ലഖ്‌നൗ: സാമാജിക ഏകതയ്ക്കുവേണ്ടിയുള്ള മുന്നേറ്റത്തില്‍ ഒരേ ദിശയില്‍ സഞ്ചരിച്ചവരാണ് ശ്രീബുദ്ധനും സ്വാമി വിവേകാനന്ദനുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍. സനാതനധര്‍മ്മത്തിന്റെ അടിസ്ഥാന ഭാവമായ ആര്‍ദ്രതയും കരുണയും രണ്ടുപേരെയും വിവേചനങ്ങള്‍ക്കെതിരായ പോരാട്ടത്തിലേക്ക് നയിച്ചു. സ്വാമി വിവേകാനന്ദനില്‍ ശ്രീബുദ്ധന് ആഴത്തിലുള്ള സ്വാധീനമുണ്ടായിരുന്നു, മന്ത്രി പറഞ്ഞു. സമരസതാ ഗതിവിധി ദേശീയ സംയോജക് കെ. ശ്യാം പ്രസാദ് രചിച്ച സമാനതാ കേ പ്രതീക് ബുദ്ധ് ഔര്‍ വിവേകാനന്ദ് എന്ന പുസ്തകം ഗോമതിനഗറിലെ പര്യടന്‍ ഭവന്‍ ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കൗശല്‍ കിഷോര്‍.
സാമാജിക ഏകത നടപ്പാകണമെങ്കില്‍ ജാതിഭേദം അകലണം. ജാതിസൂചകമായ വാക്കുകള്‍ ഒഴിവാക്കണം.. മഹാത്മാ ബുദ്ധനും സ്വാമി വിവേകാനന്ദനും അവരുടെ പേരുകള്‍ക്ക് മുമ്പ് ജാതി എഴുതിയിട്ടില്ല. വ്യത്യസ്ത കാലഘട്ടങ്ങളിലും പാരമ്പര്യങ്ങളിലും പിറന്നവരാണെങ്കിലും രണ്ട് ആചാര്യന്മാരും നിരവധി സാമ്യങ്ങളുണ്ട്. ബുദ്ധനും വിവേകാനന്ദനും സമത്വത്തിന്റെ ഏറ്റവും മികച്ച പ്രതീകങ്ങളാണ്. ആയിരങ്ങളെ ആകര്‍ഷിക്കുന്ന പ്രഭാഷണചാതുരിക്ക് ഉടമകളായിരുന്നു. രണ്ടുപേരും ഭാരതത്തിന്റെ ഉന്നമനത്തിനും അതുവഴി ലോകക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചു.
സമാമാജിക സമരസതയുടെ വഴിയില്‍ സഞ്ചരിക്കാന്‍ ബുദ്ധന്റെയും വിവേകാനന്ദന്റെയും ജീവിത പാഠം ഉപകരിക്കും. സമത്വം അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പായാലേ രാഷ്ട്രം വികസിക്കൂ. അതുകൊണ്ട് ശ്രീബുദ്ധന്റെയും സ്വാമി വിവേകാനന്ദന്റെയും ലോകമെമ്പാടുമുള്ള അനുയായികളും ഭാരതത്തിന്റെ വികസനത്തിനും സമൂഹത്തിന്റെ സമത്വത്തിനും ഹിന്ദുധര്‍മ്മത്തിന്റെ സംരക്ഷണത്തിനും ലോകക്ഷേമത്തിനും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ബുദ്ധന്റെയും വിവേകാനന്ദന്റെയും ദര്‍ശനങ്ങള്‍ ജീവിതത്തില്‍ ഉള്‍ക്കൊള്ളണ്ടതുണ്ടെന്ന് ഗ്രന്ഥരചന നിര്‍വഹിച്ച കെ. ശ്യാംപ്രസാദ് പറഞ്ഞു. ശ്രീബുദ്ധനും സ്വാമി വിവേകാനന്ദനും സമൂഹത്തില്‍ ഉച്ചനീചത്വം ഇല്ലാതാക്കാന്‍ പ്രയത്‌നിച്ചവരാണെന്ന് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച ആര്‍എസ്എസ്് ക്ഷേത്ര സഹ സഹസംഘചാലക് രാംകുമാര്‍ വര്‍മ പറഞ്ഞു.
രണ്ടു മഹാന്മാരുടെയും ലക്ഷ്യം ഒന്നുതന്നെയായിരുന്നു. ഹിന്ദുത്വത്തിന്റെ ആത്മാവുള്‍ക്കൊള്ളുമ്പോള്‍ സമത്വവും സൗഹാര്‍ദവും പ്രാവര്‍ത്തികമാകും. ഹിന്ദു സമൂഹത്തില്‍ ഐക്യം ഉണ്ടാകണം. സംഘടിതമല്ലാത്ത സമാജത്തിന് സംയോജിപ്പിക്കാനുള്ള കരുത്തുണ്ടാവില്ല. സശക്തമായ ഒരു സമൂഹത്തെ സംഘടിപ്പിക്കണമെങ്കില്‍ സാമൂഹിക ഐക്യം ഉണ്ടായേ മതിയാകൂ എന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post