പൂനെ: ‘സവര്‍ക്കറിനെ നിന്ദിക്കുന്നവരോടാണ്, രാജ്യത്തിനും തലമുറകള്‍ക്കും സ്വാതന്ത്ര്യം ലഭിക്കാനാണ് അദ്ദേഹം ത്യാഗം ചെയ്തത്. വിനായകദാമോദര സവര്‍ക്കര്‍ വെറും വീരനല്ല, സ്വാതന്ത്ര്യവീരനായിരുന്നുവെന്ന് ഓര്‍ക്കണം’ സവര്‍ക്കറിനെതിരായ കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്ക് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ മറുപടി. മറാഠാ മണ്ണിന്‍റെ അഭിമാനമാണ് ആ പേര്. അപമാനിക്കാനായി ആ പേര് ഉച്ചരിക്കരുത്. അദ്ദേഹം നിങ്ങളെയോ നിങ്ങളുടെ പൂര്‍വികരെയോ പോലെ വായില്‍ സ്വര്‍ണക്കരണ്ടിയുമായല്ല പിറന്നത്. സമരത്തിനിടയില്‍ സുഖം തേടിപ്പോകുന്ന ശീലം നിങ്ങളുടേതാണ്. സവര്‍ക്കര്‍ ധീരനാണെന്നതിന് ലോകത്തിലെ ഏറ്റവും ഭീരുവായ രാഹുലിനെപ്പോലെ ഒരാളുടെ പ്രമാണ പത്രം ആവശ്യമില്ല, ഫഡ്‌നാവിസ് പറഞ്ഞു. പൂനെയില്‍ സവര്‍ക്കര്‍ ഗൗരവ് യാത്രയെ അഭിസംബോധന ചെയ്യുകയായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി.
മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്ന് വീമ്പ് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് മാപ്പ് ഇനിയും ഒരുപാട് പറയേണ്ടിവരും. വീരസവര്‍ക്കറിനെ അപമാനിക്കുന്നതിന് മുഴുവന്‍ ഭാരതീയരോടും അദ്ദേഹത്തിന് മാപ്പ് പറയേണ്ടിവരും. സവര്‍ക്കര്‍ കോണ്‍ഗ്രസിന് താങ്ങാനാവുന്ന നേതാവല്ല. തൊട്ടുകൂടായ്മയ്‌ക്കെതിരെ ജീവിതം സമരമാക്കിയ പോരാളിയാണ്. അയിത്തം കൊടികുത്തിയ നാളുകളില്‍ അദ്ദേഹമാണ് രത്‌നഗിരിയില്‍ അവര്‍ക്ക് ആരാധിക്കാനും കോവിലില്‍ കടന്ന് പൂജിക്കാനും അവകാശം നല്കിയ പതിത പാവന ക്ഷേത്രം സ്ഥാപിച്ചത്. രാഹുലിന് സവര്‍ക്കറാകാന്‍ സാധിക്കില്ല. ഗാന്ധിയാകാനും കഴിയില്ല. ഇവരൊക്കെ ആകണമെങ്കില്‍ മിനിമം ഈ രാജ്യത്തെക്കുറിച്ചും ഈ നാടിന്‍റെ ചരിത്രക്കുറിച്ചും അറിയണം, ഫഡ്‌നാവിസ് പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം, പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു അംഗം പാര്‍ലമെന്റില്‍ സവര്‍ക്കറെ അഭിനന്ദിച്ച് പ്രമേയം അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരംഗമാണ് പിന്തുണച്ചത്. അദ്ദേഹത്തിന്‍റെ പേര് ഫിറോസ് എന്നായിരുന്നു. ഇതാരുടെ പേരാണെന്നെങ്കിലും രാഹുല്‍ അറിയുന്നത് നല്ലതാണെന്ന് ഫഡ്നാവിസ് പരിഹസിച്ചു.
Discussion about this post