മഥുര: ബ്രജ് ഭൂമിയില്‍ ജലവിപ്ലവം തീര്‍ത്ത് ആര്‍എസ്എസ് പര്യാവരണ്‍ ഗതിവിധി പ്രവര്‍ത്തകര്‍. രണ്ട് പതിറ്റാണ്ടായി തുടരുന്ന ജലക്ഷാമത്തിനാണ് ഇതിലൂടെ പരിഹാരം കണ്ടത്. പുരാതനകാലം മുതലുണ്ടായിരുന്ന കുളങ്ങള്‍ നികന്നതും ഭൂഗര്‍ഭജലനിരപ്പ് താഴ്ന്നതും മൂലം രൂക്ഷമായ ജലക്ഷാമം നേരിട്ട ബ്രജില്‍ തടാകങ്ങള്‍ പുനരുജ്ജീവിപ്പിച്ചാണ് പര്യാവരണ്‍ പ്രവര്‍ത്തകര്‍ പുതിയ മാതൃക തീര്‍ത്തത്. നികന്ന കുളങ്ങളെല്ലാം അവര്‍ പുനരുജ്ജീവിപ്പിച്ചു. നീര്‍ച്ചാലുകള്‍ തീര്‍ത്ത് യമുനാനദിയിലെ ജലം കുളങ്ങളിലേക്ക് എത്തിച്ചു.
തുടര്‍ച്ചയായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ നൂറുകണക്കിന് കുളങ്ങള്‍ കൈയേറ്റത്തില്‍ നിന്ന് മോചിപ്പിക്കുകയും ഡസന്‍ കണക്കിന് പുതിയ കുളങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.
84 തീര്‍ത്ഥങ്ങളുടെ ഒരു നീണ്ട ശൃംഖലയാണ് ബ്രജ് ഭൂമിയുടെ സവിശേഷതയായിരുന്നത്. ചിലത് അപ്രത്യക്ഷമായി, ചിലത് കയ്യേറ്റം ചെയ്യപ്പെട്ടു, മറ്റുചിലത് നാശോന്മുഖമാണ്. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാലിന്റെ സാന്നിധ്യത്തില്‍ 2020ല്‍ ചേര്‍ന്ന യോഗത്തിലാണ് തീര്‍ത്ഥങ്ങള്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. ബ്രജ് പ്രാന്ത പ്രചാരക് ഡോ. ഹരീഷ് റൗട്ടേലയുടെ മാര്‍ഗനിര്‍ദേശത്തില്‍ 2020ലെ രാധാഷ്ടമി ദിനത്തില്‍ തീര്‍ത്ഥപൂജയോടെ ജലസംരക്ഷണ പ്രവര്‍ത്തനം തുടങ്ങി.
ഗ്രാമപഞ്ചായത്ത് തലത്തില്‍ ഇതിനായി സമിതികള്‍ രൂപീകരിച്ചു. മഥുര ജില്ലയില്‍ മാത്രം 2015 കുളങ്ങള്‍ അവര്‍ കണ്ടെത്തി. 2020ല്‍ മാത്രം 164 കുളം ശുദ്ധീകരിച്ചു. 2021ല്‍ 543, 2022ല്‍ 459 കുളങ്ങള്‍ പുനരുജ്ജീവിപ്പിച്ചു. രണ്ട് കൊല്ലം കൊണ്ട് 1438 കുളങ്ങള്‍ പുതിയതായി കുഴിച്ചു. നീര്‍ച്ചാലുകള്‍ തീര്‍ത്ത് അവയിലേക്ക് യമുനയിലെ ജലം എത്തിച്ചു. പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചു. മഴവെള്ള സംഭരണികള്‍ തീര്‍ത്തു.
ബല്‍ദേവ് ബ്ലോക്കിലെ ധനൈത ഗ്രാമപഞ്ചായത്തില്‍ 8 ഏക്കര്‍ വിസ്തൃതിയുള്ള തടാകമാണ് വീണ്ടെടുത്തത്. 1200 മീറ്റര്‍ പൈപ്പ് ലൈന്‍ ഇതിനായി ലഭിച്ചു. ആറ് കുളങ്ങള്‍ കുഴിച്ച് പൈപ്പ് ലൈന്‍ വഴി വെള്ളമെത്തിച്ചു. ഏഴ് മാസം അയ്യായിരത്തിലേറെ പ്രവര്‍ത്തകര്‍ കഠിനാധ്വാനത്തിലൂടെ ബല്‍ദേവ് തടാകം പൂര്‍ണമാക്കി. മിത്തൗലി, ബിര്‍ജുഗര്‍ഹി, കാതല ഗ്രാമം, സുരിര്‍, ബജ്നയ്ക്ക് സമീപമുള്ള തന്തിഗാവ് എന്നിവിടങ്ങളിലും ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ന്നു. വെള്ളത്തിന് നാല് കിലോമീറ്റര്‍ ദൂരം പോകേണ്ടിയിരുന്ന ഗ്രാമീണ മേഖലയിലെ ജനതയ്ക്ക് പര്യാവരണ്‍ പ്രവര്‍ത്തകരുടെ പരിശ്രമം അനുഗ്രഹമായി.
Discussion about this post