‘പുലയന്‍ അയ്യപ്പനെന്ന് നിങ്ങളെന്നെ വിളിക്കുന്നു. അത് എനിക്കൊരു ബഹുമതിയാണ്, റാവു ബഹദൂര്‍, സര്‍ എന്നൊക്കെ ചിലബഹുമതികള്‍ പലര്‍ക്കും കിട്ടാറുണ്ടല്ലോ, അതുപോലെ…’ 1928ല്‍ കൊച്ചിപ്രജാസഭയില്‍ അംഗമായിരുന്ന കെ. അയ്യപ്പന്‍ എന്ന സഹോദരന്‍ അയ്യപ്പന്റെ ഈ ഗര്‍ജ്ജനം കേരളത്തിന്റെ അധസ്ഥിതജീവിതങ്ങളിലെ അഭിമാനത്തിന്റെ ഹിമാലയപ്പൊക്കത്തിലെത്തിച്ചു. താന്‍ പിറന്ന ചെറായിയില്‍ ജാതിയെ പടിക്കുപുറത്തുനിര്‍ത്തി പന്തിഭോജനം നടത്തിയപ്പോഴാണ് സ്വജാതിയില്‍ പിറന്നവരടക്കം അയ്യപ്പനെ പുലയന്‍ അയ്യപ്പന്‍ എന്ന് വിളിച്ചത്.
ഗുരുദേവന്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ഉദ്‌ഘോഷിച്ചപ്പോള്‍ അയ്യപ്പന്‍ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് മാറ്റിപ്പറഞ്ഞു. വേറിട്ട നിലപാടുകള്‍ കൊണ്ട് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെ ഏടുകളില്‍ അടയാളപ്പെടുത്തപ്പെട്ട അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളായിരുന്നു സഹോദരന്‍ അയ്യപ്പന്‍. സാമൂഹിക പരിഷ്‌ക്കര്‍ത്താവ്, വിപ്ലവകാരി, കവി, യുക്തിവാദി, നിയമ സാമാജികന്‍, ഭരണകര്‍ത്താവ് എന്നിങ്ങനെ പല മുഖങ്ങളില്‍ കെ. അയ്യപ്പന്‍ എന്ന മുദ്ര പതിഞ്ഞു.
കാപ്പിക്കടയും തുണിക്കടയും വരെ ജാതിയുടെ തൊപ്പിയും തൊങ്ങലും ധരിച്ചിരുന്ന കാലത്ത് മിശ്രവിവാഹത്തിനും മിശ്രഭോജനത്തിനും നേതൃത്വം നല്‍കിക്കൊണ്ട് 1917 ല്‍ അദ്ദേഹം ജന്മം നല്‍കിയ ‘സഹോദരസംഘ’ത്തിന് കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ചരിത്രത്തില്‍ എന്നും അനിഷേധ്യമായ സ്ഥാനമാണുള്ളത്. ജാതീയതയുടെ ഇരുള്‍വഴികളിലൂടെ സഞ്ചരിച്ച സമാനജീവിതങ്ങളെ വെളിച്ചത്തിലേക്ക് നയിക്കാനുള്ള പരിശ്രമത്തില്‍ ഏര്‍പ്പെട്ടു. ഗുരുദേവ ദര്‍ശനങ്ങളായിരുന്നു പ്രേരണ. തൊഴിലാളികള്‍ക്ക് വേണ്ടി ‘വേലക്കാരന്‍’, യുക്തിയുടെ വഴിയേ സഞ്ചരിക്കുന്നവര്‍ക്കായി ‘യുക്തിവാദി’, പോരാട്ടത്തിന്റെ വഴിയില്‍ നാമൊരേ ഉദരത്തില്‍ പിറന്നവര്‍ എന്ന് ജാതിവെറിയുടെ കോട്ടകളില്‍ അമര്‍ന്നിരുന്നവരെ വെല്ലുവിളിച്ച ‘സഹോദരന്‍’.. അയ്യപ്പന്‍ ആരംഭിച്ച പ്രസിദ്ധീകരണങ്ങള്‍.. സാമൂഹ്യമുന്നേറ്റത്തിന്റെ പാതയിലെ തീപ്പന്തങ്ങള്‍..
എറണാകുളത്ത് വൈപ്പിന്‍ ദ്വീപിലെ ചെറായിയില്‍ 1889 ആഗസ്റ്റ് മാസം 21നായിരുന്നു അയ്യപ്പന്റെ ജനനം. അച്ഛന്‍ കുമ്പളത്തു പറമ്പില്‍ കൊച്ചാവു വൈദ്യര്‍. അമ്മ ഉണ്ണൂലി.
പാര്‍വ്വതിയായിരുന്നു പത്‌നി. മകള്‍ ഐഷ ഗോപാലകൃഷ്ണന്‍. 1968 മാര്‍ച്ച് 6ന് സമത്വജീവിതത്തിന്റെ മഹാദര്‍ശനങ്ങള്‍ ഈ മണ്ണില്‍ അവശേഷിപ്പിച്ച് അദ്ദേഹം മടങ്ങി.
Discussion about this post