ന്യൂദല്‍ഹി: വ്‌ളാദിമീര്‍ പുടിന്‍ യുദ്ധക്കുറ്റവാളിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വായാടിത്തം അവസാനിപ്പിക്കണമെന്ന് തിരിച്ചടിച്ച് റഷ്യ. ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉലയുന്നതിന്റെ സൂചനയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വാക് പോരിനെ നിരീക്ഷകര്‍ കാണുന്നത്.
പുടിനെതിരായ ബൈഡന്റെ പരാമര്‍ശം നാവുപിഴയല്ലെന്നും റഷ്യന്‍ പ്രധാനമന്ത്രിയെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കാനുള്ള നിയമപരമായ നടപടിക്രമത്തിലാണ് അമേരിക്കയെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ആവര്‍ത്തിച്ചു. ബൈഡന്റെ വായാടിത്തം അസ്വീകാര്യവും പൊറുക്കാനാവാത്തതുമാണെന്ന് എന്ന് റഷ്യ ശക്തമായി പ്രതികരിച്ചു.
തെക്കന്‍ തുറമുഖ നഗരമായ മരിയൂപോളിലെ ഒരു തിയേറ്ററില്‍ റഷ്യന്‍ സൈന്യം ബോംബ് വര്‍ഷിച്ചതിനെത്തുടര്‍ന്ന് നിരവധി പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് ബൈഡന്റെ ആരോപണം.
‘ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ ബോംബുകള്‍ കൊണ്ട് കൊന്നൊടുക്കിയ ഒരു രാഷ്ട്രത്തിന്റെ തലവനാണ് ബൈഡനെന്നും അത്തരക്കാരുടെ വായാടിത്തം പൊറുക്കാനാവില്ലെന്നും ക്രൈംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
അതിനിടെ, വടക്കുകിഴക്കന്‍ നഗരമായ കാര്‍കീവിന് സമീപമുള്ള മെരേഫയിലെ ഒരു സ്‌കൂളും കമ്മ്യൂണിറ്റി സെന്ററും റഷ്യ പീരങ്കികള്‍ ഉപയോഗിച്ച് തകര്‍ത്തു. അക്രമത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്ന് മെരേഫ മേയര്‍ വെനിയമിന്‍ സിറ്റോവ് പറഞ്ഞു.
Discussion about this post