ന്യൂഡൽഹി: അത്യധുനിക സൗകര്യത്തൊടെ നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരം ഈ മാസാവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് സൂചന. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ജനകീയ സർക്കാർ അധികാരത്തിൽ എത്തിയതിന്റെ ഒമ്പതാം വാർഷികം ഈ മാസം 29നാണ്. ഇതിനോട് ചേർന്ന് ഉദ്ഘാടനം നടത്തുമെന്നാണ് പുറത്ത് വരുന്ന വിവരം.
2020 ഡിസംബറിലാണ് പ്രധാനമന്ത്രി കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. 65,000 ചതുരശ്ര മീറ്ററിൽ 970 കോടി രൂപ ചെലവഴിച്ചാണ് മന്ദിരത്തിന്റെ പണിപൂർത്തീകരിച്ചത്. പുതിയ പാർലമന്റ് മന്ദിരത്തിൽ ലോക്‌സഭയുടെയും രാജ്യസഭയുടെയും പ്രവർത്തനത്തിനായി രണ്ട് വലിയ ഹാളുകൾ ഉണ്ട്. കൂടാതെ ഗ്രന്ഥശാല, നിയമനിർമ്മാണ സഭാംഗങ്ങൾക്കുളള ഓഫീസുകളും യോഗങ്ങൾക്കുള്ള മുറികളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ അത്യാധുനിക ഭരണഘടനാ ഹാളുമുണ്ട്.
ആദ്യ മോദി സർക്കാർ 2014 മേയ് 26 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നരേന്ദ്രമോദി അധികാരത്തിൽ എത്തിയിട്ട് ഒൻപത് വർഷങ്ങൾ പിന്നിട്ടതിന്റെ ആഘോഷങ്ങൾ വിപുലമാക്കാൻ ബിജെപി പ്രവർത്തകരും ഒരുങ്ങിക്കഴിഞ്ഞു. മെയ് 30 മുതൽ ജൂൺ 30 വരെയാണ് വിവിധ ആഘോഷ പരിപാടികൾ നടത്തുന്നത്.
Discussion about this post