ഓസ് ലോ: നോര്‍വെ ചെസില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച ശേഷം ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെയും തോല്‍പിച്ച് പ്രജ്ഞാനന്ദ. അഞ്ചാം റൗണ്ടില്‍ ക്ലാസിക്കല്‍ ഗെയിമില്‍ തന്നെ യുഎസിന്റെ ഫാബിയാനോ കരുവാനയെ തോല്‍പിച്ചതോടെ വീണ്ടും പ്രജ്ഞാനന്ദ വാര്‍ത്തകളില്‍ ഇടം പിടിച്ചു.
66ാം നീക്കത്തില്‍ ഫാബിയാനോ കരുവാന വരുത്തിയ പിഴവ് മുതലെടുത്താണ് പ്രജ്ഞാനന്ദ വിജയം കൊയ്തത്. പ്രജ്ഞാനന്ദയ്‌ക്ക് കുതിരയും രണ്ടു കാലാളും ഉള്ളപ്പോള്‍ ഫാബിയാനോ കരുവാനയ്‌ക്ക് കുതിരയും ഒരു കാലാളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവസാന ഘട്ട ഗെയിമില്‍ രണ്ട് കാലാളുള്ളയാളെ ഒരു കാലാളുള്ളയാള്‍ക്ക് പ്രതിരോധിക്കുക എളുപ്പമല്ലെന്ന് പ്രജ്ഞാനന്ദയ്‌ക്ക് അറിയാമായിരുന്നു. “ഈ എന്‍ഡ് ഗെയിം വളരെ രസകരമായി തോന്നി. സാധാരണ നിലയില്‍ ചിലപ്പോഴൊക്കെ സമനില ആകാന്‍ സാധ്യതയുള്ള ഗെയിമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാജാവ് ശക്തമായ പൊസിഷനില്‍ ഉണ്ടെങ്കില്‍ ഇത്തരം ഗെയിമുകള്‍ പരീക്ഷണങ്ങള്‍ നിറഞ്ഞ ഒന്നായി മാറും.”- പ്രജ്ഞാനന്ദ പറയുന്നു. ഈ തോല്‍വിയോടെ ഫാബിയാനോ കരുവാനയുടെ ഇഎല്‍ഒ റേറ്റിംഗ് 2800ല്‍ നിന്നും താഴോട്ട് പോയി. പകരം ലോക മൂന്നാം നമ്പര്‍ താരമായ ഹികാരു നകാമുറ 2800 റേറ്റിംഗിലേക്ക് ഉയര്‍ന്ന് ലോക രണ്ടാം നമ്പര്‍ താരമായി. ഏറ്റവും താല്പര്യമുണര്‍ത്തുന്ന കാര്യം പ്രജ്ഞാനന്ദ വീണ്ടും റേറ്റിംഗില്‍ ലോക പത്താം നമ്പര്‍ താരമായി ഉയര്‍ന്നു എന്നതാണ്.
ഇതിന് തൊട്ടുമുമ്പത്തെ ഗെയിമില്‍ മാഗ്നസ് കാള്‍സനുമായുള്ള കളിയിലും 66ാം നീക്കത്തില്‍ ഫാബിയാനോ കരുവാന പിഴവ് വരുത്തിയിരുന്നു.പലപ്പോഴും സമ്മര്‍ദ്ദമുള്ള സമയങ്ങളില്‍ ഫാബിയാനോ കരുവാന ഇത്തരം പിഴവുകള്‍ വരുത്താറുണ്ടെന്ന് യുഎസിന്റെ തന്നെ താരം ഹികാരു നകാമുറ പറയുന്നു. ഈ വിജയത്തോടെ അഞ്ചാം സ്ഥാനത്ത് നിന്നും പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. .
അഞ്ചാം റൗണ്ടില്‍ ഹികാരു നകാമുറ ഡിങ്ങ് ലിറനെയും മാഗ്നസ് കാള്‍സന്‍
ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയെയും തോല്‍പിച്ചു. ഹികാരു നകാമുറ അപാരഫോമിലാണ്. കഴിഞ്ഞ വര്‍ഷത്തെ നോര്‍വെ ചെസ് ചാമ്പ്യന് മാഗ്നസ് കാള്‍സനോട് മാത്രമാണ് ക്ലാസിക്കല്‍ ഗെയിമില്‍ തോറ്റുപോയത്. ഹികാരു പ്രജ്ഞാനന്ദയെ നാലാം റൗണ്ടില്‍ അട്ടമറിക്കുകയും ചെയ്തു. അഞ്ചാം റൗണ്ടില്‍ ചൈനയുടെ ഡിങ് ലിറനെ ക്ലാസിക്കല്‍ ഗെയിമില്‍ തന്നെ ഹികാരു തോല്‍പിച്ചു. നിലവില്‍ ഫിഡെ ലോകചാമ്പ്യനാണെങ്കിലും തീരെ മോശം ഫോമിലാണ് ഡിങ് ലിറന്‍. പ്രജ്ഞാനന്ദയെ ആര്‍മഗെഡ്ഡോണ്‍ ഗെയിമില്‍ തോല്‍പിച്ചെങ്കിലും മറ്റ് എല്ലാ കളിക്കാരുമായി പരാജയം ഏറ്റുവാങ്ങിയിരുന്നു.
മാഗ്നസ് കാള്‍സന്‍ എപ്പോഴത്തേയും പോലെ ടൂര്‍ണ്ണമെന്‍റ് മുന്നേറുന്നതോടെ കൂടുതല്‍ കൂടുതല്‍ ഫോമിലേക്ക് ഉയരുന്ന കളിക്കാരനാണ്. അത് തന്നെയാണ് ഇവിടെയും കാണുന്നത്. പ്രജ്ഞാനന്ദയോട് മൂന്നാം റൗണ്ടില്‍ ഏറ്റ തോല്‍വിക്ക് ശേഷം അടുത്ത രണ്ട് കളികളില്‍ മാഗ്നസ് കാള്‍സന്‍ വിജയിക്കുകയായിരുന്നു. അതുവരെ നല്ല രീതിയില്‍ പോരാടിയിരുന്ന അലിറെസ ഫിറൂഷ പക്ഷെ ഈ പരാജയത്തോടെ വളരെ പിറകിലായി. 26ാം നീക്കത്തില്‍ അതീവ സമ്മര്‍ദ്ദത്തിലായ ഫിറൂഷ അടുത്ത കരുനീക്കം നടത്തിയത് 42 മിനിറ്റ് നേരം ചിന്തിച്ചതിന് ശേഷമാണ്. പക്ഷെ ഫിറൂഷയുടെ ഈ നീക്കം അത്രയ്‌ക്ക് നല്ലതായിരുന്നില്ല എന്നും മാഗ്നസ് കാള്‍സന്‍ പറയുന്നു. 27ാം നീക്കത്തിന് ശേഷം മത്സരം സമനിലയില്‍ കലാശിക്കും എന്ന മാഗ്നസ് കാള്‍സന്‍ കരുതിയിരുന്നു. പക്ഷെ മുന്‍പൊരിയ്‌ക്കല്‍ ബിഷപ്പ് (ആന) ഉള്ള എന്‍ഡ് ഗെയിമില്‍ നോര്‍വ്വെയില്‍ തന്നെ നടന്ന ഒരു മത്സരത്തില്‍ മാഗ്നസ് കാള്‍സന്‍ ഫിറൂഷയെ തോല്‍പിച്ചിട്ടുണ്ട്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.
ഇതോടെ ഹികാരു നകാമുറ 10 പോയിന്‍റോടെ ഒന്നാം സ്ഥാനത്ത്.നില്‍ക്കുന്നു. തൊട്ടുപിന്നില്‍ ഒമ്പത് പോയിന്‍റോടെ മാഗ്നസ് കാള്‍സന്‍ രണ്ടാമതായി. പ്രജ്ഞാനന്ദയ്‌ക്ക് എട്ടര പോയിന്‍റുണ്ട്.
Discussion about this post