തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദന്റെ നിര്യാണത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ അനുശോചനം രേഖപ്പെടുത്തി. പി.പി.മുകുന്ദന്റെ വിയോഗം വ്യക്തിപരമായും സംഘടനപരമായും വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത് എന്ന് വി.മുരളീധരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ ഏറ്റവും നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള നേതാവിനെയാണ് നഷ്ടമാകുന്നത്. നിലപാടിൽ കാർക്കശ്യവും സ്വഭാവത്തിൽ സൗമ്യതയും ചേർത്തുവച്ച പൊതുപ്രവർത്തകൻ ആയിരുന്നു അദ്ദേഹം. എതിരാളികൾ രാഷ്‌ട്രീയ ശത്രുക്കളല്ല, രാഷ്‌ട്രീയ പ്രതിയോഗികളാണെന്ന് എന്നും ഓർമിപ്പിച്ചിട്ടുള്ള പി.പി. മുകുന്ദൻ പൊതുപ്രവർത്തകർക്ക് എന്നും മാതൃകയാക്കവുന്ന വ്യക്തിത്വം എന്നും മന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വി. മുരളീധരൻ പറഞ്ഞു.
കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടയിലായിരുന്നു പിപി മുകുന്ദന്റെ വിയോഗം. കേരള രാഷ്‌ട്രീയത്തിലെ അതികായനായിരുന്നു പി.പി മുകന്ദൻ. ബിജെപി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയും മുതിർന്ന ആർഎസ്എസ് പ്രചാരകനുമായിരുന്നു. ദീർഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു പി.പി മുകുന്ദൻ. ബിജെപിയെ ദീർഘകാലം സംഘടാന തലത്തിൽ ശക്തമാക്കിയ നേതാവാണ്.
Discussion about this post