ഗാന്ധിനഗര്‍ : മൂന്നാമത് ജി20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും (എഫ്എംസിബിജി) യോഗം ഗാന്ധിനഗറില്‍ ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ആര്‍ബിഐ ഗവര്‍ണര്‍ ഡോ. ശക്തികാന്ത ദാസും സംയുക്തമായാണ് യോഗത്തിന് നേതൃത്വം നല്‍കുന്നത്.
ഭക്ഷ്യ-ഊര്‍ജ്ജ അരക്ഷിതാവസ്ഥ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാന്‍ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തണമെന്ന് ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീമതി സീതാരാമന്‍ പറഞ്ഞു. ആഗോള സാമ്പത്തിക വളര്‍ച്ച താഴ്ന്ന നിലയില്‍ തുടരുന്നതിനാല്‍, സുസ്ഥിരവും സന്തുലിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ച ഉറപ്പാക്കാന്‍ ഏകോപിതമായ അന്താരാഷ്ട്ര ശ്രമങ്ങള്‍ ആവശ്യമാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
അഞ്ച് വിഷയങ്ങളിലായാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചിട്ടുളളത്. ആഗോള ആരോഗ്യം, സുസ്ഥിര സാമ്പത്തികവും അടിസ്ഥാന സൗകര്യങ്ങളും ആഗോള സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ ചര്‍ച്ചകള്‍. ജി20 അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരും ക്ഷണിക്കപ്പെട്ട രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനാ മേധാവികളും ഉള്‍പ്പെടെ 500-ഓളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എഫ്എംസിബിജി യോഗത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമനും യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും ഗാന്ധിനഗറില്‍ സംയുക്ത പ്രസ്താവന നടത്തി.
Discussion about this post