കണ്ണൂർ: രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്‍റെ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന കതിരൂർ മനോജിനെ സിപിഎം ക്രിമിനലുകൾ വെട്ടി കൊലപ്പെടുത്തിയിട്ട് എട്ട് വർഷം തികയുന്നു. 2014 സെപ്തംബർ 1നാണ് മനോജ് സിപി എമ്മുകാരാൽ കൊല്ലപ്പെടുന്നത്. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്‍റെ ഭാഗമായതിന്‍റെ പേരിൽ അരും കൊലയ്‌ക്ക് വിധിക്കപ്പെട്ട വീര ബലിദാനിയുടെ ഓർമ്മകൾക്ക് മുന്നിൽ നൂറു കണക്കിന് പ്രവർത്തകർ പുഷ്‌പാർച്ചന നടത്തി.
ആശയങ്ങൾ തോൽക്കാത്തിടത്താണ് ആയുധങ്ങൾക്ക് മൂർച്ച കുടുന്നത്. ഇടത് പാർട്ടി ഗ്രാമങ്ങൾ ദേശീയതയിലേക്ക് പരിണമിക്കുമ്പോൾ എല്ലാ കാലത്തും കത്തിമുനയിൽ പിടഞ്ഞ് വീഴുന്നത് രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ കരുത്തരായ പ്രവർത്തകരായിരുന്നു. ജനിച്ച മണ്ണിൽ തല കുനിക്കാതെ ജീവിച്ചതിന്റെ പേരിൽ, വിശ്വസിച്ചു പോയ ആശയത്തിൽ പ്രവർത്തിച്ചതിന്‍റെ പേരിൽ പ്രാണൻ നഷ്ടപ്പെടുത്തേണ്ടി വന്ന വീര ബലിദാനിയാണ് സ്വർഗ്ഗീയ മനോജ്.
സഹപ്രവർത്തകർക്കൊപ്പം തലശ്ശേരിയിലേക്ക് യാത്ര ചെയ്യവേ സി പി എം ക്രിമിനൽ സംഘം അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വാള് കൊണ്ട് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സി പി എം കോട്ടകളിൽ ആർ എസ് എസ് പ്രവർത്തനം നടത്തുകയും ഏതു വെല്ലുവിളികളെയും നേരിട്ട് പ്രവർത്തകർക്ക് ആവേശമായി നിലകൊണ്ട മനോജ് കമ്യുണിസ്റ്റുകാരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. നിരവധി വ്യാജ കേസുകൾ അദ്ദേഹത്തിന്‍റെ പേരിൽ ചുമത്തുകയും പല തവണ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. പകയുടെ കണക്കുകൂട്ടലുകൾക്കൊടുവിൽ അദ്ദേഹത്തെ കമ്യുണിസ്റ്റ് കാപാലികർ വെട്ടി നുറുക്കുകയായിരുന്നു.
കതിരൂർ മനോജ് ഒരു നാടിന്‍റെ പ്രതീക്ഷയും ആവേശവുമായിരുന്നു. ഒരു വാക്ക് കൊണ്ട് നിർവ്വചിക്കാൻ കഴിയുന്നതല്ല അദ്ദേഹത്തിന്‍റെ മഹത്വം. മരണം കവർന്നെടുത്തത് സംഘത്തിന്‍റെ നചികേതസ്സിനെ ആയിരുന്നു എന്ന് പ്രാന്തപ്രചാരക് എസ് സുദർശൻ പറഞ്ഞു. നൂറുകണക്കിന് സംഘ പ്രവർത്തകർ പങ്കെടുത്ത സാംഖിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉൾപ്പെടെ നിരവധി സംഘ പരിവാർ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
Discussion about this post