തിരുവനന്തപുരം: ‘കേരള’ എന്നുള്ളത് ‘കേരളം’ എന്നാക്കി മാറ്റാനുള്ള പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയമാണ് നിയമസഭ ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. തുടർന്ന് ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ആവശ്യപ്പെട്ടു.
പ്രമേയം പാസാക്കിയതോടെ ‘കേരള’ എന്നുള്ളത് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.
നിലവിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. നടപ്പ് സമ്മേളനം നാളെ പിരിയുന്നതോടെ വീണ്ടും സഭ ചേരുന്നത് സെപ്റ്റംബർ 11 മുതൽ 14 വരെയായിരിക്കും. രാവിലെ ചേർന്ന കാര്യോപദേശക സമിതിയാണ് സഭ സമ്മേളനം വെട്ടിചുരുക്കാൻ തീരുമാനിച്ചത്. നേരത്തെ ഈ മാസം 24 വരെ സഭ ചേരാനായിരുന്നു തീരുമാനം.
Discussion about this post