കൊച്ചി: കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഈ വരുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് പ്രതീക്ഷിക്കുന്ന വലിയ ഭക്തജന പ്രവാഹം പരിഗണിച്ച് ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ഭക്തജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വരുന്ന കാലതാമസം വളരെ ആശങ്കാജനകമാണെന്ന് ഇന്നലെ എറണാകുളത്ത് ചേർന്ന വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃയോഗം വിലയിരുത്തി. ശുദ്ധജല വിതരണം, ശുചി മുറികൾ, മാലിന്യ സംസ്കരണം, അടിയന്തിര ചികിത്സാ സൗകര്യം, വിരി വെയ്ക്കാനുള്ള സൗകര്യം എന്നിവയുടെ അപര്യാപ്തത ശബരിമല സന്ദർശിച്ച പ്രത്യേക സംഘം റിപ്പോർട്ട് ചെയ്തു.
പമ്പയിൽ നിന്നും സന്നിധാനത്തേക്ക് നീലിമല വഴിയുള്ള പാതയുടെ നിർമ്മാണത്തിലുള്ള അശാസ്ത്രീയതയും പണി തീരാനുള്ള കാലതാമസവും ദർശനത്തിനെത്തുന്ന അയ്യപ്പൻമാർക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് യോഗം വിലയിരുത്തി. ഇതിനുള്ള പരിഹാരം കണ്ട് എത്രയും വേഗം പാത സഞ്ചാരയോഗ്യമാക്കാൻ ദേവസ്വം ബോർഡ് നടപടിയെടുക്കണം.
പമ്പയിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ്ങിനുള്ള വിശാലമായ സൗകര്യങ്ങൾ നിലനിൽക്കുമ്പോൾ അത് ഉപയോഗപ്പെടുത്താതെ എല്ലാ വാഹനങ്ങളും നിലയ്ക്കലിൽ പാർക്കു ചെയ്യണമെന്നുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടതാണ്. അതുപോലെ തന്നെ വലിയ വാഹനങ്ങൾക്ക് തൃവേണി വരെ വന്ന് തീർത്ഥാടകരെ ഇറക്കിയ ശേഷം നിലയ്ക്കലിൽ എത്തി പാർക്ക് ചെയ്യാൻ അനുമതി നൽകണം.
സന്നിധാനത്തും പമ്പയിലും ഭക്തജനങ്ങൾക്ക് സൗജന്യമായി അന്നദാനം നൽകാൻ ധാരാളം ഭക്തജന സംഘടനകൾ തയ്യാറായിട്ടുളളപ്പോൾ അവരെ തടഞ്ഞു കൊണ്ട് ഹോട്ടലുകൾക്ക് ഭക്ത ജനങ്ങളെ ചൂഷണം ചെയ്യാൻ അവസരം ഒരുക്കുന്ന ദേവസ്വം ബോർഡ് നടപടി തികച്ചും പ്രതിഷേധാർഹമാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി തീർത്ഥാടനത്തിന് എത്തുന്ന ഭക്തജനങ്ങളോട് പരുഷമായി പെരുമാറുകയും അനാവശ്യമായി ബലപ്രയോഗം നടത്തുകയും ചെയ്യുന്ന പോലീസ് നടപടി യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. ഇത്തരം സാഹചര്യം ഒഴിവാക്കാനായി വേണ്ട നിർദ്ദേശം നൽകുന്നതിനും അതോടൊപ്പം ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസുകാർക്ക് അനുയോജ്യമായ അലവൻസുകൾ നൽകുന്നതിനും സർക്കാർ തയ്യാറാകണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിൽ വീണ്ടും ശബരിമല സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്താനും അപര്യാപ്തകൾ ദേവസ്വം ബോർഡിന്‍റെയും സർക്കാരിന്‍റെയും അടിയന്തിര ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ നടത്തുമെന്ന് പറയുന്ന നിയമ നിർമ്മാണത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളെ സംബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട സംഘടനകളും വ്യക്തികളുമായി ചർച്ച ചെയ്ത് സർക്കാരിന്‍റെ പരിഗണനയ്ക്കായി ഒരു നിവേദനം സമർപ്പിക്കാനും യോഗം തീരുമാനിച്ചു. വേണ്ട കൂടിയാലോചനകൾ നടത്താതെ ഈ വിഷയത്തിൽ ഏകപക്ഷീയമായ തീരുമാനം എടുക്കരുതെന്ന് യോഗം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യവേദി, ക്ഷേത്രസംരക്ഷണ സമിതി, വിശ്വഹിന്ദു പരിഷത്ത്, ശബരിമല അയ്യപ്പ സേവാസമാജം, ധർമ്മ ജാഗരൺ, മത്സ്യ പ്രവർത്തക സംഘം, വനവാസി കല്യാൺ ആശ്രമം, ശബരിമല കർമ്മ സമിതി എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് വിവിധ സംഘടനാ നേതാക്കൾ പാവക്കുളം ഹിന്ദു സാംസ്കാരിക കേന്ദ്രത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
Discussion about this post