റായ്പൂർ: ദ കേരളാ സ്റ്റോറി സിനിമ ഛത്തീസ്ഗഡിൽ നികുതി രഹിതമായി പ്രഖ്യാപിക്കണമെന്ന് ബിജെപി എംപി സരോജ് പാണ്ഡെ. സിനിമയിൽ കാണിക്കുന്ന പ്രശ്നങ്ങളും സാഹചര്യങ്ങളും ഛത്തീസ്ഗഡിൽ തുടർച്ചയായി നടക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. അത് കേരളത്തിന്‍റെ മാത്രമല്ല, ഛത്തീസ്ഗഡിന്‍റെയും കഥയാണെന്നും പാണ്ഡെ പറഞ്ഞു. സംസ്ഥാനത്ത് സിനിമയ്‌ക്ക് നികുതി ഒഴിവാക്കി നൽകാൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ തയാറാകണമെന്നും പാണ്ഡെ ആവശ്യപ്പെട്ടു. ചിത്രം കണ്ടശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരോജ് പാണ്ഡെ.
സിനിമയിൽ കാണിക്കുന്ന വിഷയങ്ങൾ ഛത്തീസ്ഗഡിൽ തുടർച്ചയായി നടക്കുന്നുണ്ട്. ഏതുനിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു വെടിമരുന്ന് കൂമ്പാരത്തിലാണ് ഛത്തീസ്ഗഡ് ഇരിക്കുന്നത്. ഇത് കേരളത്തിന്‍റെ മാത്രമല്ല, ബംഗാളിന്‍റെയും ഛത്തീസ്ഗഡിന്‍റെയും കൂടി കഥയാണെന്നും എംപി കൂട്ടിച്ചേർത്തു.
കോൺഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും നിശ്ശബ്ദ പിന്തുണയോടെ രാജ്യത്തിനകത്ത് തഴച്ചുവളരുന്ന ലൗ ജിഹാദിന്‍റെയും ഐഎസിന്‍റെയും ‘വിഷവിത്ത്’ മരമാകുന്നത് തടയേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ലൗ ജിഹാദ് പോലുള്ള വിഷയങ്ങളിൽ അകപ്പെട്ടുപോകുന്നതിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കാൻ ഈ ചിത്രത്തിനാകും. ഈ കഥ പെൺകുട്ടികളിലെ അവബോധം വളർത്താൻ സഹായിക്കുമെന്നും സരോജ് പറഞ്ഞു.
Discussion about this post