മയാമി: അമേരിക്കയില്‍ നടക്കുന് നഎഫ് ടി എക്സ് ക്രിപ്റ്റോ കപ്പില്‍ ഇന്ത്യയുടെ 17 കാരന്‍ പ്രഗ്നാനന്ദ അഞ്ച് തവണ ലോകചാമ്പ്യനായ മാഗ്നസ് കാള്‍സനെ തോല്‍പിച്ചു. നാല് റാപിഡ് ഗെയിമുള്ള മത്സരം 2-2ന് സമനിലയില്‍ അവസാനച്ചതിനെ തുടര്‍ന്ന് കൂടുതല്‍ വേഗതയില്‍ കരുനീക്കേണ്ടിവരുന്ന ബ്ലിറ്റ്സ് ഗെയിമില്‍ പ്രഗ്നാനന്ദ ലോകചാമ്പ്യനെ അട്ടിമറിക്കുകയായിരുന്നു. പ്രഗ്നാനന്ദ വിജയം തട്ടിയെടുത്തപ്പോള്‍ ഒരു നിമിഷം വിശ്വസിക്കാനാവാതെ കണ്ണ് മിഴിച്ച് മാഗ്നസ് കാള്‍സന്‍ സീറ്റില്‍ ഇരുന്നു.
പിന്നീട് പ്രഗ്നാനന്ദയ്ക്ക് കൈകൊടുത്ത് പരാജയത്തിന്‍റെ കയ്പ് നിറഞ്ഞ മുഖവുമായി പിരിഞ്ഞു.
16 പോയിന്‍റുകളുള്ള കാള്‍സന് തന്നെയാണ് പക്ഷെ ടൂര്‍ണ്ണമെന്‍റ് കിരീടം. പ്രഗ്നാനന്ദ 15 പോയിന്‍റുകളോടെ രണ്ടാം സ്ഥാനം നേടി. ടൂര്‍ണ്ണമെന്‍റില്‍ നിന്ന് ആകെ അഞ്ച് കളികളില്‍ വിജയിച്ച പ്രഗ്നാനന്ദയ്ക്ക് 37,500 ഡോളര്‍ സമ്മാനമായി ലഭിയ്ക്കും. ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ എഫ് ടിഎക്സാണ് ഈ ടൂര്‍ണ്ണമെന്‍റ് സ്പോണ്‍സര്‍.
തോറ്റെങ്കിലും എങ്ങിനെ മാഗ്നസ് കാള്‍സന്‍ ചാമ്പ്യനായി?
(പ്രഗ്നാനന്ദ- മാഗ്നസ് കാള്‍സന്‍ മത്സരം ബ്ലിറ്റ്സ് ഗെയിമിലേക്ക് നീണ്ടതാണ് പ്രഗ്നാനന്ദയ്ക്ക് ജയിച്ചിട്ടും കിരീടം നഷ്ടപ്പെടാന്‍ കാരണമാക്കിയത്. ആദ്യ നാല് റാപ്പിഡില്‍ ജയിച്ചാല്‍ മൂന്ന് പോയിന്‍റ് ലഭിച്ചേനെ. എങ്കില്‍ 13 പോയിന്‍റ് നേടി നില്‍ക്കുന്ന പ്രഗ്നാനന്ദയ്ക്ക് 16 പോയിന്‍റോടെ കിരീടം നേടാമായിരുന്നു. എന്നാല്‍ റാപിഡ് ഗെയിമുകള്‍ 2-2 സമനിലയില്‍ കലാശിച്ചതിനാല്‍ പിന്നീട് അതിവേഗം കരുനീക്കേണ്ടിവരുന്ന രണ്ട് ബ്ലിറ്റ്സ് ഗെയിമിലെ മികവ് നേടിയ ആള്‍ വിജയിയാകും. റാപ്പിഡ് ഗെയിമിന്‍ ഒരു കരുനീക്കത്തിന് 15മിനിറ്റ് നല്‍കുമെങ്കില്‍ റാപ്പിഡില്‍ ഒരു കരുനീക്കത്തിന് അഞ്ച് മിനിറ്റേ സമയം അനുവദിക്കൂ. പക്ഷെ ബ്ലിറ്റ്സില്‍ വിജയിച്ചാലും ജയിച്ചയാള്‍ക്ക് രണ്ട് പോയിന്‍റേ ലഭിയ്ക്കൂ. തോറ്റയാള്‍ക്ക് ഒരു പോയിന്‍റും ലഭിക്കും. ഇതാണ് പ്രഗ്നാനന്ദയ്ക്ക് പാരയായത്. പ്രഗ്നാനന്ദ ബ്ലിറ്റ്സില്‍ വിജയിച്ചെങ്കിലും രണ്ട് പോയിന്‍റേ ലഭിച്ചുള്ളൂ. അതോടെ പ്രഗ്നാനന്ദയുടെ ആകെ പോയിന്‍റ് നില 15 ആയി. 15 പോയിന്‍റ് നേടി നില്‍കുന്ന മാഗ്നസ് കാള്‍സന്‍ ബ്ലിറ്റ്സില്‍ തോറ്റെങ്കിലും ഒരു പോയിന്‍റ് കൂടി ലഭിച്ചതോടെ ആകെ 16 പോയിന്‍റുകളോടെ കിരീടം നേടി. )
എങ്കിലും ഈ മത്സരത്തിലൂടെ ഒരു കാര്യം ലോകമറിഞ്ഞു. അഞ്ച് തവണ ലോകചാമ്പ്യനായ കാള്‍സന് എതിരാളിയായി ലോകത്ത് ഒരേയൊരു കൗമാരക്കാരന്‍ ജീവിച്ചിരിക്കുന്നു. അത് മറ്റാരുമല്ല, ഭാരതത്തിലെ ആര്‍. പ്രഗ്നാനന്ദ. മൂന്ന് തവണ കൊമ്പുകോര്‍ത്തതില്‍ മൂന്നിലും പ്രഗ്നാനന്ദയാണ് വിജയിച്ചത്.
പോയിന്‍റ് നില കാണാം:
ചെസ്സില്‍ എതിരാളികളില്ലാത്തതിനാല്‍ ഇനി ലോകചെസ്സില്‍ മത്സരിക്കാനില്ലെന്ന് ഈയിടെ ഒരു പോഡ് കാസ്റ്റില്‍ മാഗ്നസ് കാള്‍സന്‍ പ്രസ്താവിച്ചിരുന്നു. എതിരാളികളില്‍ നിന്നും തനിക്ക് പ്രചോദനമൊന്നും കിട്ടുന്നില്ലെന്നായിരുന്നു മാഗ്നസ് കാള്‍സന്‍റെ വിശദീകരണം. പക്ഷെ ഇപ്പോള്‍ കാള്‍സനെ പ്രചോദിപ്പിക്കാന്‍ ഒരാളുണ്ട്- അത് പ്രഗ്നാനന്ദയാണ്.
ആകെ ഏഴ് റൗണ്ടുകളുള്ള ടൂര്‍ണ്ണമെന്‍റില്‍ പ്രഗ്നാനന്ദ രണ്ട് തോല്‍വിയും അഞ്ച് വിജയവും നേടി. ആദ്യ നാല് റൗണ്ടുകളില്‍ തുടര്‍ച്ചയായ ജയം നേടിയ പ്രഗ്നാനന്ദ പക്ഷെ അഞ്ചും ആറും റൗണ്ടില്‍ തോല്‍വി അറിഞ്ഞു. അഞ്ചാം റൗണ്ടില്‍ വിയറ്റ്നാമിന്‍റെ ലിയം ലെയോടും ആറാം റൗണ്ടില്‍ പോളണ്ടിന്‍റെ ജന്‍ ക്രിസ്റ്റോഫ് ഡ്യൂഡയോടും പ്രഗ്നാനന്ദ അടിയറവ് പറഞ്ഞിരുന്നു. ആദ്യ നാല് റൗണ്ടുകളില്‍ ലോകറാങ്കില്‍ ആറാം സ്ഥാനത്തുള്ള അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്ററായ ലെവോണ്‍ ആറോണിയനെയും ഇറാന്‍റെ ഗ്രാന്‍റ്മാസ്റ്റര്‍ അലിറെസ് ഫിറൂജയെയും ലോക പത്താം നമ്പര്‍ താരമായ നെതര്‍ലാന്‍റ്സിന്‍റെ ഗ്രാന്‍റ് മാസ്റ്റര്‍ അനീഷ് ഗിരിയെയും യുവ ഗ്രാന്‍റ് മാസ്റ്റര്‍ ഹാന്‍സ് നീമാനെയും പ്രഗ്നാനന്ദ തോല്‍പിച്ചു.
31 കാരന്‍ മാഗ്നസ് കാള്‍സനും രണ്ട് കളി തോറ്റു. ഏഴാം റൗണ്ടില്‍ പ്രഗ്നാനന്ദയുമായും ആറാം റൗണ്ടില്‍ ഡ്യൂഡയുമായും തോറ്റു. എങ്കിലും മൊത്തം പ്രകടനങ്ങളിലെ മികവാണ് കാള്‍സന് കിരീടം നേടിക്കൊടുത്തത്.
ഇറാനിലെ അറിറെസ് ഫിറൂജയാണ് മൂന്നാം സ്ഥാനക്കാരന്‍. ലിയെം ലെ നാലാം സ്ഥാനവും ഡ്യൂഡ അഞ്ചാം സ്ഥാനവും നേടി.
Discussion about this post