വാഷിങ്ടണ്‍: കരുതിക്കളിക്കുന്നതാണ് നല്ലതെന്ന് ചൈനയ്ക്ക് താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഭീഷണികളെയും കുതന്ത്രങ്ങളെയും ഭയപ്പെടുന്ന രാജ്യമല്ല അമേരിക്കയെന്നും പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ പ്രതിനിധി സഭയുടെ നിയന്ത്രണം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഏറ്റെടുത്തതിന് ശേഷം ചേര്‍ന്ന യുഎസ് കോണ്‍ഗ്രസിലെ ആദ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
‘ചൈന അമേരിക്കയുടെ പരമാധികാരത്തിന് ഭീഷണിയാണെങ്കില്‍, ആ ഭീഷണി മുച്ചൂടും ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് അറിയാം. അമേരിക്കന്‍ ജനാധിപത്യം ശക്തമാണെന്ന് ചൈന മനസ്സിലാക്കണം. വെല്ലുവിളികളെ നേരിടുന്നതില്‍ അമേരിക്കന്‍ ജനത എന്നും ഒറ്റക്കെട്ടാണ്. വിപണിയിലും സാങ്കേതികവിദ്യയിലും ചൈന മുന്നേറുന്നുവെന്നും അമേരിക്ക പിന്നോട്ടു പോകുന്നുവെന്നും പ്രചാരണമുണ്ട്. വെല്ലുവിളികള്‍ വാസ്തവമാണ്. പക്ഷേ ഇത്തരം കഥകളോട് മറുപടി പറയാതിരിക്കാനാകില്ല. നമ്മള്‍ സംഘര്‍ഷമല്ല, മത്സരമാണ്ആഗ്രഹിക്കുന്നതെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിങ്ങിനോട് അമേരിക്ക നേരത്തെ വ്യക്തമാക്കിയതാണ്, ബൈഡന്‍ പറഞ്ഞു.
ചൈനയുമായെന്നല്ല ലോകത്തിലെ ഏത് ശക്തിയുമായും മത്സരിക്കാന്‍ അമേരിക്ക ഒരുക്കമാണ്. അതിനായി സഖ്യശക്തികളില്‍ നിക്ഷേപം നടത്തുന്നു എന്നത് ഒരു തെറ്റായി കാണുന്നില്ല. അത് നവീകരണത്തിന്‍റെ ഭാഗമാണ്. ലോകത്തിന്‍റെ ഭാവിയെ നിര്‍വചിക്കുന്ന വ്യവസായങ്ങളില്‍, ചൈന ആധിപത്യം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നല്ലതാണ്. രാജ്യത്തിന്റെ സ്ഥിരത സംരക്ഷിക്കാനും ആക്രമണം തടയാനും സൈന്യത്തെ നവീകരിക്കുന്നത് അമേരിക്കയുടെ കടമയാണെന്ന് ഓര്‍ക്കണം, ബൈഡന്‍ പറഞ്ഞു.
Discussion about this post