ടെഹ്‌റാന്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച പ്രശസ്ത ഗായകന്‍ തൂമജ് സലേഹിയെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍. വിശ്രുത റാപ്പ് ഗായകന്‍ തൂമജ് സലേഹിയുടെ കണ്ണുകെട്ടി മുട്ടിലിരുന്ന് മാപ്പ് പറയുന്ന ദൃശ്യങ്ങളുമായി ഇറാന്‍ ഭരണകൂടം. സലേഗി അറസ്റ്റിലായെന്ന വാര്‍ത്തകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ഇറാനെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നത്. ‘ഞാന്‍ തൂമജ് സലേഹി, എനിക്ക് തെറ്റുപറ്റി… എന്നിങ്ങനെ മാപ്പ് പറയുന്ന തരത്തിലുള്ള വീഡിയോയാണ് പുറത്തുവന്നത്. കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന് നല്കിയ അഭിമുഖത്തിന്‍റെ പേരിലാണ് അറസ്റ്റ്.
സലേഹി എവിടെയെന്ന വിവരം ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ ദക്ഷിണ കൊറിയയിലെ സോളില്‍ ഹിജാബ് ഉപേക്ഷിച്ച് ക്ലൈംബിങ് മത്സരത്തില്‍ പങ്കെടുത്ത എല്‍നാസ് റെക്കാബിയെയും നാട്ടില്‍ മടങ്ങിവന്നതിനു ശേഷം കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാജ്യംവിട്ടു പോകുന്നതിനിടെയാണ് തൂമജ് സലേഹി അറസ്റ്റിലായതെന്നാണ് വിവരം. അതേസമയം തെക്കുപടിഞ്ഞാറന്‍ പ്രവിശ്യകളായ ചഹര്‍മഹലിലോ ബക്തിയാരിയിലോ ആണ് സലേഹിയുള്ളതെന്നാണ് കുടുംബാംഗങ്ങള്‍ക്ക് ഒടുവില്‍ കിട്ടിയ വിവരം.
മഹ്‌സ അമിനിയുടെ കൊലപാതകത്തിന് ശേഷം സലേഹി തന്‍റെ വേദികളിലൂടെ തുടര്‍ച്ചയായി ഇറാനിലെ ഇസ്ലാമിക മതനേതൃത്വത്തിനെതിരായി സംസാരിക്കുകയും പരസ്യമായി ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
ഇറാനിയന്‍ പോലീസ് തൂമജ് സലേഹിയെ അതിക്രൂരമായി പീഡിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഇറാനിലെ ജനങ്ങളും അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്നും സലേഹിയുടെ അമ്മാവന്‍ ഇഗ്ബാല്‍ എഗ്ബാലി അഭ്യര്‍ത്ഥിച്ചു. അതേസമയം സലേഹി രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തിയിരുന്നതെന്ന് ഇറാന്‍ ഭരണകൂടം പറഞ്ഞു. രാജ്യത്ത് നടക്കുന്ന ഹിജാബ് വിരുദ്ധ കലാപങ്ങള്‍ക്ക് പ്രേരണയാകുന്നതില്‍ സലേഹിയുടെ പരിപാടിക്ക് വലിയ പങ്കുണ്ടെന്ന് മുന്‍ ഇറാനിയന്‍ നയതന്ത്രജ്ഞന്‍ മുഹമ്മദ് മൊസാവിന്‍ പറഞ്ഞു. ഷാഹിന്‍ഷാറില്‍ നടന്ന പ്രക്ഷോഭം നയിച്ചവരില്‍ പ്രധാനിയാണ് സലേഹിയെന്ന് മൊസാവിന്‍ ചൂണ്ടിക്കാട്ടി.
Discussion about this post