എറണാകുളം: അന്തരിച്ച പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സിഎസ്‌ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായ ഡോ. എൻ.ഗോപാലകൃഷ്ണന്റെ കണ്ണുകൾ സക്ഷമയ്‌ക്ക് ദാനം ചെയ്യും. അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്യുന്നതിന് കുടുംബം തയ്യാറായി മുന്നോട്ടുവന്നു. വിജ്ഞാനസാഗരം പാനം ചെയ്ത അദ്ദേഹത്തിന്റെ നേത്രങ്ങൾ സക്ഷമ മുഖാന്തിരം കാഴ്ചയില്ലാത്ത രണ്ട് പേർക്കായിട്ടാണ് ദാനം ചെയ്യാൻ പോകുന്നത്. ദിവ്യാംഗരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ദേശീയ സംഘടനയാണ് സക്ഷമ. കോർണിയ കാരണം കാഴ്ച നഷ്ടപ്പെട്ടവർക്ക് നേത്രദാനത്തിലൂടെ പുതിയ ജീവിതം നൽകുന്നു.
ഡോ. എൻ. ഗോപാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്‌ക്ക് 12-ന് മേക്കര ധന്വന്തരി മഠത്തിനടുത്ത് തുളു ബ്രാഹ്‌മണ സമാജത്തിന്റെ ശ്മശാനത്തിൽ വച്ച് നടക്കും. മൃതദേഹം തൃപ്പൂണിത്തുറ ലായം റോഡിലെ ശ്രീനിവാസിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. രാഷ്‌ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രനിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത് ആർഎസ്എസ് പ്രാന്തപ്രചാരക് എസ് സുദർശൻ. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ വി ബാബു. അമൃതാനന്ദമയീമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ,മുൻ മിസ്സോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ, ചിന്മയാ മിഷൻ തുടങ്ങിയവർ അദ്ദേഹത്തെ അനുസ്മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. 68 വയസായിരുന്നു. ലളിതമായ അദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെയാണ് ഡോ. എൻ.ഗോപാലകൃഷ്ണൻ ശ്രദ്ധപിടിച്ചു പറ്റിയത്. ഭാരതീയ പൈതൃകത്തെക്കുറിച്ചും ചിന്താധാരകളെക്കുറിച്ചും ദീർഘമായ പ്രഭാഷണങ്ങൾ നടത്തി. ശാസ്ത്ര വിഷയങ്ങളിലും വേദോപനിഷത്തുകളിലും പുരാണങ്ങളിലുമുള്ള അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ വേറിട്ടതാക്കി. 6000-ലധികം പ്രഭാഷണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്.
യുഎസ്, കാനഡ, യുകെ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ അദ്ദേഹം നിരവധി തവണ സന്ദർശിക്കുകയും ഇന്ത്യൻ, വിദേശ സർവകലാശാലകളിൽ നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കാനഡയിലെ ആൽബർട്ട സർവ്വകലാശാലയിൽ വിസിറ്റിങ് സയന്റിസ്റ്റ് ആയിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും സർവ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിസിറ്റിങ് ഫാക്കൽറ്റി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1999-ൽ തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് അദ്ദേഹം സ്ഥാപിച്ചു. ഇതിന്റെ ആസ്ഥാനം പിന്നീട് തൃശൂർ കേച്ചേരി മഴുവഞ്ചേരിയിലേക്കു മാറ്റിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായ അദ്ദേഹം ഇന്ത്യൻ ശാസ്ത്ര പൈതൃകം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുഴുവൻ സമയവും നീക്കി വെച്ചു. സിഎസ്ഐആർ മുൻ സീനിയർ ശാസ്ത്രഞ്ജനായിരുന്ന അദ്ദേഹം 25 വർഷമാണ് സിഎസ്‌ഐആറിൽ സേവനമനുഷ്ഠിച്ചത്. ഫാർമക്കോളജി കെമിസ്ട്രിയിലും അപ്ലൈഡ് കെമിസ്ട്രിയിലും ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം പിഎച്ച്ഡി നേടി. സംസ്‌കൃതത്തിലെ ഗവേഷണത്തിനും പഠനത്തിനും ഡി.ലിറ്റ് ലഭിച്ച ഏക ശാസ്ത്രജ്ഞനാണ് ഡോ. എൻ.ഗോപാലകൃഷ്ണൻ.
28 വർഷത്തെ ഗവേഷണ പരിചയമുള്ള ഡോ. എൻ ഗോപാലകൃഷ്ണൻ ദേശീയ അന്തർദേശീയ ശാസ്ത്ര ജേണലുകളിൽ 50 ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 7 പേറ്റന്റുകൾ, ശാസ്ത്ര ഗവേഷണത്തിനുള്ള 6 അവാർഡുകൾ, ഇന്ത്യയിലും വിദേശത്തുനിന്നും 9 ശാസ്ത്ര ജനകീയവൽക്കരണ അവാർഡുകൾ, രണ്ട് ഫെലോഷിപ്പുകൾ എന്നിവ നേടി. 60 പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. ഭാരതീയ വിചാരധാര, ഭാരതീയ ഈശ്വരസങ്കൽപം തുടങ്ങിയവ പ്രമുഖ കൃതികളാണ്. കടുത്ത ദാരിദ്ര്യത്തോട് പടവെട്ടിയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. എറണാകുളം നോർത്ത് പരമാര ക്ഷേത്രത്തിൽ പൂജാരിയായും ദ്വാരക ഹോട്ടലിൽ സപ്ലൈയറായും ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.
Discussion about this post