ദോഹ: മഞ്ഞയണിഞ്ഞ് കുതിക്കാനൊരുങ്ങി കാനറികള്‍. ആരെയും പിടിച്ചുകെട്ടാമെന്ന ശൗര്യവുമായി നിലവിലെ രണ്ടാമന്മാര്‍. ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ഫൈനലിന് ഇന്ന് രാത്രി 8.30ന് എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ വിസിലുയരുമ്പോള്‍ പോരാട്ടം കടുക്കും.
ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലും നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയുമാണ് മുഖാമുഖമെത്തുന്നത്. 2002ന് ശേഷം ആദ്യ ലോക കിരീടം ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ ബ്രസീല്‍ മികച്ച ഫോമിലാണ്. രണ്ട് മത്സരങ്ങളില്‍ പരിക്കു കാരണം കളിക്കാതിരുന്ന നെയ്മര്‍ പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്കെതിരെ കളിക്കാനിറങ്ങിയത് ബ്രസീലിന് മികച്ച ആത്മവിശ്വാസമാണ് നല്‍കിയത്. ഈ കളിയില്‍ നെയ്മര്‍ എതിര്‍ കളിക്കാരുടെ കടുത്ത ടാക്ലിങ്ങിന് വിധേയമാകാതെ ഏറെ ശ്രദ്ധിച്ചാണ് കളിച്ചത്. എങ്കിലും നെയ്മര്‍ എന്ന താരത്തിന്‍റെ സാന്നിദ്ധ്യം സഹകളിക്കാര്‍ക്ക് എത്രത്തോളം ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് ഈ കളിയില്‍ പ്രകടമായി. 4-2-3-1 ശൈലിയില്‍ റിച്ചാലിസണെ സ്ട്രൈക്കറായി വിട്ടാകും ബ്രസീല്‍ ഇന്നും ഇറങ്ങുക.
ലൂക്കാ മോഡ്രിച്ചെന്ന മാന്ത്രികന്‍റെ സാന്നിധ്യമാണ് ക്രൊയേഷ്യയുടെ കരുത്ത്. 4-3-3 ശൈലിയിലാണ് ക്രൊയേഷ്യ ഇറങ്ങുക. മോഡ്രിച്ചിനൊപ്പം മാഴ്സെലോ ബ്രൊസൊവിച്ചും മാറ്റിയു കൊവാസിച്ചും അണിനിരക്കുന്ന മധ്യനിരയാണ് അവരുടെ ശക്തി. മുന്നേറ്റത്തില്‍ ഇവാന്‍ പെരിസിച്ചുമുണ്ട്. ജപ്പാനെതിരായ പ്രീ ക്വാര്‍ട്ടര്‍ ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ പോസ്റ്റിനു മുന്നില്‍ ലിവാകോവിച്ചിന്‍റെ മിന്നുന്ന പ്രകടനമാണ് ക്രോട്ടുകളെ വിജയത്തിലേക്ക് നയിച്ചത്. അതേസമയം മുന്‍നിര സ്ട്രൈക്കര്‍മാര്‍ ഗോള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് കുഴക്കുന്നു.
ലോകകപ്പില്‍ ബ്രസീലും ക്രൊയേഷ്യയും മൂന്നാം തവണയാണ് ഏറ്റുമുട്ടുന്നത്. 2006, 2014 ലോകകപ്പുകളിലായിരുന്നു നേരത്തെയുള്ള മുഖാമുഖം. ഇതില്‍ രണ്ടിലും ജയം കാനറികള്‍ക്കൊപ്പം. കൂടാതെ രണ്ട് സൗഹൃദ മത്സരങ്ങളും കളിച്ചു. അവസാനം കളിച്ചത് 2018-ല്‍. അതിലും ജയം കാനറികള്‍ക്കൊപ്പമായിരുന്നു. ഒരിക്കല്‍ ബ്രസീലിനെ സമനിലയില്‍ തളയ്ക്കാന്‍ മാത്രമാണ് ക്രൊയേഷ്യക്ക് കഴിഞ്ഞിട്ടുള്ളത്.
അതേസമയം,ലയണല്‍ മെസിയെന്ന ഫുട്‌ബോള്‍ മാന്ത്രികന്റെ ചടുല നീക്കങ്ങള്‍ക്ക് പിന്തുണയുമായി ലോകം കീഴടക്കാനൊരുങ്ങുന്ന അര്‍ജന്റീനയുടെ നീലപ്പട. അവരെ തടയാന്‍ ടോട്ടല്‍ ഫുട്‌ബോളിന്റെ ഓറഞ്ച് നിറക്കൂട്ടുമായെത്തുന്ന നെതര്‍ലന്‍ഡ്‌സിന്‍റെ പോരാളികള്‍… ഇന്ന് രാത്രി 12.30ന് ലുസൈല്‍ സ്റ്റേഡിയം ഇതിനൊരു മറുപടി നല്കും.
മെസിയുടെ പ്രതിഭയെ പിടിച്ചുകെട്ടാന്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിരോധനിരക്കാരനെന്ന വിശേഷണവുമായെത്തുന്ന വിര്‍ജല്‍ വാന്‍ഡിക്കിനായാല്‍ കളിയുടെ സമവാക്യങ്ങള്‍ മാറും. കഴിഞ്ഞ നാല് കളിയില്‍ നിന്ന് മൂന്ന് ഗോള്‍ നേടിയ മെസിയെ പിടിച്ചുകെട്ടുകയെന്നതാണ് വാന്‍ ഡിക്കിന്‍റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. മെസി മാത്രമല്ല അര്‍ജന്റീനയുടെ കരുത്തെന്നതും തിരിച്ചറിയണം. അതേസമയം, മിഡ്ഫീല്‍ഡള്‍ റോഡ്രിഗോ ഡി പോളിന്‍റെ പരിക്ക് അവര്‍ക്ക് തിരിച്ചടി. പേശികള്‍ക്ക് പരിക്കേറ്റതിനാല്‍ 28കാരന്‍ ക്വാര്‍ട്ടറില്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ കളിയില്‍ പരിക്കുകാരണം പുറത്തിരുന്ന എയ്ഞ്ചല്‍ ഡി മരിയ ഇന്ന് കളിക്കാനിറങ്ങുമെന്നത് അര്‍ജന്റീന ക്യാമ്പില്‍ ആശ്വാസം കുട്ടിയിട്ടുണ്ട്. 4-3-3 ശൈലിയിലാകും അര്‍ജന്റീന ഇറങ്ങുക.
പ്രീ ക്വാര്‍ട്ടറില്‍ യുഎസ്എയെ കീഴടക്കിയ നെതര്‍ലന്‍ഡ്സ് ഓരോ കളിയിലും മെച്ചപ്പെടുന്നു. 4-3-1-2 എന്ന ശൈലിയിലാകും നെതര്‍ലന്‍ഡ്സ് ഇറങ്ങുക. മുന്നേറ്റത്തില്‍ ഗാക്പോയും മെംഫിസ് ഡീപേയും തൊട്ടുപിന്നില്‍ ഡാവി ക്ലാസ്സെനുമാകും. കളിച്ച നാല് കളികളില്‍ നിന്ന് എട്ട് ഗോളടിച്ച അവര്‍ രണ്ടെണ്ണം വഴങ്ങി. നിലവില്‍ മൂന്ന് ഗോളടിച്ച് മികച്ച ഫോമിലുള്ള കോഡി ഗാക്പോയുടെ കാലുകളിലാണ് അവരുടെ പ്രതീക്ഷകള്‍. ക്ലാസ്സനും ഡി ജോങ്ങും ഡീപേയുമടക്കം ഓരോ ഗോള്‍ വീതം നേടി. ഡീപേയും ഗാക്പോയും ഡിജോങ്ങും മിന്നിയാല്‍ 2010നുശേഷം അവര്‍ക്ക് അവസാന നാലില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞേക്കും.
ലോകകപ്പില്‍ അഞ്ച് തവണയാണ് അര്‍ജന്റീനയും നെതര്‍ലന്‍ഡ്സും ഏറ്റുമുട്ടിയത്. രണ്ട് തവണ അര്‍ജന്റീന തോറ്റപ്പോള്‍ രണ്ടില്‍ വിജയിച്ചു. ഒരെണ്ണം സമനിലയിലും. 2014ലെ ബ്രസീല്‍ ലോകകപ്പിന്റെ സെമിയിലാണ് ഇവര്‍ അവസാനമായി ഏറ്റുമുട്ടിയത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ 4-2ന്‍റെ അര്‍ജന്റീന ജയിച്ചു.
Discussion about this post