗ്ലീഷ് ആക്രമണത്തിന്‍റെ ഇരമ്പലിനിടയിൽ എപ്പോഴോ മെഹ്ദി ടറേമിയിലൂടെ ആശ്വാസത്തിന്‍റെ ഒരു ഗോൾ അടിച്ചതല്ലാതെ മറുപടിയായി മറ്റൊന്നുമുണ്ടായിരുന്നില്ല ഇറാന്‍റെ പക്കൽ ….. ഒടുവിൽ വീണുകിട്ടിയ പെനാൽട്ടിയിലൂടെ ടറേമി തന്റെ നേട്ടം രണ്ടാക്കി ഉയർത്തി…. ഇറാന്റെ തോൽവി 6 – 2 ന്.
ഖത്തറിലെ ഖലീഫ് സ്റ്റേഡിയത്തിൽ പന്തുരുളും മുമ്പേ പക്ഷേ ഇറാൻ നിലപാടുറപ്പിച്ച് തല ഉയർത്തി നിന്നു. നാട്ടിൽ ലക്ഷക്കണക്കിന് വനിതകൾ മുന്നിൽ നിന്ന് നയിക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവർ പതിനൊന്ന് പേർ ദേശീയ ഗാനത്തിന് നേരെ മൗനം കൊണ്ട് പ്രതിഷേധിച്ചു …. ഇത് മഹ്സയ്ക്ക് വേണ്ടി , ഞങ്ങളുടെ അമ്മമാർക്ക് വേണ്ടി എന്ന് പ്രഖ്യാപിച്ചു….
മുപ്പത്തഞ്ചാം മിനിട്ടിൽ ഇറാന്റെ ആത്മവിശ്വാസത്തിന്മേലേക്ക് അശനിപാതം പോലെ ബില്ലിങ്ഹാമെന്ന പത്തൊമ്പതുകാരൻ തല കൊണ്ട് തൊടുത്ത പന്തിലാണ് കണക്കിൽ ഇറാൻ തോറ്റു തുടങ്ങിയതെങ്കിലും കളി തുടങ്ങി ആദ്യ പത്ത് മിനിട്ടിൽത്തന്നെ അത് സംഭവിച്ചിരുന്നു…. കളിക്കാനായി മാത്രം പിറന്ന ഇറാന്റെ കാവൽക്കാരൻ അലി റാസ ബെയ്റൻവന്ദ് ഗോൾ മുഖത്തെ കൂട്ടപ്പൊരിച്ചിലിൽ മൂക്കിൽ നിന്ന് ചോര പൊടിഞ്ഞ് നിലത്തുവീണപ്പോൾ …. ഈ ലോകകപ്പ് അവന്റെ സ്വപ്നമായിരുന്നു …. മതം പഠിച്ച്, ആട് മേച്ച് കാലം കഴിച്ചാൽ മതിയെന്ന ബാപ്പയുടെ ഉഗ്രശാസനയ്ക്ക് കീഴ്പ്പെടാതെ അവൻ നാട് വിട്ട് ഓടിക്കയറിയത് കാൽപ്പന്തുകളിയുടെ ലോകത്തേക്കാണ് … പരിക്കേറ്റിട്ടും അവൻ കളം വിടാൻ മടിച്ചു. പോരാടാനുറച്ചെങ്കിലും കടുത്ത വേദന അനുവദിച്ചില്ല… ബെയ്റൻവന്ദ് പരിക്കേറ്റ് മടങ്ങിയപ്പോൾ പാതി മരിച്ച ഇറാനിയൻ പ്രതിരോധത്തെ കൂട്ടത്തോടെ ചാരമാക്കുകയായിരുന്നു പിന്നീട് ഇംഗ്ളീഷ് ചോറ്റു പട്ടാളം….
നൈജീരിയക്കാർ ബുക്കായോ സാക്കയെ എങ്ങനെ മറക്കും …. പുള്ളിമാന്റെ വേഗമായിരുന്നു അവന്… ഇരട്ട ഗോൾ നേടി സാക്ക ഇംഗ്ലീഷ് പടയ്ക്ക് അനിവാര്യനായിത്തീർന്ന ദിവസം …. ജമൈക്കക്കാരൻ റഹിം സ്റ്റർലിങ്ങ് കളം നിറഞ്ഞത് ഗോളടിച്ചും അടിപ്പിച്ചുമായിരുന്നു ….
കഴിഞ്ഞ കുറി റഷ്യയിൽ ലൂക്കാ മോഡ്രിച്ചും കൂട്ടരും കരിച്ചു കളഞ്ഞ ബ്രിട്ടീഷ് കിരീട മോഹങ്ങൾക്ക് ചിറകേകാൻ കരുത്തുണ്ട് യുവത്വം കുളമ്പടിക്കുന്ന ഈ വെള്ളപ്പട്ടാളത്തിനെന്നുറപ്പ് …
Discussion about this post