കൊണ്ടോട്ടി: കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. മലപ്പുറം കിഴിശ്ശേരിക്കു സമീപം തവനൂര്‍ റോഡില്‍ ഒന്നാംമൈലില്‍ ബിഹാര്‍ സ്വദേശിയായ അതിഥിത്തൊഴിലാളി കഴിഞ്ഞദിവസം മര്‍ദനമേറ്റുമരിച്ചത് ആള്‍ക്കൂട്ട കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു.
ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മാധവ്പുര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചി(36)യാണ് കൊല്ലപ്പെട്ടത്. ആളുകള്‍ രണ്ടുമണിക്കൂറിലേറെ ഉപദ്രവിച്ചെന്നും അനക്കമില്ലാതായതോടെ സമീപത്തെ കവലയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നിടുകയായിരുന്നുവെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് മാധ്യമങ്ങളോടു പറഞ്ഞു.
പ്രദേശവാസികളായ എട്ടുപേരെ കേസില്‍ പോലീസ് അറസ്റ്റുചെയ്തു. ഒരാള്‍ കസ്റ്റഡിയിലുമുണ്ട്. തവനൂര്‍ വരുവള്ളി പിലാക്കല്‍ മുഹമ്മദ് അഫ്സല്‍ (34), സഹോദരങ്ങളായ ഫാസില്‍ (37), ഷറഫുദ്ദീന്‍ (43), തവനൂര്‍ ദേവര്‍ത്തൊടി മെഹബൂബ് (32), തേര്‍ത്തൊടി അബ്ദുസമദ് (34), പേങ്ങാട്ടില്‍ നാസര്‍ (41), ചെവിട്ടാണിപ്പറമ്പ് വീട്ടില്‍ ഹബീബ് (36), കടുങ്ങല്ലൂര്‍ ചെമ്രക്കാട്ടൂര്‍ പാലത്തിങ്ങല്‍ അയ്യൂബ് (40) എന്നിവരെയാണ് അറസ്റ്റുചെയ്തത്. രാജേഷിനെ കണ്ടെത്തിയ സ്ഥലത്തെ വീട്ടുടമയും ബന്ധുക്കളുമാണ് അറസ്റ്റിലായവര്‍.
ഇവരുടെപേരില്‍ കൊലപാതകക്കുറ്റം ചുമത്തി. എട്ടുപേര്‍ക്കും കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ലഹളയുണ്ടാക്കിയതിനും ഇവരുടെ പേരില്‍ കുറ്റംചുമത്തി. മര്‍ദനത്തിന് ഐ.പി.സി. 342, കൊലപാതകത്തിന് ഐ.പി.സി. 302, തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതിന് ഐ.പി.സി. 201 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. തവനൂര്‍ പാട്ടുകാരന്‍ സൈനുല്‍ ആബിദ് (29) ആണ് കസ്റ്റഡിയിലുള്ളതെന്ന് പോലീസ് അറിയിച്ചു. സ്ഥലത്തെ സി.സി.ടി.വി.യിലെ ദൃശ്യങ്ങള്‍ നശിപ്പിക്കാനും കൊല്ലപ്പെട്ടയാളിന്റെ ടീഷര്‍ട്ട് ഒളിപ്പിക്കാനും ശ്രമിച്ചതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കള്ളനെന്നുപറഞ്ഞാണ് ശനിയാഴ്ച പുലര്‍ച്ചെ ആളുകള്‍ രാജേഷിനെ മര്‍ദിച്ചത്. രാത്രി 12.15-ഓടെ തുടങ്ങിയ മര്‍ദനം രണ്ടരവരെ നീണ്ടു. പ്ലാസ്റ്റിക് പൈപ്പും മാവിന്‍കമ്പുമെല്ലാം ഉപയോഗിച്ചായിരുന്നു അടി. അനക്കമില്ലാതായ യുവാവിനെ വലിച്ചിഴച്ച് 50 മീറ്റര്‍ അകലെയുള്ള അങ്ങാടിയിലെത്തിച്ചു. തുടര്‍ന്ന് സ്ഥലത്തെ ഒരു പൊതുപ്രവര്‍ത്തകനെ അറിയിച്ചു. അദ്ദേഹം അടുത്തുള്ള പോലീസ് ഉദ്യോഗസ്ഥനെ അറിയിച്ചു. ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു -ജില്ലാ പോലീസ് മേധാവി പറഞ്ഞു.
എട്ടുപേരെയും സംഭവമറിഞ്ഞ് രണ്ടുമണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടിയിരുന്നു. ഇവരുടെ ഫോണുകളും കസ്റ്റഡിയിലെടുത്തു. രണ്ടുപേരുടെ ഫോണുകളില്‍നിന്ന് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ പെട്ടെന്ന് തിരിച്ചറിയാന്‍ ഇതു സഹായമായി.
കൊല്ലപ്പെട്ട രാജേഷിന്റെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ടെന്നും മര്‍ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്കു മാരകമായി പരിക്കേറ്റിട്ടുണ്ടാകുമെന്നുമാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു.
നേരത്തേ പട്ടാമ്പിയില്‍ ജോലിചെയ്തിരുന്ന രാജേഷ് മാഞ്ചി രണ്ടുദിവസം മുന്‍പാണ് കിഴിശ്ശേരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്. കോഴിഫാമിലെ ജോലിക്കായാണ് ഇവിടെ വന്നതെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായവരില്‍ അഞ്ചുപേര്‍ക്കാണ് അക്രമത്തില്‍ നേരിട്ടു പങ്ക്. ഇവരെ ഞായറാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.
രാജേഷിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് പൈപ്പിന്റെ കഷണങ്ങളും മാവിന്റെ കമ്പ്, കൈകെട്ടാന്‍ ഉപയോഗിച്ച കയര്‍ തുടങ്ങിയവയും കണ്ടെടുത്തു. രാജേഷ് ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു. കൊണ്ടോട്ടി എ.എസ്.പി. വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
കൊടിയ മര്‍ദനം: നീണ്ടത് രണ്ടുമണിക്കൂറിലേറെ
കിഴിശ്ശേരി : അതിഥിത്തൊഴിലാളിയായ രാജേഷ് മാഞ്ചിയെ ഒരുകൂട്ടം ആളുകള്‍ചേര്‍ന്ന് കൊലപ്പെടുത്തിയത് രണ്ടുമണിക്കൂറിലേറെ മര്‍ദിച്ചും ചോദ്യംചെയ്തും. പുലര്‍ച്ചെ 12.15-ഓടെ തുടങ്ങിയ മര്‍ദനം അവസാനിപ്പിച്ചത് യുവാവിന് അനക്കമില്ലാതായതോടെ.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:ശനിയാഴ്ച പുലര്‍ച്ചെ തവനൂര്‍ റോഡില്‍ ഒന്നാംമൈലില്‍ മുഹമ്മദ് അഫ്സലിന്റെ വീടിനരികില്‍ ശബ്ദംകേട്ടപ്പോള്‍ സമീപത്തെ കോഴിക്കടയില്‍ ജോലിചെയ്തിരുന്ന രണ്ടുപേര്‍ അവിടെയെത്തി. രാജേഷ് മാഞ്ചി അവിടെ കിടക്കുന്നതുകണ്ടു. ഇവര്‍ യുവാവിനെ പിടികൂടിയശേഷം അഫ്സലിനെ വിളിച്ചുണര്‍ത്തി. അഫ്സല്‍ പുറത്തുവന്നശേഷം, തൊട്ടടുത്ത് താമസിക്കുന്ന രണ്ടു സഹോദരങ്ങളും അവിടെയത്തി. ഇവിടെ വരാനുള്ള കാരണമന്വേഷിച്ചും കള്ളനാണെന്നാരോപിച്ചും എല്ലാവരുംചേര്‍ന്ന് മര്‍ദനം തുടങ്ങി.
ഇവര്‍ ഫോണിലൂടെ വിളിച്ചുവരുത്തിയവരും അറിഞ്ഞെത്തിയ സമീപവാസികളുമെല്ലാം രാജേഷിനെ മര്‍ദിച്ചു. കൈയും കാലും ഉപയോഗിച്ചും പ്ലാസ്റ്റിക് പൈപ്പുകൊണ്ടും മാവിന്‍കമ്പുകൊണ്ടുമെല്ലാമായിരുന്നു മര്‍ദ്ദനം. യുവാവിന്റെ കൈകള്‍ പിറകോട്ടുകെട്ടിയിരുന്നു. പുലര്‍ച്ചെ രണ്ടരവരെ മരദനം തുടര്‍ന്നു. ഹിന്ദി അറിയാവുന്ന, പ്രദേശത്ത് താമസിക്കുന്ന ഒരു അതിഥിത്തൊഴിലാളിയെ ഇതിനിടെ വരുത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു.
കൊടിയ മര്‍ദനത്തെത്തുടര്‍ന്ന് അനക്കമില്ലാതായതോടെ മാഞ്ചിയെ 50 മീറ്ററോളം വലിച്ചിഴച്ച് തൊട്ടടുത്തുള്ള അങ്ങാടിയില്‍ കൊണ്ടുവന്നിരുത്തി. പ്രദേശത്തെ പൊതുപ്രവര്‍ത്തകനായ അന്‍വറിന്റെ വീട്ടിലെത്തി സംഭവം അറിയിച്ചു. അന്‍വര്‍ അടുത്തുതാമസിക്കുന്ന പ്രജീഷ് എന്ന പോലീസ് ഉദ്യോഗസ്ഥനെ അറിയിച്ചു. ഇരുവരും സ്ഥലത്തെത്തി യുവാവിനെ കണ്ടപ്പോള്‍ത്തന്നെ മരിച്ചിട്ടുണ്ടാകാമെന്നു സംശയംതോന്നി. കൊണ്ടോട്ടി പോലീസിന്റെ രാത്രി പട്രോളിങ് സംഘത്തെ അറിയിച്ചു. 108 ആംബുലന്‍സും വിളിച്ചുവരുത്തി. കൊണ്ടോട്ടിയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു.
ശരീരത്തിലേറ്റ നിരവധി പരിക്കുകളാണ് മരണകാരണമെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിലയിരുത്തല്‍. രാജേഷ് മാഞ്ചിയുടെ നെഞ്ചിലും മുതുകിലും വയറ്റിലുമെല്ലാം കൊടിയ മര്‍ദനമേറ്റിട്ടുണ്ട്. വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ട്.മോഷണത്തിനാണ് രാജേഷ് മാഞ്ചി സ്ഥലത്തെത്തിയതെന്നു പോലീസ് സംശയിക്കുന്നുണ്ട്. ഇയാള്‍ ഇവിടെയത്തിയതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
മൂന്നുമണിക്കൂറിനുള്ളിൽ പ്രധാന പ്രതികളെല്ലാം പിടിയിൽ
കിഴിശ്ശേരി: അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാന പ്രതികളെയെല്ലാം സംഭവം നടന്ന് മൂന്നുമണിക്കൂറിനുള്ളിൽ പിടികൂടാൻ പോലീസിനു കഴിഞ്ഞു.
ശനിയാഴ്‌ച പുലർച്ചെതന്നെ പോലീസ് നടത്തിയ നീക്കങ്ങളാണു വിജയംകണ്ടത്. പ്രതികൾക്ക് ഒളിവിൽപ്പോകാൻ ഒരവസരവുംനൽകാതെ പോലീസ് ജാഗ്രതപുലർത്തി. ബിഹാർ ഈസ്റ്റ് ചെമ്പാരൻ ജില്ലയിലെ മാധവ്പുർ കേഷോ സ്വദേശി സോണ്ടർ മാഞ്ചിയുടെ മകൻ രാജേഷ് മാഞ്ചി(36)യാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുനിന്ന് അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കൊണ്ടോട്ടി സ്റ്റേഷനിലെ നൈറ്റ്പട്രോൾ സംഘത്തിന് യുവാവ് മരിച്ചിട്ടുണ്ടാകാമെന്നു സംശയമുയർന്നിരുന്നു. രാജേഷുമായി ഒരു സംഘം ആശുപത്രിയിലേക്കു പോയപ്പോൾത്തന്നെ കൂടുതൽ പോലീസുകാരെ സ്ഥലത്തെത്തിക്കുകയുംചെയ്തു. യുവാവ് മരിച്ചതായി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സ്ഥിരീകരിച്ചതോടെ പ്രതികളെ പിടികൂടാൻ പോലീസ് നീക്കംതുടങ്ങി. സംഭവസ്ഥലത്ത് കൂടിയിരുന്നവരുടെ ഫോട്ടോ പോലീസ് മൊബൈലിൽ പകർത്തിയിരുന്നു. ഇതുപയോഗിച്ച് ആളുകളുടെ വിവരം ശേഖരിച്ചു. യുവാവിൽനിന്ന് വിവരങ്ങൾ ചോദിച്ചറിയാൻ നാട്ടുകാർ വിളിച്ചുവരുത്തിയ ഹിന്ദി അറിയാവുന്ന അതിഥിത്തൊഴിലാളിയെയും കണ്ടെത്തി വിവരങ്ങൾ ശേഖരിച്ചു.
രാജേഷിനെ മർദിച്ചവരെ തിരിച്ചറിഞ്ഞതോടെ ഇവരുടെ വീടുകളിലെത്തി പിടികൂടുകയായിരുന്നു. മൊബൈൽഫോണുകളും കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യാൻ വിളിപ്പിക്കുകയാണെന്നറിയിച്ചാണ് ഇവരെ സ്റ്റേഷനിലെത്തിച്ചത്. ശനിയാഴ്‌ച പുലർച്ചെതന്നെ 14 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ പങ്കില്ലെന്നുകണ്ട് ഏഴുപേരെ മൊഴിയെടുത്ത് വിട്ടു. അറസ്റ്റുചെയ്തവരിൽ രണ്ടുപേരുടെ മൊബൈൽഫോണുകളിൽനിന്ന് അക്രമണംസംബന്ധിച്ച ചിത്രങ്ങൾ ലഭിച്ചു. കൂടുതൽപേർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നെങ്കിലും പോലീസ് അന്വേഷണം ഭയന്ന് മായ്ച്ചിരുന്നു. ഇവ തിരിച്ചെടുക്കാനുള്ള ശ്രമം പോലീസ് തുടങ്ങി.
മർദനമേറ്റു തളർന്നുകിടക്കുന്ന രാജേഷിന്റെ ചിത്രം മൊബൈലിൽനിന്നു ലഭിച്ചതായി പോലീസ് പറഞ്ഞു. ഇത് ആക്രമണം സംബന്ധിച്ച് പോലീസിനു വലിയ തെളിവായി. മർദനം നടന്ന സമയവും മറ്റും കൃത്യമായി മനസ്സിലാക്കാനും കഴിഞ്ഞു. മർദനത്തിൽ ഓരോരുത്തരുടെ പങ്കും കൃത്യമായി മനസ്സിലാക്കാനുമായി. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കാനും പോലീസ് ശ്രമം നടത്തിയിരുന്നു. ഇതിനിടെ തെളിവുനശിപ്പിക്കുന്നതിന് സി.സി.ടി.വി.യുടെ ഡി.വി.ആർ. സൈനുൽ ആബിദ് മാറ്റി. ഇതും പോലീസ് കണ്ടെത്തിയതോടെ ഞായറാഴ്‌ച രാവിലെ സൈനുൽ ആബിദിനെയും കസ്റ്റഡിയിലെടുത്തു.
അഞ്ചുപേരെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
കിഴിശ്ശേരി : അതിഥിത്തൊഴിലാളിയായ രാജേഷ് മാഞ്ചിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എട്ടുപേരില്‍ അഞ്ചുപേരെ സംഭവസ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പുനടത്തി.
ഒന്നാംമൈല്‍ സ്വദേശികളും സഹോദരങ്ങളുമായ വരുവള്ളി പിലാക്കല്‍ മുഹമ്മദ് അഫ്‌സല്‍, ഫാസില്‍, ഷറഫുദ്ദീന്‍, തേര്‍ത്തൊടി അബ്ദുസമദ്, ചെവിട്ടാണിപ്പറമ്പ് ഹബീബ് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രാജേഷിനെ കണ്ട ഒന്നാംമൈലിലെ വീട്ടുപരിസരത്തും ആള്‍ക്കൂട്ടം കെട്ടിയിട്ടുമര്‍ദിച്ച കിഴിശ്ശേരി-തവനൂര്‍ റോഡരികിലും മൃതപ്രായനായ രാജേഷിനെ റോഡരികില്‍ ഉപേക്ഷിച്ച സ്ഥലത്തും പ്രതികളെ എത്തിച്ച് പ്രത്യേക അന്വേഷണസംഘം തെളിവെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിനാരംഭിച്ച തെളിവെടുപ്പ് രണ്ടരയോടെ പൂര്‍ത്തിയായി. ഇവര്‍ അഞ്ചുപേരാണ് രാജേഷ് മാഞ്ചിയെ അതിക്രൂരമായി മര്‍ദിച്ചതെന്നു പോലീസ് കണ്ടെത്തി. മാവിന്‍കമ്പ്, പട്ടികയുടെ കഷണം, പ്ലാസ്റ്റിക് പൈപ്പ് എന്നിവ ഉപയോഗിച്ച് പുലര്‍ച്ചെ 12.15 മുതല്‍ 2.30 വരെ കൊടിയ മര്‍ദനമാണ് യുവാവിന് ഏല്‍ക്കേണ്ടിവന്നത്. പ്രതികളില്‍ മൂന്നുപേര്‍ കൈകള്‍കൊണ്ടും കാലുകള്‍കൊണ്ടുമാണ് രാജേഷിനെ കെട്ടിയിട്ടു മര്‍ദിച്ചത്.
ഒരാള്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ നശിപ്പിക്കാനും കൊല്ലപ്പെട്ട രാജേഷിന്റെ വസ്ത്രങ്ങള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലര്‍ച്ചെ യുവാവിനെ കണ്ട സ്ഥലവും യുവാവ് ടെറസില്‍നിന്നു വീണെന്ന് പ്രതികളും വീട്ടുകാരും മൊഴിയില്‍പറഞ്ഞ ഭാഗവും കെട്ടിയിട്ടുമര്‍ദിച്ച സ്ഥലവും വലിച്ചഴിച്ച വസ്ത്രങ്ങളും പ്രതികള്‍ കാണിച്ചുകൊടുത്തു. അടിക്കാനുപയോഗിച്ച വടികളും പട്ടികയുടെ കഷണവും പ്ലാസ്റ്റിക് പൈപ്പും മരിച്ച രാജേഷിന്റെ വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. തെളിവെടുപ്പിനായി പ്രതികളെ എത്തിക്കുന്ന വിവരമറിഞ്ഞ് ഏറെപ്പേരാണ് പ്രദേശത്തു തടിച്ചുകൂടിയത്. പൊതുജനങ്ങളെ സംഭവസ്ഥലത്തേക്ക് അടുക്കാനോ പ്രതികളെ കാണാനോ പോലീസ് അനുവദിച്ചില്ല. പ്രതികളെ ഓരോരുത്തരെയായി വാഹനത്തില്‍നിന്ന് ഇറക്കിയായിരുന്നു തെളിവെടുപ്പ്.
Discussion about this post