ടെഹ്‌റാന്‍: ഇസ്ലാമിക നിയമങ്ങള്‍ക്കെതിരെ സിനിമയെടുത്തു എന്ന് ആരോപിച്ച് വിഖ്യാത ഇറാനിയന്‍ ചലച്ചിത്ര നിര്‍മ്മാതാവ് റേസ ദോര്‍മിഷ്യന് ഇറാനില്‍ ഉപരോധം. ഗോവ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച എ മൈനര്‍ സിനിമയെച്ചൊല്ലിയാണ് നടപടി. ഗോവയിലേക്കുള്ള ദോര്‍മിഷ്യന്‍റെ യാത്ര തടഞ്ഞ ഇറാനിയന്‍ ഭരണകൂടം അദ്ദേഹത്തിന്‍റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി.
വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഐഎഫ്എഫ്ഐയില്‍ എ മൈനര്‍ പ്രദര്‍ശിപ്പിച്ചത്. സ്വതന്ത്ര ചിന്താഗതിയുള്ള, സംഗീതം പഠിക്കാന്‍ ആഗ്രഹിക്കുന്ന മകളുടെയും യാഥാസ്ഥിതികനായ ഭര്‍ത്താവിന്‍റെയും ഇടയില്‍ അകപ്പെട്ട ഒരു വീട്ടമ്മയുടെ കഥയാണ് എ മൈനര്‍ പറയുന്നത്. ദാരിഷ് മെഹര്‍ജുയി ആണ് സംവിധായകന്‍. ഗോവയിലേക്ക് വരുന്നതിന് വേണ്ടി കഴിഞ്ഞ ബുധനാഴ്ച ടെഹ്‌റാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഡോര്‍മിഷ്യനെ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.അതിനു ശേഷം ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
അതിനിടെ റേസ ദോര്‍മിഷ്യനെ കോടതി വിചാരണയ്ക്ക് വിധേയനാക്കുമെന്നാണ് ഇന്നലെ അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇദ്ദേഹത്തിന്‍റെ പേരിലുള്ള കുറ്റങ്ങളെന്തെന്ന് വ്യക്തമാക്കാന്‍ അവര്‍ തയാറായിട്ടില്ല.
മഹ്‌സ അമിനിയുടെ കൊലപാതകത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ സര്‍ക്കാരിനെതിരെ ദോര്‍മിഷ്യന്‍ നടത്തിയ വിമര്‍ശനം ഭരണകൂടത്തിന്‍റെ നീക്കത്തിന് പിന്നിലുണ്ടെന്ന് കരുതുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതിന് ഇറാനിയന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളായ മുഹമ്മദ് റൊസൗലോഫിനെയും മൊസ്തഫ അല്‍ അഹമ്മദിനെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രശസ്ത ഇറാനിയന്‍ എഴുത്തുകാരന്‍ ജാഫര്‍ പനാഹിയും ഇതേ കുറ്റം ആരോപിച്ച് അറസ്റ്റിലാണ്. ഒക്ടോബറില്‍, ഇറാനിയന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മണി ഹാഗിഗി ബിഎഫ്ഐ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടും പിടിച്ചെടുത്തിരുന്നു. നെതര്‍ലാന്‍ഡിലെ ഐഡിഎഫ്എയില്‍ പങ്കെടുക്കുന്നതിന് പോകാന്‍ ശ്രമിച്ച സംവിധായകര്‍ ഫര്‍നാസും മൊഹമ്മദ് റേസ ജുറാബ്ചിയനും സമാനമായ രീതിയില്‍ വിലക്ക് നേരിട്ടിരുന്നു.
Discussion about this post