ടെഹ്‌റാന്‍/വാഷിങ്ടണ്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ ഇറാന്‍ ഇസ്ലാമിക സേനയുടെ നടപടിയില്‍ ഒരു പതിനെട്ടുകാരി കൂടി കൊല്ലപ്പെട്ടു. കുര്‍ദിഷ് ശക്തികേന്ദ്രമായ സാനന്ദജില്‍ നടന്ന പ്രതിഷേധത്തിനെതിരായ വെടിവയ്പിലാണ് മോമന്‍ സന്ദ്കരിമി കൊല്ലപ്പെട്ടത്. സന്ദ്കരിമിയുടെ ഭൗതികദേഹം അധികൃതരുടെ ഭീഷണിയെത്തുടര്‍ന്ന് ജന്മനാട്ടില്‍ സംസ്‌കരിക്കാനായില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രകടനങ്ങള്‍ക്കെതിരെ വ്യാപകമായ അക്രമമാണ് ഇറാനിലുടനീളം നടക്കുന്നത്. ഇതിനകം ഇരുപതില്‍ താഴെ പ്രായമുള്ള അന്‍പതോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആയിരം പേരെ കൂട്ടവിചാരണ ചെയ്യുമെന്ന് പ്രഖ്യാപിച്ച ഇറാന്‍ കോടതി ഇന്നലെ അഞ്ചുപേരെ വധശിക്ഷയ്ക്ക് വിധിച്ചു. അന്യായമായ വിചാരണനടപടികളാണ് ടെഹ്‌റാനില്‍ നടക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ഐഎച്ച്ആറിന്‍റെ ഡയറക്ടര്‍ മഹ്‌മൂദ് അമിറി മൊഗ്ദം ആരോപിച്ചു. ഇറാനിയന്‍ ജനതയുടെ നിശ്ശബ്ദതയെ ഭീകരതയിലേക്ക് നയിക്കുന്ന നടപടിയാണിതെന്ന് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ഇറാന്‍ മതഭരണകൂടം ജിദ്ദയിലെ ജാംകരണ്‍ പള്ളി മകുടത്തില്‍ ‘പ്രതികാര’ പതാക ഉയര്‍ത്തിയതിന് പിന്നാലെ സ്വതന്ത്ര ഇറാന് വേണ്ടി അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡന്റെ ആഹ്വാനം. കാലിഫോര്‍ണിയയില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന പ്രകടനത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് സ്ത്രീവിരുദ്ധ നിലപാടുകള്‍ ഭരണകൂടനയമാക്കിയ ഇറാനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചത്. കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോ മിറ കോസ്റ്റ കോളജ് കാമ്പസിലായിരുന്നു പരിപാടി. മുടി പൂര്‍ണമായും മറച്ച് തട്ടം ധരിക്കാത്തതിന്‍റെ പേരില്‍ ഇറാനിലെ ഇസ്ലാമിക ഭരണകൂടം വധിച്ച കുര്‍ദിഷ് യുവതി മഹ്‌സ അമിനിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ബൈഡന്‍റെ പ്രസംഗം. ഇസ്ലാമിന്‍റെ പേരില്‍ ഇറാനില്‍ നടക്കുന്നത് ദൈവനിന്ദയാണെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി. ഇറാനിലെ ജനങ്ങളുടെ സ്വാതന്ത്ര്യം മനുഷ്യാവകാശപ്രശ്‌നമെന്ന നിലയില്‍ പരിഗണിച്ച് അതില്‍ ഇടപെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇറാന്‍ ഭരണകൂടം ജാംകരണ്‍ പള്ളിയുടെ മുകളില്‍ പതാക ഉയര്‍ത്തിയത്. സൗദിക്കെതിരെ യുദ്ധഭീഷണിയുണ്ടെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി പാട്രിക് റൈഡര്‍ പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇറാന്‍റെ നടപടി. കൊടി ഉയര്‍ത്തിയത് സൗദിക്കും അമേരിക്കയ്ക്കുമുള്ള താക്കീതായാണ് വിലയിരുത്തുന്നത്. 2020ല്‍ ട്രമ്പ് ഭരണകൂടം ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോറിന്‍റെ തലവനായിരുന്ന ഹൊസൈന്‍ സലാമിയെ വധിച്ചപ്പോഴാണ് ക്വോം നഗരത്തിലെ ജാംകരണില്‍ ഇതിന് മുമ്പ് പ്രതികാര പതാക ഉയര്‍ത്തിയത്. അതേസമയം സൗദിയെ ആക്രമിക്കുമെന്ന അമേരിക്കന്‍ പ്രചരണം പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കമാണെന്നും അടിസ്ഥാന രഹിതമാണെന്നും ഇറാന്‍ വിദേശകാര്യ വക്താവ് നാസര്‍ കനാനി വ്യക്തമാക്കി.
ലിംഗസമത്വവും സ്ത്രീശാക്തീകരണവും മുന്‍നിര്‍ത്തിയുള്ള നാല്‍പത്തഞ്ചംഗ യുഎന്‍ സമിതിയില്‍ നിന്ന് ഇറാനെ നീക്കുന്നതിനുള്ള നീക്കം ശക്തമാക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബൈഡന്‍റെ പ്രഖ്യാപനം.
Discussion about this post