വാഷിംഗ്ടൺ: വൻകിട അന്താരാഷ്‌ട്ര ടെക്ക് കമ്പനികൾ തങ്ങളുടെ ഉത്പാദന കേന്ദ്രങ്ങൾ ചൈനയിൽ നിന്നും മാറ്റാനൊരുങ്ങുന്നു. ഐഫോണുകളുടെ ഏറ്റവും പുതിയ മോഡലുകൾ ചൈനയിൽ നിന്നും മാറ്റി ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. ഗൂഗിളിന്‍റെ ഏറ്റവും പുതിയ പിക്സൽ ഫോണുകളുടെ ഘടകങ്ങൾ ചൈനയിൽ നിർമ്മിക്കുന്നത് അവസാനിപ്പിച്ച് വിയറ്റ്നാമിൽ നിർമ്മിക്കാനുള്ള നടപടികൾ കമ്പനി ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അയൽരാജ്യങ്ങളുമായി നിലനിൽക്കുന്ന രാഷ്‌ട്രീയ- പ്രതിരോധ രംഗങ്ങളിലെ തർക്കങ്ങളും കൊറോണ വ്യാപനവുമാണ് ചൈനയെ കൈവിടാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായിരുന്ന കാലത്ത് നടപ്പിലാക്കിയ നയങ്ങളും ചൈനക്ക് തിരിച്ചടിയാണ്. തായ്‌വാൻ വിഷയത്തിൽ അമേരിക്കയും ചൈനയും തമ്മിൽ ഇടഞ്ഞ് നിൽക്കുന്നതും അന്താരാഷ്‌ട്ര കമ്പനികൾക്ക് ചൈനയിൽ അരക്ഷിതബോധം സൃഷ്ടിക്കുകയാണ്.
ഐപാഡുകളുടെ നിർമ്മാണം ആപ്പിൾ ചൈനയിൽ നിന്നും വിയറ്റ്നാമിലേക്ക് മാറ്റിക്കഴിഞ്ഞു. ഫയർ ടിവി ഡിവൈസുകളുടെ ഉത്പാദനം ആമസോൺ ചൈനയിൽ നിന്നും ഇന്ത്യയിലേക്കാണ് മാറ്റിയിരിക്കുന്നത്. ചൈനയിലെ വാണിജ്യ- വ്യാവസായിക ഉത്പാദന മേഖലകളും ക്രമാനുഗതമായി തകരുകയാണെന്ന് ചൈനീസ് ഏജൻസികൾ തന്നെ നടത്തിയ രഹസ്യ സർവേകളിൽ വ്യക്തമാകുന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൈനയുടെ വിതരണ ശൃംഖലയും ചുരുങ്ങുകയാണ്. പുതിയ ആഗോള സാഹചര്യങ്ങളിൽ വിയറ്റ്നാമും ഇന്ത്യയും മലേഷ്യയുമാണ് വൻകിട ടെക് കമ്പനികളുടെ ഇഷ്ടകേന്ദ്രങ്ങൾ. ഐഫോൺ 14ന്റെ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ തീരുമാനം ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. തായ്‌വാനിൽ ലേബൽ ചെയ്യുന്ന ഉത്പന്നങ്ങളിൽ, മെയ്ഡ് ഇൻ ചൈനീസ് തായ്പെയ് എന്നോ ‘തായ്‌വാൻ, ചൈന’ എന്നോ രേഖപ്പെടുത്താൻ അടുത്തയിടെ ആപ്പിൾ നിർദ്ദേശം നൽകിയിരുന്നു.
Discussion about this post