മണ്ണാര്‍ക്കാട്: സിക്കിള്‍സെല്‍ അനീമിയ രോഗികളുടെ ക്ഷേമത്തിന് കേന്ദ്രം 16,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തെ ഏഴുകോടി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നും കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടെ പറഞ്ഞു. രാജ്യത്ത് ഇത്തരമൊരു പദ്ധതി ആദ്യമായാണ്. അഗളിയില്‍ ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനം തുടങ്ങിയ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ രണ്ടാംനിലയുടെയും അനുബന്ധ സൗകര്യങ്ങളോടു കൂടിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വാമി വിവേകാനന്ദന്‍റെ സ്വപ്നം അട്ടപ്പാടി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ അവരുടെ പ്രവര്‍ത്തനത്തിലൂടെ യാഥാര്‍ത്ഥ്യമാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വനവാസി പ്രാക്തന ഗോത്ര വര്‍ഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 12,500 കോടിയും നീക്കിവെച്ചിട്ടുണ്ട്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മാതൃകയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് ഉടന്‍ കെട്ടിടം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടി മേഖലയില്‍ ശിശുമരണ നിരക്ക് ഉയരുന്നത് എന്തുകൊണ്ടെന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്രസ്റ്റ് പ്രസിഡന്റ് വി.പി.എസ്. മേനോന്‍ അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീകണ്ഠന്‍ എംപി, കോയമ്പത്തൂര്‍ എംഎല്‍എ വാനതി ശ്രീനിവാസന്‍, സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസറും ട്രസ്റ്റിയുമായ ഡോ. വി. നാരായണന്‍, ഗായികയുമായ നഞ്ചിയമ്മ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടര്‍ ഗോപാലകൃഷ്ണ അഗര്‍വാള്‍, ബിപിസിഎല്‍ സിഎസ്ആര്‍ ചീഫ് മാനേജര്‍ വിനീത് വര്‍ഗീസ്, സ്വാമി ജ്ഞാനാമൃതാനന്ദപുരി, കിംസ് ആശുപത്രി സിഇഒ രശ്മി ആയിഷ, ബ്രാഡ്ക്കണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഎസ്എംകെ രഞ്ജിത്ത്, സീമ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, ട്രസ്റ്റ് സെക്രട്ടറി എസ്. സജിമോന്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post