അഹമ്മദാബാദ്: ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനയായ രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് ദേശീയ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
കേരളത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ഡിഎ അനുവദിക്കാത്തതും ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ കുടിശ്ശികകള്‍ തടഞ്ഞുവച്ചതും കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വഞ്ചനയാണ് കാണിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന യോഗത്തില്‍ അഖിലേന്ത്യാ പ്രസിഡന്റ് വിപിന്‍കുമാര്‍ ധോഗ്ര അധ്യക്ഷത വഹിച്ചു. ഗുജറാത്ത് മുന്‍ ആഭൃന്തര മന്ത്രി ഗോവര്‍ദ്ധന്‍ ജടോപിയ ഉദ്ഘാടനം ചെയ്തു. ഗാന്ധിനഗര്‍ മേയര്‍ ഹിതേഷ് മക്ക്വാന വിശിഷ്ടാതിഥിയായി. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വിഷ്ണുപ്രസാദ് വര്‍മ്മ, ട്രഷറര്‍ അമോദ് ശ്രീവാസ്തവ എന്നിവര്‍ സംസാരിച്ചു.
കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫെറ്റോ സംഘടനകള്‍ക്ക് ദേശീയതലത്തില്‍ അംഗീകാരം നല്‍കുന്നതിന്റെ ഭാഗമായി ആര്‍ആര്‍കെഎംഎസില്‍ ഫെറ്റോയ്ക്ക് അംഗത്വം നല്‍കി. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വിഷ്ണു പ്രസാദ് വര്‍മ്മയില്‍ നിന്ന് അംഗത്വം ഏറ്റുവാങ്ങി. കേരളത്തില്‍ നിന്ന് ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പി. സുനില്‍കുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ്, ജനറല്‍ സെക്രട്ടറി എ. പ്രകാശ് എന്നിവര്‍ ദേശീയ സമിതിയില്‍ പങ്കെടുത്തു.
Discussion about this post