ടെഹ്റാന്‍: നിര്‍ബന്ധിത ഹിജാബ് നിയമം നടപ്പാക്കുന്നത് പുനഃപരിശോധിക്കണമെന്നും പ്രതിഷേധങ്ങള്‍ ജനങ്ങളില്‍ ആഴത്തില്‍ സ്വാധീനിച്ചത് മനസ്സിലാക്കണമെന്നും ഇറാനിലെ മുന്‍ സ്പീക്കര്‍ അലി ലാരിജാനി. ഇറാന്‍റെ ഉന്നത നേതാക്കള്‍ക്കിടയിലും ഹിജാബ് വിരുദ്ധ പ്രക്ഷോഭം വിള്ളലുണ്ടാക്കിയതിന്‍റെ സൂചനയായാണ് ലാരിജാനിയുടെ അഭിപ്രായ പ്രകടനം വിലയിരുത്തപ്പെടുന്നത്. സമരം തുടങ്ങി ഒരു മാസത്തോളമാകുമ്പോഴാണ് ഇതാദ്യമായി രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടാകുന്നത്.
പ്രക്ഷോഭത്തെ അമേരിക്കയുടെയോ ഇസ്രായേലിന്‍റെയോ ആസൂത്രണമായി കരുതുന്ന ഇറാനിയന്‍ ഭരണനേതൃത്വത്തിന്‍റെ നിലപാട് അപക്വമാണെന്നും വസ്ത്രധാരണ നിയമത്തില്‍ ഇളവുകള്‍ നല്‍കി പ്രക്ഷോഭത്തെ തണുപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ലാരിജാനി പറഞ്ഞു.
ചട്ടങ്ങള്‍ നടപ്പാക്കുന്നതില്‍ തീവ്ര സമീപനം സ്വീകരിച്ചാല്‍ പ്രതികരണവും തീവ്രമാകുമെന്നത് സ്വാഭാവികമാണെന്ന് ഒരു ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ ലാരിജാനി പറഞ്ഞു. ഹിജാബ് വിഷയത്തിന് പരിഹാരമുണ്ട്, അതിന് ഉത്തരവുകളും റഫറണ്ടങ്ങളും ആവശ്യമില്ല. പോലീസും അര്‍ധസൈനികവിഭാഗവും ചെയ്യേണ്ടതല്ല അത്. പ്രതിഷേധം വ്യാപകമാകുമ്പോള്‍ അതിനോട് കര്‍ക്കശമായ പ്രതികരണമല്ല പ്രതിവിധി. തെരുവിലിറങ്ങുന്നവരും യുവാക്കളും നമ്മുടെ സ്വന്തം മക്കളാണ്. ഒരു കുടുംബത്തില്‍, ഒരു കുട്ടി കുറ്റകൃത്യം ചെയ്താല്‍, അവനെ ശരിയായ പാതയിലേക്ക് നയിക്കാന്‍ സര്‍ക്കാരല്ല, രക്ഷിതാക്കളാണ് ശ്രമിക്കുക. തലവേദനയ്ക്ക് ഹൃദ്രോഗത്തിന്‍റെ മരുന്നെഴുതരുത്, ലാരിജാനി പറഞ്ഞു. 1979 വരെ ആരും ഹിജാബ് പ്രോത്സാഹിപ്പിച്ചിരുന്നില്ല, എന്നാല്‍ പലരും സ്വമേധയാ അത് ധരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ലാരിജാനി ഓര്‍മ്മിപ്പിച്ചു.
പ്രക്ഷോഭകര്‍ രാജ്യദ്രോഹികളാണെന്നും അവരെ അടിച്ചമര്‍ത്തുമെന്നും ഇറാന്‍ പരമോന്നത മേധാവി ആയത്തുള്ള അലി ഖൊമേനി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അലി ലാരിജാനി സമവായത്തിന് വഴി തേടണമെന്ന അഭിപ്രായം മുന്നോട്ടുവച്ചത്.
അതേസമയം പ്രക്ഷോഭം ശമനമില്ലാതെ തുടരുകയാണ്. തലസ്ഥാനത്തും കുര്‍ദിഷ് പട്ടണങ്ങളായ സാനന്ദജ്, സാക്കസ്, ബുക്കാന്‍, ഡെഹ്ഗോലാന്‍ എന്നിവിടങ്ങളിലും ബുധനാഴ്ച രാത്രിയില്‍ നടന്ന പോലീസ് അതിക്രമങ്ങളെത്തുടര്‍ന്ന് രണ്ട് ദിവസമായി ബഹുജന റാലികല്‍ നടക്കുകയാണ്. പ്രതിഷേധത്തില്‍ പല കടകളും അടഞ്ഞുകിടന്നു, അതേസമയം ടെഹ്റാന്‍ ബാര്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് നേരെ സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിച്ചു. സമരത്തിന് പ്രേരണ നല്‍കിയെന്ന് ഇറാന്‍ ഭരണകൂടം ആരോപിക്കുന്ന മൊസ്തഫ തജ്സാദെക്ക് എട്ട് വര്‍ഷത്തെ തടവ് വിധിച്ചു. പ്രക്ഷോഭകര്‍ക്കെതിരെ 60 കുറ്റപത്രങ്ങള്‍ പുറപ്പെടുവിച്ചതായി ടെഹ്റാനിലെ പ്രോസിക്യൂട്ടര്‍ ജനറല്‍ അലി സലേഹി പറഞ്ഞു.
Discussion about this post