ലുസെയ്ല്‍: ലോകകപ്പ് ഫുട്‌ബോള്‍ സാക്ഷ്യം വഹിച്ചതില്‍ വന്‍ അട്ടിമറിയാണ് അല്‍ ദയാനിലെ ലൂസെയ്ല്‍ സ്‌റ്റേഡിയത്തില്‍ നടന്നത്. ലോകകീരിടം മുത്തമിടുമെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ അടക്കം പ്രവചിച്ച അര്‍ജന്റീനയെ താരതമ്യേന ദുര്‍ബലരായ സൗദി അറേബ്യ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് തറപറ്റിച്ചത്. ലോകത്തെ ഞെട്ടിച്ച അട്ടിമറികളില്‍ ഒന്നായി മാറി ഗ്രൂപ്പ് സിയിലെ മത്സരം. ഓഫ് സൈഡ് കെണി ഒരുക്കിയാണ് അര്‍ജന്റീനയുടെ നീക്കങ്ങളെ സൗദി ബുദ്ധിപരമായി ചെറുത്തത്. ആദ്യ മുപ്പത് മിനിറ്റില്‍ ആറു ഓഫ് സൈഡുകളാണ് അര്‍ജന്റീനയില്‍ നിന്ന് ഉണ്ടായത്. അതില്‍ മൂന്നെണ്ണം ഗോളുകളുമായിരുന്നു. തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയ സൗദി ലഭിച്ച അവസരങ്ങളിലെല്ലാം അര്‍ജന്റീനിയന്‍ ഗോള്‍ മുഖത്തേക്ക് കുതിച്ചു.
അര്‍ജന്റീനയാകട്ടെ ഗോള്‍ കണ്ടെത്താന്‍ നന്നേ പ്രയാസപ്പെട്ട സാഹചര്യത്തില്‍ ഭാഗ്യമെന്നോണമാണ് ആ പെനല്‍റ്റ് ലഭിച്ചത്. എട്ടാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍റ്റി വിധിച്ചത്. റഫറി ആദ്യ ഘട്ടത്തില്‍ ഫൗള്‍ കാണുകയോ പെനല്‍റ്റി വിധിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍, വീഡിയോ റഫറിങ്ങിലൂടെയാണ് പരൈഡസിനെ ബുലയാഹി കൈകള്‍ കൊണ്ട് പിടിച്ചു നിലത്തിടുന്നതായി തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് ലഭിച്ച പെനല്‍റ്റി കിക്കെടുത്ത മെസ്സിയ്ക്ക് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഒവൈസിനെ നിസ്സഹായനാക്കി മെസ്സി വലകുലുക്കി. ഇതോടെ ഗാലറി ആര്‍ത്തിരമ്പി. ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി മെസ്സി മാറി.
മെസിയുടെ പെനാല്‍റ്റി ഗോളില്‍ ലീഡ് നേടിയ അര്‍ജന്റീനയെ രണ്ടാം പകുതിയില്‍ നേടിയ മിന്നുന്ന രണ്ട് ഗോളുകള്‍ക്കാണ് സൗദി അറേബ്യ തോല്‍പ്പിച്ചത്. നാല്‍പത്തിയെട്ടാം മിനിറ്റില്‍ സാലെ അല്‍ ഷെഹ്‌രിയും അമ്പത്തിമൂന്നാം മിനിറ്റില്‍ സലീം അല്‍ ദോസരിയുമാണ് സൗദിയുടെ ഉജ്വല ഗോളുകള്‍ നേടിയത്. അവസാന നിമിഷങ്ങളില്‍ നിരവധി ആക്രമണങ്ങളാണ് അര്‍ജന്റീന സൗദി ഗോള്‍ മുഖത്തേക്ക് നടത്തിയത്. എങ്ങനേയും ഒരു ഗോളടിക്കാനുള്ള നീക്കം ചെറുക്കന്നതിനിടെ കളി പരുക്കനായതിനെ തുടര്‍ന്ന് നിരവധി സൗദി താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. അര്‍ജന്റീന ഒറ്റയടിക്ക് മൂന്നു കളിക്കാരെയാണ് പിന്‍വലിച്ച് സബ്സ്റ്റിറ്റിയൂഷന്‍ നടത്തിയത്. പിന്നീടും പകരക്കാരെ ഇറക്കിയെങ്കിലും സൗദിയുടെ പ്രതിരോധത്തെ മറികടക്കാന്‍ ലോക കീരിടം ലക്ഷ്യമിട്ടു ഖത്തറിലെത്തിയ അര്‍ജന്റീനയ്ക്ക് ആയില്ല. സൗദി ഗോളി മുഹമ്മദ് അലോവായിസ് ആണ് അര്‍ജന്റീന താരങ്ങളുടെ ഗോളാവുന്ന നിരവധി ഷോട്ടുകള്‍ തടുത്തത്.
Discussion about this post