കൊല്‍ക്കത്ത: സ്‌കൂള്‍ നിയമന അഴിമതിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ അഭിഷേക് ബാനര്‍ജിയെ സിബിഐക്കും ഇഡിക്കും ചോദ്യം ചെയ്യാം. ചോദ്യം ചെയ്യുന്നതില്‍നിന്ന് ഏജന്‍സികളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. ചോദ്യം ചെയ്യുന്നതിന് കോടതി നല്കിയ അനുമതിക്കെതിരെ ഹര്‍ജി നല്കിയ അഭിഷേക് കോടതിയുടെ സമയം പാഴാക്കിയതിന് 25 ലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അമൃത സിന്‍ഹ ഉത്തരവിട്ടു.
സ്‌കൂള്‍ നിയമന അഴിമതിയില്‍ തന്നെ ഉള്‍പ്പെടുത്താന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ പരിശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് അഭിഷേക് ബാനര്‍ജി ഹൈക്കോടതിയെ സമീപിച്ചത്. പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക-അനധ്യാപക ജീവനക്കാരെ നിയമിച്ചതിലെ ക്രമക്കേട് സംബന്ധിച്ച കേസില്‍ തന്നെയും കുന്തല്‍ ഘോഷിനെയും ചോദ്യം ചെയ്യാന്‍ സിബിഐക്കും ഇ ഡിക്കും അനുവാദം നല്‍കിയ ഹൈക്കോടതിയുടെ ഏപ്രില്‍ 13ലെ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയുടെ ഉത്തരവിനെയാണ് അഭിഷേക് ചോദ്യം ചെയ്തത്.
2016-ല്‍ പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് പ്രൈമറി എജ്യുക്കേഷന്‍ റിക്രൂട്ട് ചെയ്ത 36,000 അനധികൃത അധ്യാപകരുടെ നിയമനം 12ന് കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയിരുന്നു. മുഴുവന്‍ നിയമന പ്രക്രിയയും ബോര്‍ഡ് നടത്തിയത് ഒരു ലോക്കല്‍ ക്ലബിന്റെ കാര്യം പോലെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പണമുള്ളവര്‍ക്ക് അധ്യാപനജോലി വില്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പശ്ചിമ ബംഗാളില്‍ ഇത്രയും വലിയ അഴിമതി ഇതാദ്യമാണ്. മുന്‍ വിദ്യാഭ്യാസ മന്ത്രിയും ബോര്‍ഡ് മുന്‍ പ്രസിഡന്റും ഇടനിലക്കാരും ഇപ്പോള്‍ ജയിലിലാണെന്നും സിബിഐ, ഇ ഡി അന്വേഷണം ശരിയായ രീതിയില്‍ പൂര്‍ണമാകണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തോട്
സഹകരിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി അഭിഷേക് ബാനര്‍ജിയോട് നിര്‍ദേശിച്ചു എന്തിനാണ് പ്രശ്നമുണ്ടാക്കുന്നത്? അന്വേഷണവുമായി സഹകരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്, ആരും അന്വേഷണത്തിന് അതീതരല്ല. നിങ്ങളെ വിഷമിപ്പിക്കുന്നത് എന്താണെന്ന് പറയൂ? അഭിഷേക് ബാനര്‍ജിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു.
അന്വേഷണത്തിനിടയില്‍ നിരവധി പേരുകള്‍ ഉയര്‍ന്നുവന്നേക്കാം. എന്നാല്‍ ഓരോ വ്യക്തിക്കും ചോദ്യം ചെയ്യുന്നതിന് നോട്ടീസ് നല്‍കണമെന്ന് ഇതിനര്‍ത്ഥമില്ല. അന്വേഷണവുമായി സഹകരിക്കുക മാത്രമാണ് ആ വ്യക്തി ചെയ്യേണ്ടത്. ഭയപ്പെടുന്നതെന്തിനാണ്? ഒരു പ്രസംഗത്തിനെതിരെയല്ലേ അന്വേഷണം. അവര്‍ മുന്നോട്ട് പോകട്ടെ, കോടതി പറഞ്ഞു.
അതേസമയം കോടതിയില്‍ വിശ്വാസമുണ്ടെന്നും അന്വേഷണങ്ങളുമായി സഹകരിക്കുമെന്നും ദുംഗാര്‍പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അഭിഷേക് ബാനര്‍ജി പ്രതികരിച്ചു.
Discussion about this post