പത്തനംതിട്ട : ഈ വർഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി താഴമൺ മഠം കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. തുടർന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിച്ച ശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും അഗ്നി പകരും.
ഇതോടെ നടപ്പന്തലിൽ കാത്ത് നിന്ന അയ്യപ്പ ഭക്തർ ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി പതിനെട്ട് പടികൾ കയറി ദർശനത്തിനായി എത്തി തുടങ്ങും. തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. നട തുറക്കുന്ന ദിവസത്തെ പ്രധാന ചടങ്ങ് നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെയും മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെയും അഭിഷേക അവരോധിക്കൽ ചടങ്ങുകൾ ആണ്. ഈ ചടങ്ങുകൾ വൈകുന്നേരം ആരംഭിക്കും.
ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന ശബരിമല, മാളികപ്പുറം മേൽ ശാന്തിമാരെ നിലവിലെ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളിൽ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കും. പിന്നീട് തന്ത്രി കണ്ഠരര് രാജീവരര് ശബരിമല മേൽശാന്തിയെ അയ്യപ്പന് മുന്നിൽ വച്ച് കലശാഭിഷേകം നടത്തി അവരോധിക്കും. പുതിയ മേൽശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റി തിരുനട അടച്ച ശേഷം മേൽശാന്തിയുടെ കാതുകളിൽ അയ്യപ്പന്‍റെ മൂലമന്ത്രം ഓതി കൊടുക്കും.
ഇതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ വച്ച് മേൽശാന്തി ഹരിഹരൻ നമ്പൂതിരിയെയും കലശാഭിഷേകം നടത്തി അവരോധിക്കും. വിശ്ചികം ഒന്നായ 17 ന് പുലർച്ചെ പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വർഷത്തെ കർത്തവ്യം പൂർത്തിയാക്കിയ നിലവിലെ മേൽശാന്തി പരമേശ്വരൻ നമ്പൂതിരി 16 ന് രാത്രി തന്നെ പതിനെട്ടാം പടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങും.
17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡല ഉൽസവ കാലം. മകരവിളക്ക് ഉൽസവത്തിനായി ശബരിമല ക്ഷേത്ര തിരുനട 30 ന് വീണ്ടും തുറക്കും. 2023 ജനുവരി 14 ന് ആണ് മകരവിളക്ക്. തീർത്ഥാടനം ജനുവരി 20 ന് അവസാനിക്കും.
Discussion about this post