മുംബൈ: ഷിന്‍ഡേ- ഉദ്ധവ് വിഭാഗം ശിവസേനകളുടെ തര്‍ക്കത്തിനിടെ തരംഗമായി ശ്രീകാന്ത് ഷിന്‍ഡേയുടെ തുറന്ന കത്ത്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ മകനും എംപിയുമായ ശ്രീകാന്ത് ഉദ്ധവിനെതിരെ എഴുതിയ തുറന്ന കത്ത് മറാത്താ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. കഴിഞ്ഞ ദിവസം ദസറ റാലിക്കിടെ ശ്രീകാന്തിനെ ഭ്രാന്തനെന്നും രണ്ടുവയസ്സുകാരന് മകന് രുദ്രാന്ഷിനെ വരെ അധികാരക്കൊതിയനെന്നും ഉദ്ധവ് താക്കറെ അധിക്ഷേപിച്ചിരുന്നു. അതിനെതിരായാണ് വൈകാരികമായ ഭാഷയില്‍ ശ്രീകാന്തിന്റെ തുറന്ന കത്ത്.
”ഇന്നലെ നിങ്ങള്‍ പറഞ്ഞതു പോലെ നിങ്ങളുടെ പേരക്കുട്ടിയെക്കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ എന്ത് സംഭവിക്കും,’എന്ന ചോദ്യത്തോടെയാണ് കത്ത് പ്രചരിക്കുന്നത്.
ഉദ്ധവ്ജി ഈ കത്തെഴുതുന്നത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്ഡെയുടോ മകനോ എംപിയോ ആയ ശ്രീകാന്തല്ല. നിഷ്കളങ്കനായ രണ്ടു വയസ്സുകാരന് രുദ്രാന്‍ഷ് ഷിന്‍ഡേയുടെ അച്ഛനായ ശ്രീകാന്താണ്. മാംസവും രക്തവും വികാരവുമുള്ള മനുഷ്യരാണ് എല്ലാറ്റിനുമപ്പുറം ഞങ്ങള്‍. ഇന്നലത്തെ നിങ്ങളുടെ പ്രസ്താവന ഞങ്ങളുടെ കുടുംബത്തെ ഞെട്ടിച്ചു. നിങ്ങള്‍ പറഞ്ഞത് കേട്ട് കുഞ്ഞിന്റെ അമ്മയും അമ്മൂമ്മയും വേദനിച്ചു. അവര്‍ കരഞ്ഞു.
‘ഒരു രാഷ്ട്രീയക്കാരന് ഇത്രയും അധപ്പതിക്കാനാകുമോ, പിഞ്ചുകുഞ്ഞുങ്ങളെപ്പോലും അധിക്ഷേപിക്കാന്‍ തോന്നുമോ, എന്ന് അവര്‍ ആശ്ചര്യപ്പെടുന്നു. എനിക്ക് ഉത്തരമില്ല. അങ്ങയുടെ അച്ഛന് ബാലാസാഹേബ് രൂക്ഷമായ ഭാഷയില്‍ എതിരാളികളെ വിമര്‍ശിക്കുമായിരുന്നു. എന്നാല്‍ ഭാഷ അന്തസ്സുള്ളതായിരുന്നു. അദ്ദേഹം എവിടെ നില്ക്കുന്നു, നിങ്ങള്‍ എവിടെ നില്ക്കുന്നു. നമ്മുടെ രാഷ്ട്രീയം തുടരും. സംവാദങ്ങളും അഭിപ്രായങ്ങളും തുടരും. പക്ഷേ നിരപരാധികളെ വലിച്ചിഴക്കരുത്. അത് പാപമാണ്,’ ശ്രീകാന്ത് ഷിന്‍ഡെ എഴുതി.
Discussion about this post