സുമി: യുദ്ധം രൂക്ഷമായ ഉക്രൈനില്‍ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ സാധ്യതകളും നിലച്ച മട്ടായിരുന്നു അസ്മ ഷെഫീക് എന്ന പാക് പെണ്‍കുട്ടിക്ക്. പക്ഷേ, ഇന്നലെ ഇന്ത്യയുടെ ദേശീയ പതാക പതിച്ച ബസ്സില്‍, ഓപ്പറേഷന്‍ ഗംഗയുടെ തണലില്‍ അസ്മ യാത്ര തുടങ്ങി. രാത്രി വൈകി ഉക്രൈന്‍ അതിര്‍ത്തി കടന്ന് പോളണ്ടില്‍, ഇന്ന് അവിടെ നിന്ന് ഇന്ത്യയിലേക്ക്.
ഇന്ത്യയുടെ പ്രധാനമന്ത്രിക്കു നന്ദി, സുമിയില്‍ നിന്ന് യാത്ര പുറപ്പെടും മുമ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ അസ്മ പറഞ്ഞു. അസാധാരണമായ നയതന്ത്ര നീക്കത്തിലൂടെ തുടര്‍ച്ചയായ ദിവസങ്ങളില്‍ വെടിനിര്‍ത്തലിന് റഷ്യയെയും ഉക്രൈനെയും പ്രേരിപ്പിച്ച് നരേന്ദ്ര മോദി ഒരുക്കിയ സുരക്ഷിത ഇടനാഴിയിലൂടെയാണ് വിദ്യാര്‍ഥികള്‍ ആശ്വാസ തീരമണയുന്നത്. അവര്‍ക്കൊപ്പമാണ് അസ്മയും യാത്ര തുടരുന്നത്. സുമിയിലെ സ്റ്റേറ്റ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയാണ് അസ്മ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ സര്‍ക്കാരിനും അസ്മ നന്ദി പറഞ്ഞു. വളരെ വിഷമകരമായ സാഹചര്യത്തില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിച്ച ഇന്ത്യന്‍ എംബസിക്കും അതിര്‍ത്തി കടക്കാന്‍ വഴിയൊരുക്കുന്ന റെഡ്‌ക്രോസ് സൊസൈറ്റിക്കും നന്ദി. വളരെ വേഗം നാട്ടില്‍ സുരക്ഷിതമായി എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അസ്മ പറയുന്നു.
മെഡിക്കല്‍ കോളജിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അസ്മയെ ഒപ്പം കൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ എംബസി പിന്തുണച്ചു. പടിഞ്ഞാറന്‍ ഭാഗത്തെ ലിവിവ് അതിര്‍ത്തി വഴിയാണ് ഈ സംഘത്തെ പോളണ്ടിലേക്ക് കൊണ്ടുവരുന്നത്.
Discussion about this post