കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം രാത്രി രാമനവമി ശോഭായാത്രയ്‌ക്കെതിരെ അക്രമം നടന്ന ഹൂഗ്ലി മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റിഷ്‌റ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ശോഭായാത്ര ജിടി റോഡില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്. അക്രമത്തില്‍ ബിജെപി എംഎല്‍എ ബിമന്‍ ഘോഷിന് പരിക്കേറ്റു. പ്രദേശത്ത് വിപുലമായ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. റിഷ്‌റ, സെറാംപോര്‍ മേഖലയില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. ഇന്നലെ രാത്രി 10 വരെ ഇന്റര്‍നെറ്റ് റദ്ദാക്കിയിരുന്നു.
അതിനിടെ ഹൂബ്ലിയിലെ അക്രമത്തില്‍ കര്‍ശന നടപടികളെടുക്കണമെന്ന് ഗവര്‍ണര്‍ സി.വി. ആനന്ദബോസ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുഴുവന്‍ അക്രമികളെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം. തെമ്മാടിക്കൂട്ടത്തെ ഉരുക്ക് കരങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്തണം. ഇത്തരം ആള്‍ക്കൂട്ടത്തെമ്മാടിത്തത്തിന് ഭരണകൂടം വഴിപ്പെട്ടുകൂടാ, അദ്ദേഹം പറഞ്ഞു.
തീയോടാണ് കളിക്കുന്നതെന്ന് അക്രമികള്‍ അറിയും വിധം നടപടികള്‍ ശക്തമായിരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ഹൂഗ്ലി ജഗന്നാഥക്ഷേത്രത്തിലേക്ക് സമാധാനപൂര്‍വം നടന്ന ശോഭായാത്രയെ ആസൂത്രിതമായി അക്രമിക്കുകയായിരുന്നുവെന്ന് ബിജെപി എംപി ദിലീപ് ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. ആളുകള്‍ ചിതറിയോടി. നിരവധി പോലീസുകാര്‍ക്കും തുടര്‍ച്ചയായുള്ള കല്ലേറില്‍ പരിക്കേറ്റു.
രാമനവമി ദിവസം ഹൗറയില്‍ നടന്ന ശോഭായാത്രയ്‌ക്കെതിരെയും അക്രമം നടന്നിരുന്നു. വ്യാപകമായ നാശനഷ്ടങ്ങളാണുണ്ടായത്. ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയായിട്ടും സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ വൈകുന്നതാണ് അക്രമികള്‍ക്ക് പ്രോത്സാഹനമാകുന്നതെന്ന് ദിലീപ് ഘോഷ് ചൂണ്ടിക്കാട്ടി.
Discussion about this post